ayurveda-monsoon

TOPICS COVERED

കേരളത്തിൽ മഴക്കാലം എത്തുന്നതോടെ പനിയും പകർച്ചവ്യാധികളും തലപൊക്കുന്നത് പതിവാണ്. ആയുർവേദ പ്രകാരം മനുഷ്യശരീരത്തിലെ പ്രതിരോധശേഷി ഏറ്റവും കുറയുന്ന സമയമാണ് വർഷകാലം. അന്തരീക്ഷത്തിലെ പെട്ടെന്നുള്ള തണുപ്പും ഈർപ്പവും നമ്മുടെ ശരീരത്തിലെ 'അഗ്നി'യെ (ദഹനപ്രക്രിയയെ) മന്ദീഭവിപ്പിക്കുന്നു. ഇത് വാത-പിത്ത-കഫ ദോഷങ്ങളുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നതിനാലാണ് രോഗങ്ങൾ എളുപ്പത്തിൽ പിടിപെടുന്നത്. മഴക്കാലത്ത് രോഗങ്ങളെ പ്രതിരോധിക്കാനും ആരോഗ്യം നിലനിർത്താനും ആയുർവേദം നിർദേശിക്കുന്ന ചില ജീവിതശൈലികളുണ്ട്:

എന്ത് കഴിക്കണം

ayurveda-food

മഴക്കാലത്ത് ദഹനശേഷി കുറവായതിനാൽ ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. തണുത്തതോ പഴകിയതോ ആയ ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. എളുപ്പത്തിൽ ദഹിക്കുന്നതും ചൂടുള്ളതുമായ ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക.

മഴക്കാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയാൻ സാധ്യതയുള്ളതിനാല്‍ ദഹനശക്തി വർദ്ധിപ്പിക്കുന്നതിനും, വാതദോഷം നിയന്ത്രിക്കുന്നതിനുമായുള്ള ചിട്ടകളും ആഹാരശീലങ്ങളുമാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. ചെറുപയർ സൂപ്പ്, പുഴുങ്ങിയ പച്ചക്കറികൾ എന്നിവ കഴിക്കുന്നത് നല്ലതാണ്. പച്ചവെള്ളം നേരിട്ട് കുടിക്കുന്നത് മഴക്കാലത്ത് പൂർണമായി ഒഴിവാക്കണം. ചുക്ക്, ജീരകം അല്ലെങ്കിൽ കരിങ്ങാലി എന്നിവയിട്ട് നന്നായി തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നത് ദഹനത്തിന് ഉത്തമമായിരിക്കും

 യോഗയോ ലഘുവായ വ്യായാമങ്ങളോ ശീലമാക്കുക. ദഹനം സുഗമമാക്കാനും ശരീരത്തിന് ഉന്മേഷം നൽകാനും ലഘുഭക്ഷണങ്ങളോ ഔഷധക്കഞ്ഞിയോ (കർക്കടകക്കഞ്ഞി) മഴക്കാലത്ത് കഴിക്കുന്നത് ഉത്തമമാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കും.

karkadakakanji

ഒഴിവാക്കേണ്ടവ

ചില ഭക്ഷണങ്ങളും ശീലങ്ങളും മഴക്കാലത്ത് രോഗസാധ്യത വർദ്ധിപ്പിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ദഹിക്കാൻ പ്രയാസമുള്ള കിഴങ്ങുവർഗങ്ങൾ, തൈര്, അമിതമായി പുളിച്ചതും എണ്ണമയമുള്ളതുമായ ഭക്ഷണങ്ങൾ എന്നിവയ്ക്ക് മഴക്കാലത്ത് നിയന്ത്രണം വേണം. പകൽ സമയത്ത് ഉറങ്ങുന്ന ശീലം ആയുർവേദ പ്രകാരം ശരീരത്തിൽ കഫക്കെട്ടിനും ദഹനക്കേടിനും കാരണമാകും. അതിനാൽ പകലുറക്കം ഒഴിവാക്കുക. വർഷകാലത്ത് ശരീരത്തിലെ 'വാത' ദോഷം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതാണ് മഴക്കാലത്ത് പലരിലും സന്ധി വേദനകളും ശരീരവേദനകളും കൂടാൻ കാരണം. വാതദോഷത്തെ ശമിപ്പിക്കാൻ ശരീരത്തിൽ എണ്ണ തേച്ചുകുളിക്കുന്നത് (അഭ്യംഗം) വളരെ നല്ലതാണ്. ഇത് പേശികൾക്ക് ബലം നൽകുകയും ശരീരത്തിന് ചൂട് നിലനിർത്താൻ സഹായിക്കുകയും ചെയ്യും.

ayur-health

ശുചിത്വവും സുരക്ഷയും

മഴക്കാലത്ത് ശരീരത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കാന്‍ സാധ്യത കൂടുതലായതിനാല്‍ കൈകാലുകൾ എപ്പോഴും കഴുകി ഉണക്കി സൂക്ഷിക്കുക. മഴവെള്ളം നിരന്തരം തട്ടുന്നത് വഴി വരാവുന്ന ത്വഗ്‌രോഗങ്ങളെ (Fungal infections) തടയാൻ ഇത് സഹായിക്കും. മുറിക്കുള്ളിലെ ഈർപ്പവും കൊതുകുശല്യവും അകറ്റാൻ അഷ്ടചൂർണ്ണമോ ഗുൽഗുലുവോ(Commiphora wightii) വേപ്പിലയോ ഉപയോഗിച്ച് വീടും പരിസരവും പുകയ്ക്കുന്നത് അന്തരീക്ഷം ശുദ്ധമാക്കാൻ സഹായിക്കും.

ayurveda-choorna

വലിയ രോഗങ്ങൾ വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് വരാതെ സൂക്ഷിക്കുന്നതാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനും, ലളിതമായ ശീലങ്ങളിലൂടെ ആരോഗ്യം സംരക്ഷിക്കാനുമാണ് ആയുർവേദം നമ്മെ പഠിപ്പിക്കുന്നത്. ചെറിയ മുൻകരുതലുകളിലൂടെ ഈ മഴക്കാലം രോഗങ്ങളില്ലാതെ സുരക്ഷിതമായി നമുക്ക് കടന്നുപോകാം.

Ayurvedic Monsoon Health Tips for Kerala:

Ayurveda monsoon health tips emphasize the importance of dietary changes and lifestyle adjustments during the rainy season in Kerala. By following Ayurvedic principles for digestion and immunity, individuals can effectively prevent monsoon-related illnesses