ഒരു രാജ്യം മുഴുവന്‍ പെട്ടെന്ന് ഇരുട്ടിലായാല്‍ എന്ത് സംഭവിക്കും? വൈദ്യുതി മാത്രമല്ല, മൊബൈൽ നെറ്റ്‌വർക്കുകൾ, ഇന്‍റർനെറ്റ്, ബാങ്കിങ് സേവനങ്ങൾ, ഗതാഗത സംവിധാനങ്ങള്‍ ഇവയൊക്കെ പൊടുന്നനെ നിശ്ചലമായാലോ!  ഭയപ്പെടുത്തുന്ന ഒരു സാങ്കല്‍പിക സിനിമാക്കഥ പോലെ തോന്നാം അല്ലേ? എന്നാല്‍ ഇത്തരം സാഹചര്യങ്ങള്‍ നേരിടാന്‍ ‘ബ്ലാക് സ്കൈ’ പരിപാടിക്ക് തയ്യാറെടുക്കാന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുകെ സര്‍ക്കാര്‍. 

എന്താണ് ‘ബ്ലാക് സ്കൈ’?  –  ഇലക്ട്രിക് ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി കൗൺസിലാണ് 'ബ്ലാക്ക് സ്കൈ' എന്ന പദം സൃഷ്ടിച്ചത്. ഒരു രാജ്യത്തിന്‍റെയോ പ്രദേശത്തിന്‍റെയോ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിലുള്ള കടുത്ത സുരക്ഷാ ഭീഷണികളെയോ ദുരന്തങ്ങളെയോ വിശേഷിപ്പിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്. റഫ്രിജറേറ്ററുകൾ ഹാക്ക് ചെയ്യൽ, ബോംബ് തട്ടിപ്പുകൾ എന്നിവയുൾപ്പെടെ പലതരം വെല്ലുവിളികള്‍ക്ക് യൂറോപ്പ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തിയേക്കാവുന്ന ഇത്തരം അടിയന്തരാവസ്ഥകളെ നേരിടാന്‍തയ്യാറാവുക എന്ന  ഒരു ക്യാംപെയ്ന്‍ തുടങ്ങാന്‍‌ യുകെയെ പ്രേരിപ്പിച്ചത് ഇതാകാം. ഏറ്റവുമൊടുവില്‍ സംഭവിച്ച മൈക്രോസോഫ്റ്റ് സ്തംഭനമടക്കമുള്ളവ ഇത്തരം പ്രതികൂല സാഹചര്യങ്ങളെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. 2026 ഒക്ടോബർ 22-നാണ് യുകെ സര്‍ക്കാര്‍ ആരംഭിച്ച  'ബി–റെഡി' ബോധവൽക്കരണ ക്യാംപെയ്ൻ യുകെ കാബിനറ്റ് ഓഫീസ് മുഖേന നടപ്പിലാക്കുന്ന മൂന്ന് വർഷത്തെ ദേശീയ സുരക്ഷാ-പ്രതിരോധ പദ്ധതിയുടെ ആദ്യ ഘട്ടമാണ്.

യുകെക്ക് ഇതിന്‍റെ ആവശ്യമുണ്ടോ?

ഇവിടെ നാല് പ്രധാന കാര്യങ്ങളാണ് പരിഗണിക്കേണ്ടത്. തീവ്രമായ കാലാവസ്ഥ, സൈബർ ആക്രമണങ്ങൾ, ഭൗമരാഷ്ട്രീയ ഭീഷണികൾ, പൊതുജനങ്ങളുടെ ഭാഗത്തുനിന്നുള്ള തയ്യാറെടുപ്പുകളുടെ കുറവ് എന്നിവയാണ് അവ. കൊടുങ്കാറ്റുകളും കാട്ടുതീയും പോലുള്ള സംഭവങ്ങൾക്ക് എങ്ങനെ സാധാരണ ജീവിതത്തെ  തടസ്സപ്പെടുത്താൻ സാധിക്കുമെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതിനോടകം തന്നെ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഇതിനുപുറമേ ശത്രുരാജ്യങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടേക്കാം എന്ന ആശങ്കയുമുണ്ട്. ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ രാജ്യം സജ്ജമാണെന്ന് 13 ശതമാനം ആളുകള്‍ മാത്രമേ കരുതുന്നുള്ളൂ എന്ന് സമീപകാലത്ത് സര്‍ക്കാര്‍ നടത്തിയ പഠനം കണ്ടെത്തിയിരുന്നു. അതേസമയം അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് സർക്കാർ കൂടുതൽ വിവരങ്ങൾ നൽകണമെന്ന് 84 ശതമാനം ജനങ്ങളും ആഗ്രഹിക്കുന്നു.

