യുദ്ധക്കെടുതിയില്‍ വലയുന്നതിനിടെ വീണ്ടും പലസ്തീനികള്‍ക്ക് ദുരിതമായി കനത്ത മഴ. വെള്ളിയാഴ്ച്ച മുതല്‍ ഗാസയില്‍ പെയ്ത മഴയില്‍ 70,000ത്തില്‍ അധികം ടെന്റുകള്‍ വെള്ളത്തിലടിയിലായി. ആയിരക്കണക്കിന് പലസ്തീനികള്‍ അഭയം പ്രാപിച്ചിരിക്കുന്ന പല സ്ഥലങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ടെന്ന് ഗാസയിലെ ഗവൺമെന്റ് മീഡിയ ഓഫിസ് അറിയിച്ചു.
മധ്യ ഗാസയിലെ അസ്സവൈദ മേഖലയിലാണ് മഴ ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. ഉറങ്ങിക്കിടക്കവെ ടെന്റിലേക്ക് വെള്ളം ഇരച്ചുകയുകയായിരുന്നുവെന്ന് പ്രദേശത്ത് താമസിക്കുന്ന ജാബർ അൽ കസീഹിന് പറഞ്ഞു. പൊടുന്നനെ വെള്ളം ടെന്റിനകത്തേക്ക് എത്തിയപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ പരിഭ്രാന്തരായെന്നും ജാബര്‍ പറഞ്ഞു. ബെഡും വസ്ത്രങ്ങളും സൂക്ഷിച്ചുവച്ചിരുന്ന ഭക്ഷണ സാധനങ്ങളുമടക്കം സര്‍വതും വെള്ളം കൊണ്ടുപോയെന്നും അദ്ദേഹം പറയുന്നു.
താമസിച്ചിരുന്ന സ്ഥലം ഇപ്പോള്‍ സ്വിമ്മിങ് പൂള് പോലെയായെന്നും എഴുപതുകാരനായ ജാബര്‍ പറഞ്ഞു. കനത്ത മഴയും ശക്തമായ കാറ്റും ഇനിയും തുടരുകയാണെങ്കിൽ ദുരിതം വർധിക്കുമെന്ന ആശങ്കയിലാണ് പലസ്തീനികള്‍ ഇപ്പോള്‍.
അതേസമയം ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ച് ഒരുവര്‍ഷത്തിന് മുകളിലായെങ്കിലും ഗാസയിലെ ജനങ്ങളുടെ ജീവിതം ഇതുവരെയും സാധാരണ നിലയിലായിട്ടില്ല. ഗാസയിലേക്ക് ആവശ്യ വസ്തുക്കള്‍ എത്തിക്കുന്നത് ഇസ്രയേല്‍ തടയുന്നുണ്ടെന്ന് സന്നദ്ധപ്രവർത്തകർ വ്യക്തമാക്കി. 60,000 മൊബൈൽ വീടുകളും 2,00,000 ടെന്റുകളും ഉൾപ്പെടെയുള്ള സാധനങ്ങൾ ഗാസയിലേക്ക് പ്രവേശിക്കുന്നത് ഇസ്രയേല്‍ തടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ലക്ഷം ടെന്റുകള്‍ എത്തേണ്ടിടത്ത് നിലവില്‍ 20,000 ടെന്റുകള്‍ മാത്രം എത്തിക്കാനാണ് ഇസ്രയേല്‍ അനുവാദം നല്‍കിയിരിക്കുന്നത്.