അയ്യേ മൂക്കൊലിക്കുന്നു.... ബ്വാ. ഈ വാക്ക് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. പൊട്ടിയ ഡാമുപോലെ കുത്തിയൊലിച്ച് വരുന്ന മൂക്കള അപമാനഭാരത്തിന്‍റെ ബാഡ്ജ് പോലെ മുഖത്തണിഞ്ഞ ഒരു കുട്ടിക്കാലം നമുക്കെല്ലാമുണ്ടായിട്ടുണ്ട്. അപ്രതീക്ഷിതമായി വന്ന മൂക്കലിപ്പിനെ ടവല്‍ പോലുമില്ലാതെ, തടയാനാകാതെ വിയര്‍ത്ത, വളര്‍ന്ന കാലവുമുണ്ടായിരിക്കാം. എന്നാല്‍ മൂക്കളയെ അയ്യേ എന്ന് പറഞ്ഞ് ചുമ്മാ ചീറ്റിക്കളഞ്ഞാല്‍ മാത്രം പോര, ശരിക്കും ശ്രദ്ധിക്കണം. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് പലതും മൂക്കളയ്ക്ക് നിങ്ങളോട് പറയാനുണ്ടായിരിക്കും.
നാസാദ്വാരം, അഥവാ മൂക്ക് ശ്വസനം എന്നത് കൂടാതെ ഗന്ധങ്ങള്‍ തിരിച്ചറിയുക, ശരീര താപനില നിയന്ത്രിക്കുക എന്നതടക്കം നിരവധി സുപ്രധാനമായ കാര്യങ്ങള്‍ മനുഷ്യശരീരങ്ങള്‍ക്കായി ചെയ്തുനല്‍കുന്നുണ്ട്. ശ്വാസകോശവുമായി ഡയറക്റ്റ് ബന്ധമുണ്ടെന്നതിനാല്‍ മൂക്കിനെ അപകടകാരികളായ സൂക്ഷ്മജീവികള്‍ ശരീരത്തിനകത്തേക്ക് കടക്കാനുള്ള എക്സ്പ്രസ് ഹൈവേയുടെ തുടക്കമായാണ് കാണാറുള്ളത്. എന്നാല്‍ ഈ ഹൈവേയിലെ പ്രധാന സുരക്ഷാ ജീവനക്കാരിലൊരാളാണ് നമ്മുടെ കഥാനായകനായ മൂക്കള.
ബാക്റ്റീരിയ, വൈറസ്, പൊടി, അലര്‍ജിക്ക് കാരണമായേക്കാവുന്ന പൂമ്പൊടി എന്നിവയടക്കം നിരവധി വസ്തുക്കളെ മൂക്കിനകം വഴി ശരീരത്തിലെത്തുന്നത് തടയാന്‍ മൂക്കളയ്ക്ക് സാധിക്കും. മൂക്കളയില്‍ ഒട്ടുന്ന വസ്തുക്കളെയടക്കം പിന്നീട് കട്ടയാക്കി പുറത്തേക്ക് തള്ളുകയും ചെയ്യും. മൂക്കിനെ ശ്വസനത്തിന്‍റെ സുഖമമായ പ്രവര്‍ത്തനത്തിനായി നയിക്കുകയും മൂക്കളയുടെ ധര്‍മമാണ്.
ഒഴുകി വരുന്ന മൂക്കളയുടെ നിറം നോക്കി ഏകദേശരോഗത്തെ തന്നെ നിര്‍ണയിക്കാം. വെള്ളത്തിന്‍റെ പോലെതന്നെ സുതാര്യമായി വരുന്ന മൂക്കളയാണെങ്കില്‍ മൂക്കിനെ ഇറിറ്റേറ്റ് ചെയ്യുന്ന എന്തോ ഒന്ന് അകത്ത് കയറിയിട്ടുണ്ടെന്ന് ഊഹിക്കാം. ഇത് പൊടിയോ അലര്‍ജിക്ക് കാരണമായേക്കാവുന്ന എന്തെങ്കിലുമോ ആയേക്കാം. എന്നാല്‍ സുതാര്യമായ നിറം മാറി വെള്ള നിറത്തിലാണ് മൂക്കളയെങ്കില്‍ കാര്യം കുറച്ചുകൂടി സീരിയസാണ്. മൂക്കിനകത്തേക്ക് വൈറസുകളോ ബാക്റ്റീരിയകളോ മറ്റ് സൂക്ഷ്മജീവികളെോ കയറിയേക്കാമെന്നും ഇതിനെ തടയാന്‍ ശ്വേതരക്താണുക്കള്‍ അഥവാ വെളുത്ത രക്താണുക്കള്‍ പണി തുടങ്ങിയിട്ടുണ്ടെന്ന് വേണം കരുതാന്‍. വെളുത്ത രക്താണുക്കളുടെ അതിപ്രസരത്തിന്‍റെ നിറമാണ് മൂക്കളയുടെ വെള്ള നിറത്തിന് കാരണം.
മൂക്കള മഞ്ഞയോ പച്ചയോ കലര്‍ന്ന നിറമാകുമ്പോള്‍ കരുതല്‍ വേണം. മൂക്കിനികത്ത് കയറിയ വസ്തു ലേശം അപകടകാരിയാണ്, അകത്ത് ശരീരത്തിനായി ശ്വേതരക്താണുക്കളുമായി ഒരു യുദ്ധം തന്നെ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ശ്വേതരക്താണുക്കളുടെ ചത്ത ശരീരങ്ങളാണ് മൂക്കളയ്ക്ക് ഈ നിറം നല്‍കുന്നത്. ഇനി ചുവന്ന അല്ലെങ്കില്‍ പിങ്കിഷ് നിറമാണ് മൂക്കളയ്ക്കെങ്കില്‍ മൂക്കിനകത്ത് ചെറിയ മുറിവുകളുണ്ടായിട്ടുണ്ടെന്നാണ് അര്‍ഥം. പലപ്പോഴും അമിതമായി മൂക്ക് ചീറ്റുന്നവര്‍ക്കാണ് ഇത്തരത്തില്‍ നിറം വരാറ്. ഇത്രയധികം മൂക്ക് ചീറ്റുന്നവരോട് പറയാനുള്ളത് ഇത്രയും ചീറ്റിയിട്ട് ഒരു കാര്യവുമില്ലെന്ന് തന്നെയാണ്. കാരണം ശരീരത്തിലെ അക്രമി സൂക്ഷ്മജീവികള്‍ പോകാതെ മൂക്കള കൂടുതലായി ഉല്‍പാദിപ്പിക്കുന്നത് ശരീരം നിര്‍ത്തില്ല. ഇത് കൂടാതെ മൂക്കളയില്‍ വന്‍തോതില്‍ ശരീരത്തിന് ഉപയോഗപ്രദമായ സുക്ഷ്മവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. മൂക്ക് അമിതമായി ചീറ്റുന്നത് ഇവയെ അനാവശ്യമായി ശരീരത്തില്‍ നിന്ന് ഒഴിവാക്കുന്നതിന് കാരണമായേക്കാം.