സൗദി അറേബ്യയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി  സൈനികരെ സൗദിയിലേക്ക് അയച്ച് പാക്കിസ്ഥാന്‍. യെമനിലെ ഹൂത്തി സായുധ സംഘത്തിന്റെ തുടർച്ചയായ ആക്രമണങ്ങളെ പ്രതിരോധിക്കാനും, പുണ്യനഗരങ്ങളായ മക്കയുടെയും മദീനയുടെയും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നീക്കം. 

ശനിയാഴ്ച റാവൽപിണ്ടിയിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫും, പാക്കിസ്ഥാനിലെ സൗദി അംബാസഡർ രാജേഹ് താമി അൽബുകാമിയും ചേർന്നാണ് സൈനിക സംഘത്തിന് യാത്രയയപ്പ് നൽകിയത്.

സൗദി അറേബ്യയുടെ അതിർത്തിക്കുള്ളിൽ നിന്നുകൊണ്ടുള്ള പ്രതിരോധ ദൗത്യങ്ങളിൽ മാത്രമായിരിക്കും പാക് സൈന്യം പങ്കെടുക്കുക. യെമനിലേക്ക് കടന്നുകയറി ആക്രമണം നടത്തില്ലെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 7-ന് സൗദി അറേബ്യ, പാക്കിസ്ഥാൻ, തുർക്കി എന്നീ രാജ്യങ്ങൾ ഒപ്പുവെച്ച 'മക്ക സംയുക്ത പ്രതിരോധ കരാർ' പ്രകാരമാണ് ഈ സൈനിക വിന്യാസം.

 ഇസ്ലാമാബാദ് ഔദ്യോഗികമായി സൈനികരുടെ എണ്ണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പാക് സൈന്യത്തിന്റെ 'ലാഹോർ കോർപ്സിൽ'  നിന്നുള്ള ഏകദേശം നൂറോളം സൈനികരാണ് പുതിയ സംഘത്തിലുള്ളതെന്ന് Al Jazeera റിപ്പോർട്ട് ചെയ്യുന്നു.

 റിയാദിലെയും അബഹയിലെയും വിമാനത്താവളങ്ങൾക്ക് നേരെ ഹൂത്തികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ ആളപായമുണ്ടായതിന് പിന്നാലെയാണ് സൗദി പ്രതിരോധം ശക്തമാക്കിയത്. എന്നാൽ, മക്കയെയും മദീനയെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണം ഹൂത്തികൾ നിഷേധിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Pakistan army deployment to Saudi Arabia aims to strengthen defense and protect Makkah and Madinah from Houthi attacks. This strategic military movement follows the recent Makkah Joint Defense Agreement signed by Saudi Arabia, Pakistan, and Turkey.