വെനസ്വേല, കൊളംബിയ, ഇന്തൊനീഷ്യ... അടുത്തിടെ ലോകത്തെ വിറപ്പിച്ച മൂന്ന് ഭൂചലനങ്ങള്‍, മൂന്ന് രാജ്യങ്ങളില്‍... വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ ആയിരമോ രണ്ടായിരമോ അല്ല, മരണസംഖ്യ ആയ്യായിരം കടന്നതായാണ് റിപ്പോര്‍ട്ട്. കൊളംബിയയിലാകട്ടെ 250 മരണം സ്ഥിരീകരിച്ചു. ഏറ്റവും ഒടുവില്‍ ഇന്തൊനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ 47 പേർ മരിച്ചതായാണ് റിപ്പോർട്ട്. എന്നാല്‍ ഒന്നിനു പിറകെ ഒന്നായി ഉണ്ടായ ഈ ഭൂചലനങ്ങള്‍ക്ക് ബന്ധമുണ്ടോ? മൂന്നില്‍ രണ്ടെണ്ണം ‘പസഫിക് റിങ് ഓഫ് ഫയര്‍’ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് ലോകത്തിന്‍റെ ശ്രദ്ധ ഒരിക്കല്‍ക്കൂടി 'റിങ് ഓഫ് ഫയറിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. 'റിങ് ഓഫ് ഫയർ' ഉണരുകയാണോ?

TOPSHOT - Damaged houses are seen following a 7.7-magnitude earthquake in Ruteng, Manggarai, East Nusa Tenggara, on August 15, 2026. A strong 7.7-magnitude earthquake struck off Flores island in eastern Indonesia early on August 15, the US Geological Survey and Indonesian authorities said, triggering a tsunami warning and prompting hundreds to evacuate. (Photo by SELO / AFP)

ഇന്തൊനീഷ്യയിലെ ഭൂചലനം, സൂനാമി മുന്നറിയിപ്പ്

ഇന്തൊനീഷ്യയിലെ ഫ്ളോറസ് മേഖലയിൽ ശനിയാഴ്ച,, പ്രാദേശിക സമയം പുലര്‍ച്ചെ 5.58-ഓടെയാണ് ശക്തമായ ഭൂചലനമുണ്ടായത്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്ന് സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു. ദുരന്തത്തില്‍ 47 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരുക്കേൽക്കുകയും നൂറുകണക്കിന് വീടുകൾ തകരുകയും ചെയ്തു. എൻഡെ നഗരത്തിൽ നിന്ന് 68 കിലോമീറ്റർ വടക്കു- പടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഇതിനു പിന്നാലെ 235-ലധികം തുടർചലനങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഏറ്റവും ശക്തമായ തുടര്‍ചലനത്തിന് മാത്രം 6.2 തീവ്രതയുണ്ടായിരുന്നു.

കൊളംബിയ; മരണം 250, 300ലധികം പേര്‍ കാണാമറയത്ത്

ഇന്തൊനീഷ്യയിലെ ഭൂചലനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പടിഞ്ഞാറൻ കൊളംബിയയിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഈ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു കൊളംബിയയിലേത്. വ്യാഴാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 250-ലധികം പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപ്പോളും മുന്നൂറിലധികം പേരെകുറിച്ച് ഇപ്പോളും ഒരു വിവരമില്ല.

ശവപ്പറമ്പായി വെനസ്വേല

കൂട്ടത്തില്‍ വെനസ്വേലയിലെ ഭൂചലനമാണ് ഏറ്റവും കൂടുതല്‍‍ ദുരന്തം വിതച്ചത്. ജൂണിൽ, ഏകദേശം 30 സെക്കൻഡുകളുടെ വ്യത്യാസത്തിൽ, 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂകമ്പങ്ങൾ വെനസ്വേലയെ കീഴ്മേല്‍ മറിച്ചു. വടക്കൻ വെനസ്വേലയിൽ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ജൂലൈ 17 ആയപ്പോഴേക്കും 5,069 പേര്‍ മരിച്ചതായും 16,740 പേര്‍ക്ക് പരുക്കേറ്റതുമായാണ് കണക്ക്. ഏകദേശം 19.6 ബില്യൺ ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായി ലോകബാങ്കും പറയുന്നു.

'റിങ് ഓഫ് ഫയർ' ഉണരുന്നോ?

ലോകത്തില്‍‍ ഏറ്റവും കൂടുതൽ ഭൂചലനങ്ങളും അഗ്നിപർവ്വത സ്‌ഫോടനങ്ങളും നടക്കുന്ന 'പസഫിക് റിങ് ഓഫ് ഫയർ' എന്ന മേഖലയിലാണ് ഇന്തൊനീഷ്യയും കൊളംബിയയും സ്ഥിതി ചെയ്യുന്നത്. പസഫിക് പ്ലേറ്റ് ചുറ്റുമുള്ള നിരവധി പ്ലേറ്റുകളുമായി ഇടപഴകുന്നതിനാലാണ് ഈ മേഖല ഇന്നും സജീവമായി നിലനില്‍ക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രക്രിയകളിൽ ഒന്നാണ് സബ്ഡക്ഷൻ. ഒരു സബ്ഡക്ഷൻ സോണിൽ, കൂടുതൽ സാന്ദ്രമായ ഒരു പ്ലേറ്റ് മറ്റൊരു പ്ലേറ്റിനടിയിലേക്ക് ഇടിച്ചിറങ്ങുന്നു. ഇത് സമ്മർദ്ദം വര്‍ധിപ്പിക്കുകയും ശക്തമായ ഭൂകമ്പമായി പുറത്തുവരികയും ചെയ്യും. സബ്ഡക്ഷന്‍ മാഗ്മയും ഉത്പാദിപ്പിക്കപ്പെടുന്നു, ഇത് പസഫിക്കിന് ചുറ്റും ധാരാളം അഗ്നിപർവ്വതങ്ങൾ കാണപ്പെടുന്നതിന് കാരണമാകുന്നു. 400-ലധികം സജീവ അഗ്നിപർവ്വതങ്ങളാണിവിടെയുള്ളത്.

