സൗദി ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്‍റെ അവശിഷ്ടം (Image Credit: AFP)
യെമനില്‍ ഹൂതി മേഖലയിലെ പ്രധാന തുറമുഖമായ ഹുദൈദ തുറമുഖം ആക്രമിച്ചുവെന്ന് സൗദി സഖ്യം. നിയന്ത്രിത സംവിധാനങ്ങള്‍ തകര്‍ത്തുവെന്നും സൗദി അവകാശപ്പെട്ടു. ആക്രമണത്തിന് പിന്നാലെ തിരിച്ചടിക്കുമെന്ന് ഹൂതികളും മുന്നറിയിപ്പ് നല്‍കി. ജിദ്ദ ഉള്‍പ്പടെ സൗദിയിലെ എല്ലാ തുറമുഖങ്ങളും ആക്രമിക്കുമെന്നാണ് ഹൂതികളുടെ ഭീഷണി.
അതേസമയം. സൗദിയില്‍ ഹൂതികള്‍ അമേരിക്കന്‍ പൗരന്‍മാരെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടാമെന്ന മുന്നറിയിപ്പുമായി യുഎസ്. സംഘര്‍ഷം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും യുഎസ് മുന്നറിയിപ്പ്. സൗദിയുടെ സാമ്പത്തിക ആസ്ഥാനമായ റിയാദിലെ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലേക്ക് ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തില്‍ കനത്ത നാശനഷ്ടമുണ്ടായി. 11പേര്‍ക്ക് പരുക്കേറ്റു.
സൗദിയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക ആസ്ഥാനമായ കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് മുകളിലേക്കാണ് ഹൂതികളുടെ മിസൈൽ പതിച്ചത്. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്ഥാന മന്ദിരത്തിന് നേരെ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റു. രണ്ട് സൗദി സ്വദേശികളും, നാല് ഈജിപ്ത് പൗരന്മാരും, മൂന്ന് നേപ്പാൾ സ്വദേശികളുമാണ് പരുക്കേറ്റ മറ്റുള്ളവർ.
ഭീരുത്വം നിറഞ്ഞ അതിക്രമമെന്നാണ് സംഭവത്തോട് സൗദി പ്രതികരിച്ചത്.അതേസമയം, യെമന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലുണ്ടായ ശക്തമായ വ്യോമാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ഓടിക്കൊണ്ടിരുന്ന ട്രക്കിനും യാത്രാ ബസിനും മുകളിലേക്കാണ് മിസൈലുകൾ പതിച്ചത്. മരിച്ചവരിൽ 12 പേർ ഹൂതികളും 14 പേർ സാധാരണക്കാരുമാണ്. സഖ്യസേനയുടെ പോർവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്നും തിരിച്ചടി നൽകുമെന്നും ഹൂതികൾ പ്രഖ്യാപിച്ചു.
എന്നാൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് ഹൂതികൾ തന്നെയാണെന്നാണ് യെമൻ സർക്കാരിന്റെ വിശദീകരണം. സൗദിയുടെ വിങ് ലൂങ് 2 ചാരവിമാനം വെടിവച്ചിട്ടതായും ഹൂതികൾ അവകാശപ്പെട്ടു.ഹോർമൂസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണവും തുടരുകയാണ്. കടൽ മൈനിൽ ഇടിച്ച് രണ്ട് എണ്ണ ടാങ്കറുകൾക്ക് തീപിടിച്ചു. മൂന്ന് കപ്പലുകൾക്ക് നേരെ വ്യോമാക്രമണവുമുണ്ടായി. ജീവനക്കാർ സുരക്ഷിതരാണെന്ന് യുകെ മാരിടൈം ഏജൻസി വ്യക്തമാക്കി. ഖത്തറിന്റെ നേതൃത്വത്തിൽ അമേരിക്കയുമായി സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും, ഹോർമൂസിലെ അൻപതോളം കപ്പലുകൾക്കെതിരെ ഇറാൻ വ്യാപക സൈബർ ആക്രമണം നടത്തിയെന്ന് അമേരിക്ക ആരോപിച്ചു.