കോവിഡ് വാക്സിനെടുത്ത പത്തുകുട്ടികളെങ്കിലും മരണമടഞ്ഞതായി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്‍.ഡി.എ). വാക്സിന്‍ വിഭാഗം ഡയറക്ടര്‍ ഡോ. വിനയ് പ്രസാദ് ജീവനക്കാര്‍ക്ക് അയച്ച മെമ്മോയിലാണ് ഇക്കാര്യമുള്ളത്. ഈ മരണങ്ങള്‍ മയോകാർഡിറ്റിസ് എന്ന ഹൃദയപേശികളുടെ വീക്കം കാരണമാകാം എന്നും അദ്ദേഹം സൂചിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
കോവിഡ് വാക്സിനുകള്‍ കുട്ടികളുടെ ജീവനെടുത്തു എന്ന് യു.എസ് എഫ്ഡിഎ ആദ്യമായി സമ്മതിക്കാന്‍ പോകുന്നു എന്ന് ഡോ. പ്രസാദ് പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട ചെയ്തു. കുട്ടികളുടെ പ്രായമോ, ആരോഗ്യ സ്ഥിതിയോ വാക്സിനും മരണവും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ ഉപയോഗിച്ച രീതിയോ മെമ്മോയില്‍ വ്യക്തമാക്കുന്നില്ല. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഹെല്‍ത്ത് ആന്‍ഡ് ഹ്യൂമണ്‍ സര്‍വീസിന് കീഴിലുള്ള ഫെഡറല്‍ ഏജന്‍സിയാണ് എഫ്ഡിഎ.
നിലവില്‍ യു.എസില്‍ 65 വയസും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ആരോഗ്യപ്രശ്നമുള്ളവര്‍ക്കും മാത്രമാണ് വാക്സിന്‍ നല്‍കുന്നത്. അതേസമയം ഡോ. വിനയ് പ്രസാദിനെ വിമര്‍ശിച്ച് ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തി. മെമ്മോയില്‍ കാര്യമായ വിവരങ്ങളില്ലെന്നും ഫിലാഡല്‍ഫിയയിലെ കുട്ടികളുടെ ആശുപത്രിയിലെ വാക്സിന്‍ വിദഗ്ധനായ ഡോ. പോള്‍ ഓഫിറ്റ് പറഞ്ഞു. വാക്സിനെടുത്ത ശേഷം മയോകാർഡിറ്റിസ് രോഗമുണ്ടായ കുട്ടികളെ ചികിത്സിച്ചിരുന്നതായും പെട്ടന്ന് സുഖപ്പെട്ടതായും അദ്ദേഹം പറഞ്ഞു.