അവശ്യ സേവനങ്ങളൊന്നും ലഭ്യമല്ലാത്ത സാഹചര്യത്തിലും മൂന്ന് ദിവസം അല്ലെങ്കിൽ 72 മണിക്കൂർ അതിജീവിക്കാൻ ആവശ്യമായ അടിസ്ഥാന വസ്തുക്കൾ ഓരോ വീട്ടിലും കരുതിവെക്കണമെന്നാണ് യുകെ സര്‍ക്കാരിന്‍റെ നിര്‍ദേശം. കുപ്പിവെള്ളം, കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണസാധനങ്ങള്‍, ടോർച്ചുകൾ, ബാറ്ററികൾ, ബാറ്ററിയിലോ കൈകൊണ്ട് കറക്കിയോ പ്രവർത്തിക്കുന്ന റേഡിയോ, പ്രഥമശുശ്രൂഷാ സാമഗ്രികള്‍, അവശ്യ മരുന്നുകള്‍, പണവും പ്രധാനപ്പെട്ട രേഖകളും, അടിസ്ഥാന ശുചിത്വ വസ്തുക്കള്‍ എന്നിവയെല്ലാം ഇതില്‍പെടുന്നു. 

'72 മണിക്കൂർ നിയമം' എന്നത് അടിസ്ഥാനപരമായി മൂന്ന് ദിവസത്തേക്കുള്ള ഒരു അതിജീവന മുൻകരുതലാണ്. എല്ലാ അടിയന്തര സാഹചര്യങ്ങളും കൃത്യം 72 മണിക്കൂറിനുള്ളിൽ പരിഹരിക്കപ്പെടുമെന്ന ശാസ്ത്രീയ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലുള്ളതല്ല ഇത്. ഒരു പ്രതിസന്ധി മൂന്ന് ദിവസം മാത്രമേ നീണ്ടുനിൽക്കൂ എന്ന് ബ്രിട്ടൻ കരുതുന്നു എന്ന് അര്‍ത്ഥവുമില്ല. ഒരു വലിയ അടിയന്തര സാഹചര്യം ഉടലെടുത്ത് ആദ്യത്തെ 72 മണിക്കൂർ, സാധാരണക്കാർക്കും രക്ഷാപ്രവർത്തകർക്കും ഒരുപോലെ ഏറ്റവും പ്രയാസകരമായ സമയമായിരിക്കും എന്നതാണ് ഇതിന് പിന്നിലെ യുക്തി. അതിനാൽ, വലിയൊരു പ്രതിസന്ധി ഉണ്ടായാൽ, 72 മണിക്കൂർ നേരം സ്വയം പരിപാലിക്കാൻ കഴിയുന്നവർ രക്ഷാപ്രവർത്തന സംവിധാനങ്ങളുടെ മേലുള്ള ഭാരം കുറയ്ക്കുന്നു. ഇത്, ഏറ്റവും ദുർബലരായ ആളുകൾക്കും അടിയന്തര അപകടാവസ്ഥയിലുള്ളവർക്കും മുൻഗണന നൽകാൻ രക്ഷാപ്രവർത്തകരെ സഹായിക്കുന്നു.

ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ രാജ്യം യുകെയാണോ?

