rain-update-yellow-alert-kerala
  • 1901-ന് ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച വർഷങ്ങളിൽ ഏഴാം സ്ഥാനത്താണ് 2026; കാലവർഷത്തിലെ കുറവ് വൈദ്യുതി, കുടിവെള്ള പ്രതിസന്ധികൾ രൂക്ഷമാക്കി.

കാലവര്‍ഷമോ ചതിച്ചു. ഇനി തുലാമഴയെങ്കിലും കിട്ടുമോ? കേരളം ഉത്തരം കാത്തിരിക്കുകയാണ്. വരള്‍ച്ചക്ക് സമാനമായ മഴക്കുറവ്, വൈദ്യുതിക്ഷാമം ഇതെല്ലാമാണ് തെക്കുപടിഞ്ഞാറന്‍കാലവര്‍ഷം  ബാക്കിവെച്ചു പോയത്. 1901 ന് ശേഷം ഏറ്റവും മഴ കുറഞ്ഞ വര്‍ഷങ്ങളില്‍ ഏഴാം സ്ഥാനത്താണ് 2026. 

ഇടിയും മിന്നലും കാറ്റുമായി ഉച്ചതിരിഞ്ഞെത്തുന്ന മഴക്കാലമാണ് തുലാവര്‍ഷം എന്ന വടക്കുപടിഞ്ഞാറന്‍ കാലവര്‍ഷം. ഏതാനും സമയം കൊണ്ട കനത്തമഴപെയ്യും. ഇടിമിന്നലോടെയാണ് ഈ മഴയുടെ വരവ്. മലയോരപ്രദേശങ്ങളിലാണ് ഏറ്റവും ശക്തമായ മഴ കിട്ടുക 

കന്നിമാസം പിന്നിടാന്‍ ഇനിയും രണ്ടാഴ്ച ഉണ്ടെങ്കിലും കേരളത്തില്‍ തുലാമഴക്ക് സമാനമായ മഴ ലഭിച്ചു തുടങ്ങി. 18ാം തീയതിയാണ് തുലാം ഒന്ന്. സാധരണ ഒക്ടോബര്‍–നവംബര്‍ –ഡിസംബര്‍ മാസങ്ങളിലാണ് തുലാവര്‍ഷം ലഭിക്കുക ,  ഒക്ടോബര്‍ ഒന്നിനുതന്നെ മിന്നല്‍ അപകടങ്ങളുടെയും കനത്തമഴയുടെയും അകമ്പടിയോടെ തുലാവര്‍ഷം വരവറിച്ചിരിക്കുകയാണ്.

തെക്കന്‍കേരളത്തിലും തെക്കന്‍ തമിഴ്നാട്ടിലും ഇത്തവണ സാധാരണയെക്കാള്‍ അധികം മഴ തുലാവര്‍ഷക്കാലത്ത് കിട്ടുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. പശ്ചിമഘട്ട മേഖലയില്‍ നല്ലതോതില്‍മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാലും കനത്തു ചൂടും തുടരും . പകല്‍–രാത്രി താപനില സാധാരണയെക്കാള്‍ കൂടി നില്‍ക്കാനാണിട. 

പസഫിക്ക് സമുദ്രം ചൂടുപിടിക്കുന്ന എല്‍ നിനോ പ്രതിഭാസമാണ് 2026 ലെകാലാവസ്ഥയെ അപ്പാടെ മാറ്റി മറിച്ചത്. ചിലയിടങ്ങളില്‍ അതിവര്‍ഷം, ചിലയിടത്ത് വരള്‍ച്ച, കൊടുങ്കാറ്റുകളും ന്യൂനമര്‍ദങ്ങളും , പടര്‍ന്നുപിടിക്കുന്ന കാട്ടുതീ, മലയും മഞ്ഞും ഇടിഞ്ഞുവിഴുന്ന അപകടങ്ങള്‍‍ –അങ്ങിനെ എല്‍ നിനോ നിറഞ്ഞാടുകയായിരുന്നു ഈ വര്‍ഷമാകെ. നവംബറില്‍ എല്‍ നിനോ ഏറ്റവും ഉച്ചസ്ഥായിയില്‍ എത്തുമെന്നാണ് കരുതുന്നത്. 2027 ജനുവരി വരെയെങ്കിലും എല്‍ നിനോയുടെ സ്വാധീനം ലോകകാലാവസ്ഥയില്‍പ്രതിഫലിക്കുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നത്. 

കേരളത്തില്‍ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം മുന്നൊരുക്കങ്ങള്‍ വേണമെന്ന സന്ദേശം കൂടിയാണ് നല്‍കുന്നത്.  മലോയര മേഖലയില്‍ മണ്ണിടിച്ചില്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ തുലാവര്‍ഷക്കാലത്തും ജാഗ്രതവേണ്ടിവരും. അതോടൊപ്പം ഇടിമിന്നല്‍ അപകടങ്ങള്‍ കുറക്കുന്നതിനും ബോധവത്ക്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ ആവശ്യമാണ് . അപകട സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും തുലാവര്‍ഷം നല്ലതോതില്‍ ലഭിച്ചാലെ കുടിവെള്ളം മുതല്‍ വൈദ്യുതി വരെയുള്ള പ്രതിസന്ധി മറികടക്കാന്‍ കേരളത്തിനാകൂ. 

ENGLISH SUMMARY:

Following a severe deficit in the southwest monsoon, Kerala is pinning its hopes on the upcoming northeast monsoon (Thulavarsham) to alleviate looming water and electricity crises. The year 2026 has been recorded as the seventh driest year in the state since 1901, primarily driven by the global impact of the El Niño phenomenon.