gadi-election-news

ഇസ്രയേലില്‍ ബെന്യാമിന്‍ നെതന്യാഹുവിന്റെ ഭരണത്തിന് അന്ത്യം കുറിക്കപ്പെട്ടോ? 19സീറ്റുകള്‍ നേടിയ അറബ് സഖ്യം സര്‍ക്കാരിന്റെ ഭാഗമാകുമോ? ലോകം യുഎസിന് പിന്നാലെ ഉറ്റുനോക്കുന്നത് ഇസ്രയേലിലേക്കാണ്. 120സീറ്റുള്ള ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ കേവലഭൂരിപക്ഷത്തിനുവേണ്ടത് 61 സീറ്റുകളാണ്.  67അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെ യാഷര്‍ പാര്‍ട്ടി നേതാവ് ഗാദി ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് ഐസക് ഹെർസോഗ് ഞായറാഴ്ച ക്ഷണിച്ചേക്കും. നെതന്യാഹുവിനെ പിന്തുണച്ചത് 46അംഗങ്ങള്‍ മാത്രമായിരുന്നു.

പക്ഷേ, ഐസന്‍കോട്ടിന്റെ സര്‍ക്കാരില്‍ അറബ് പാര്‍ട്ടികളുണ്ടാകുമോ? അതാണ് ഇനിയറിയേണ്ടത്.  11 സീറ്റുകള്‍ നേടിയ ജോയിന്റ് ലിസ്റ്റും 9സീറ്റുകള്‍ നേടിയ റആം പാര്‍ട്ടിയും ഐസന്‍കോട്ടിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പക്ഷേ, അത് സര്‍ക്കാരിന്റെ ഭാഗമായിട്ടായിരിക്കുമോ അല്ല പുറത്തുനിന്നായിരിക്കുമോയെന്ന് വരും ദിവസങ്ങളിലറിയാം. പക്ഷേ, ഒരു കാര്യം ഉറപ്പാണ് ആ 19പേരുടെ പിന്തുണയില്ലാതെ നിലവിലെ സാഹചര്യത്തില്‍ ഐസന്‍കോട്ടിന് സര്‍ക്കാര്‍ രൂപീകരിക്കാനാകില്ല. തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകൾ നേടിയ യുണൈറ്റഡ് തോറ ജൂഡായിസമാകട്ടെ രണ്ടുപേരെയും ശുപാർശ ചെയ്തിട്ടില്ല.

ഇരുപത്താറാം നെസറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടികളുടേയും നേതാക്കളുമായി പ്രസിഡന്റ് ഹെര്‍സോഗ് കൂടിക്കാഴ്ച നടത്തിയിരുന്നു. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷം പേരുടെ നിർദ്ദേശം ഐസൻകോട്ടിന് ലഭിച്ചിട്ടുണ്ടെങ്കിലും, ആ സംഖ്യകൾ മാത്രം തന്റെ തീരുമാനത്തെ നിർണയിക്കില്ലെന്നാണ് ഹെർസോഗ് പറയുന്നത്. ഐസന്‍കോട്ട് സഖ്യത്തില്‍ അറബ് പാര്‍ട്ടികളുടെ നിലനില്‍പാണ് പ്രസിഡന്റും സംശയത്തോടെ നോക്കുന്നത്. ഹമാസിനെ പൂര്‍ണമായും തള്ളിപ്പറയാത്ത അറബ് പാര്‍ട്ടികള്‍ക്ക്, ദ്വിരാഷ്ട്രപരിഹാരം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് നിലപാടെടുക്കുന്ന ഐസന്‍കോട്ടിനൊപ്പം നീങ്ങാനാകുമോയെന്നാണ് അറിയേണ്ടത്. യഹൂദരാഷ്ട്രരൂപീകരണവും ഹമാസിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യവുമായി അധികാരത്തിലേറാന്‍ തയാറെടുക്കുന്ന ഐസന്‍കോട്ട് അറബ് സഖ്യത്തെ എങ്ങനെ കൂടെക്കൂട്ടുമെന്ന് ലോകം ഉറ്റുനോക്കുന്നു. നെതന്യാഹുവിനെ പുറത്താക്കുകയെന്ന പരമപ്രധാനമായ ലക്ഷ്യത്തിനുവേണ്ടിയാണ് ഐസന്‍‌കോട്ടിനെ പിന്തുണച്ചതെന്നാണ് അറബ് പാര്‍ട്ടികളുടെ നിലപാട്. അതിനര്‍ഥം ഐസന്‍കോട്ടിന്റെ ആശയങ്ങളോടല്ല, പകരം ശത്രുവിന്റെ ശത്രു മിത്രമെന്ന നിലപാടാണ് അറബ് പാര്‍ട്ടികള്‍ സ്വീകരിച്ചത്. ഞായറാഴ്ചത്തെ പ്രഖ്യാപനത്തിന് മുന്‍പ് വീണ്ടും ചില പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. 

അറബ് പാര്‍ട്ടികള്‍ സർക്കാർ രൂപീകരണ ചുമതല ലഭിക്കുന്ന ജനപ്രതിനിധിക്ക് അതിനായി 28 ദിവസത്തെ സമയം ലഭിക്കും. ആവശ്യമെങ്കിൽ 14 ദിവസം കൂടി അധികമായി അനുവദിക്കാൻ പ്രസിഡന്റിന് അധികാരമുണ്ട്. അതായത് ഡിസംബര്‍ 23വരെ. എന്നിട്ടും സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ പ്രസിഡന്റിന് മറ്റൊരാളെ ക്ഷണിക്കാം. അവര്‍ക്കും 14 ദിവസം സമയം അനുവദിക്കും. എന്നിട്ടും സര്‍ക്കാര്‍ രൂപീകരണത്തിലേക്കെത്തിയില്ലെങ്കില്‍ നെതന്യാഹുവിനെ കാവല്‍ പ്രധാനമന്ത്രിയായി നിയോഗിച്ച് പുതിയ തിരഞ്ഞെടുപ്പിലേക്ക് ഇസ്രയേല്‍ കടക്കും. സങ്കീര്‍ണമായ സര്‍ക്കാര്‍ രൂപീകരണം ഇസ്രയേലിന് പുതുമയല്ല. പക്ഷേ, ഗാസ, ഇറാന്‍,  യുഎസുമായുള്ള ആയുധഇടപാടുകള്‍‌, ഇന്ത്യയുമായുള്ള ബന്ധം ഇക്കാര്യങ്ങളിലൊക്കെ നെതന്യാഹുവിന് പകരമെത്തുന്നയാള്‍ എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണായകമാണ്. അതിനാല്‍ തന്നെ വരുംദിവസങ്ങളില്‍ ലോകം ഇസ്രയേലിലേക്ക് ഉറ്റുനോക്കുമെന്നുറപ്പാണ്.

ENGLISH SUMMARY:

Explore the political shift in Israel as Prime Minister Benjamin Netanyahu faces declining support and Gadi Eisenkot emerges as a contender to form a government. Read about the crucial role of Arab parties and the global implications for Gaza and international relations