Image Credit: AFP
ലൊസാഞ്ചലസിലുണ്ടായ ഭൂചലനത്തില്‍ വീടുകളും കെട്ടിടങ്ങളും വിമാനത്താവളത്തിനും സാരമായ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്. ഭൂകമ്പമാപിനിയില്‍ തീവ്രത അഞ്ച് രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മന്‍ഹാട്ടന്‍ ബീച്ചാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ തുടര്‍ചലനങ്ങളും പ്രദേശത്ത് അനുഭവപ്പെട്ടു. ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ ജനാലകള്‍ തകരുകയും റിഫൈനറികളിലടക്കം നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. അതേസമയം ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ജനങ്ങള്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 'തുടര്‍ചലനങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കണം' എന്നായിരുന്നു മുന്നറിയിപ്പ്. ശക്തമായ ചലനത്തെ തുടര്‍ന്ന് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനം ലൊസാഞ്ചലസിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കി. റണ്‍വേയില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം ലാന്‍ഡിങ് ഒഴിവാക്കിയത്. കലിഫോര്‍ണിയയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ റാക്കില്‍ നിന്ന് താഴെ വീണ് കിടക്കുന്നതും വൈന്‍ കുപ്പികള്‍ പൊട്ടിച്ചിതറിക്കിടക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കലിഫോര്‍ണിയയില്‍ ഭൂചലനങ്ങള്‍ തീര്‍ത്തും അസ്വാഭാവികമല്ല. പക്ഷേ ലൊസാഞ്ചലസില്‍ ഇത്ര ശക്തിയേറിയ ഭൂചലനം അടുത്തിടെയുണ്ടായിട്ടില്ല. 1.8 കോടിയിലേറെ ജനങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. 1994 ല്‍ ലൊസാഞ്ചലസിലെ നോര്‍ത്ത് റിഡ്ജിലുണ്ടായ ഭൂകമ്പത്തില്‍ നിരവധിപ്പേര്‍ മരിക്കുകയും ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 1906ല്‍ സന്ഫ്രാന്സിസ്കോയിലുണ്ടായ ഭൂചലനത്തില്‍ മൂവായിരത്തോളം പേര് മരിച്ചെന്നാണ് കണക്കുകള്‍.