AI Generated Image
സമുദ്രാന്തര ഇന്റര്‍നെറ്റ് കേബിളില്‍ തടസം നേരിട്ടതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ തടസപ്പെട്ടു. SEA-ME-WE5(SMW5) എന്ന കേബിളിലാണ് തടസം നേരിട്ടതെന്നും പാക്കിസ്ഥാന്‍ തീരത്ത് നിന്നും 11 കിലോമീറ്റര്‍ അകലെയായാണ് തകരാര്‍ സംഭവിച്ചതെന്നും പാക്കിസ്ഥാന്‍ ടെലികമ്യൂണിക്കേഷന്‍ അതോറിറ്റി അറിയിച്ചു. ഇതിന്റെ ഫലമായി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പലയിടത്തും തടസപ്പെട്ടേക്കാമെന്നും ചിലയിടത്ത് സ്പീഡ് കുറയാമെന്നും അറിയിപ്പില്‍ പറയുന്നു.
ഇന്‍റര്‍നെറ്റ് കേബിളിന്‍റെ കണ്‍സോര്‍ഷ്യവുമായി ട്രാന്‍സ്വേള്‍ഡ് അസോസിയേറ്റ്സ് ബന്ധപ്പെട്ടിട്ടുണ്ടെന്നും കൃത്യമായ കാരണം തിരിച്ചറിഞ്ഞ് എത്രയും വേഗം പരിഹരിക്കുമെന്നും താല്‍കാലികമായി ബദല്‍ സംവിധാനം ഒരുക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും എത്രയും വേഗം രാജ്യത്ത് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ സാധാരണനിലയിലാക്കാന്‍ നടപടിയുണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.
നേരത്തെ ജൂലൈ ഒന്നിനും ഇതേ കേബിളില്‍ തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ ഇന്‍റര്‍നെറ്റ് മുടങ്ങിയിരുന്നു. ജൂലൈ മൂന്നോടെയാണ് അന്ന് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്.