അമേരിക്കൻ ജിയോളജിക്കൽ സർവേ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ 81 ശതമാനവും പസഫിക് സമുദ്രത്തിന്റെ സർക്കം- സീസ്മിക് ബെൽറ്റിലാണ് സംഭവിക്കുന്നത്. സബ്ഡക്ഷൻ സോണുകളിലാണ് ഇതില്‍ പലതും ഉണ്ടാകുന്നത്. എന്നാൽ, ഒരേ സമയത്ത് ഇത്രയധികം ഭൂചലനങ്ങൾ ഉണ്ടാകുന്നത് ഈ മേഖല മുഴുവനായി സജീവമാകുന്നു എന്നതിന്‍റെ തെളിവല്ലെന്നും മറിച്ച് ഭൂമിശാസ്ത്രപരമായ മാറ്റങ്ങളുടെ ഭാഗമായി പലപ്പോഴും സ്വതന്ത്രമായി ഇത്തരം ചലനങ്ങൾ ഉണ്ടാകാറുണ്ടെന്നും അമേരിക്കൻ ജിയോളജിക്കൽ സർവേ വ്യക്തമാക്കുന്നു.

ഇന്തൊനീഷ്യയും കൊളംബിയയും പസഫിക് റിങ് ഓഫ് ഫയറിലാണെങ്കിലും വെനസ്വേലയെ ഇതിന്‍റെ ഭാഗമായി കണക്കാക്കുന്നില്ല. വെനസ്വേലയുടെ വടക്കന്‍ ഭാഗം കരീബിയന്‍ പ്ലേറ്റിന്റെയും ദക്ഷിണ അമേരിക്കന്‍ പ്ലേറ്റിന്റെയും അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. കരീബിയൻ ടെക്റ്റോണിക് മേഖലയിലെ സമ്മർദ്ദങ്ങൾ മൂലമാണ് ഇവിടെ ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. ഇവിടെയുണ്ടാകുന്ന ചലനങ്ങള്‍ റിങ് ഓഫ് ഫയറില്‍ നിന്നും വ്യത്യസ്തമായ ഭൂമിശാസ്ത്ര പശ്ചാത്തലത്തിൽ നിന്നാണ് ഉണ്ടാകുന്നത്.

റിങ് ഓഫ് ഫയറിലെ മറ്റ് രാജ്യങ്ങള്‍

തെക്കേ അമേരിക്ക മുതൽ വടക്കേ അമേരിക്ക വരെയും, പടിഞ്ഞാറൻ പസഫിക് വരെയും വ്യാപിച്ചുകിടക്കുന്ന മേഖലയാണ് റിങ് ഓഫ് ഫയര്‍. പസഫിക് സമുദ്രത്തിന്റെ അരികിലൂടെ, ജപ്പാൻ, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ, ന്യൂസീലൻഡ്, അലാസ്ക, പടിഞ്ഞാറൻ അമേരിക്ക, മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരം എന്നിവയുൾപ്പെടെയുള്ള ചില രാജ്യങ്ങളിലൂടെയും പ്രദേശങ്ങളിലൂടെയുമാണ് റിങ് ഓഫ് ഫയര്‍ കടന്നുപോകുന്നത്.

ഈ രാജ്യങ്ങളില്‍ തന്നെ നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ജപ്പാന്‍. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ– സൂനാമി സാധ്യതാ പ്രദേശം. ലോകമെമ്പാടും സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ 18% ത്തിലധികവും ജപ്പാനിലും സമീപ പ്രദേശങ്ങളിലുമാണെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്‌മോളജി ആൻഡ് എർത്ത്‌ക്വേക്ക് എന്‍ജിനീയറിങ്ങിലെ സീസ്‌മോളജിസ്റ്റ് സെയ്‌കോ കിറ്റ പറയുന്നു. ജപ്പാനിൽ എല്ലാ വർഷവും ഏകദേശം 1,500 ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട്. കൂടാതെ, ഓരോ അഞ്ച് മിനിറ്റിലും, രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള ഭൗമചലനങ്ങള്‍ രേഖപ്പെടുത്തപ്പെടുന്നുമുണ്ട്.

അലാസ്കയാണ് മറ്റൊരു പ്രധാന ഭൂകമ്പ മേഖല. 1964-ൽ അലാസ്കയിൽ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഒന്നാണെന്ന് യുഎസ്ജിഎസ് പറയുന്നു.

ENGLISH SUMMARY:

Recent massive earthquakes in Venezuela, Colombia, and Indonesia have raised global concerns about increased seismic activity along the Pacific Ring of Fire. The devastating tremors caused thousands of fatalities and widespread destruction across these regions, prompting scientists to analyze tectonic movements and fault lines. While Indonesia and Colombia lie within the seismically active Ring of Fire, Venezuela's earthquakes stem from tectonic pressures along the Caribbean and South American plates. Experts note that while these concurrent events highlight Earth's dynamic nature, they do not necessarily signal a synchronized reactivation of the entire seismic belt.