ഒരിക്കലുമല്ല. ഇത്തരമൊരു സുരക്ഷാ മുന്‍കരുതലില്‍ ഫ്രാൻസ്, അയർലൻഡ്, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളുടെ മാതൃക പിന്തുടരുകയാണെന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ അറിയിച്ചത്. ഈ രാജ്യങ്ങളെല്ലാം മൂന്ന് ദിവസത്തേക്ക് ആവശ്യമായ അവശ്യവസ്തുക്കൾ കരുതിവെക്കാൻ തങ്ങളുടെ പൗരന്മാരെ പ്രോത്സാഹിപ്പിക്കാറുണ്ട്. 2025 നവംബറിൽ, 'ഗ്രിഡ്‌എക്‌സ്' എന്ന പേരിൽ സമാനമായ ഒരു പരിശീലന പരിപാടി നടന്നിരുന്നു. ഊർജ്ജ വിതരണ ശൃംഖലയ്ക്ക് നേരെ സൈബർ ആക്രമണങ്ങളോ ഭൗതിക ആക്രമണങ്ങളോ ഉണ്ടായാൽ എങ്ങനെ പ്രതികരിക്കണം എന്ന് പരിശോധിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. വടക്കേ അമേരിക്കയിലെ ഊർജ്ജ കമ്പനികളും സർക്കാർ പങ്കാളികളും ചേർന്നാണ് ഇത് സംഘടിപ്പിച്ചത്.

2012-ലെ ഇന്ത്യയിലെ വൈദ്യുതി മുടക്കം

ഇന്ത്യയ്ക്കുമുണ്ട് ഒരല്‍പ്പം പഴയൊരു കഥ പറയാന്‍. 2012 ജൂലൈയിൽ ഇന്ത്യയിൽ വൻതോതിലുള്ള വൈദ്യുതി തടസ്സം അനുഭവപ്പെട്ടിരുന്നു. തുടർച്ചയായ രണ്ട് ഗ്രിഡ് പരാജയങ്ങൾ രാജ്യത്തിന്‍റെ വടക്കുകിഴക്കൻ ഭാഗങ്ങളെ ഇരുട്ടിലേക്ക് നയിച്ചു. രാജ്യത്തിന്റെ ട്രാൻസ്മിഷൻ അടിസ്ഥാന സൗകര്യങ്ങളിലും ഗ്രിഡ് മാനേജ്മെന്റിലുമുള്ള ബലഹീനതകൾ ഈ പരാജയങ്ങൾ തുറന്നുകാട്ടി. എന്നാല്‍ യു കെ സര്‍ക്കാര്‍ ചെയ്തതുപോലെ ഒരു ‘ബി റെഡി’ ക്യാംപെയ്ന്‍ ഇന്ത്യ ഇതുവരെ ചെയ്തിട്ടില്ലെങ്കിലും ഇത്തരം വലിയ പ്രതിസന്ധികളെ നേരിടാൻ സുപ്രധാനമായ ചില നടപടികള്‍ ഇന്ത്യയും സ്വീകരിച്ചിട്ടുണ്ട്. 2012ലെ അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ പവർ ഗ്രിഡുകൾ കൂടുതൽ ശക്തിപ്പെടുത്താനും അവശ്യ സേവനങ്ങൾ തടസ്സപ്പെടാതിരിക്കാനുമുള്ള സംവിധാനങ്ങള്‍ ഇന്ത്യ സ്വീകരിച്ചിട്ടുണ്ട്. ദുരന്ത മുന്നറിയിപ്പുകൾ ജനങ്ങളുടെ ഫോണുകളിലേക്ക് നേരിട്ട് എത്തിക്കുന്നതിനുള്ള തദ്ദേശീയ സംവിധാനം 2026 മെയ് മാസത്തിൽ ഇന്ത്യ നടപ്പിലാക്കി. ആഗോളതലത്തിൽ ഇന്‍റെർനെറ്റ് ബ്ലാക്കൗട്ടുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലും നമ്മുടെ രാജ്യം  9-ാം സ്ഥാനത്താണ്.

UK Government Warns Citizens of Black Sky Blackouts:

UK government has launched the Be Ready campaign, urging citizens to prepare for potential Black Sky blackout scenarios by stockpiling essential supplies for 72 hours. This initiative highlights growing global concerns over cyber attacks, severe weather, and critical infrastructure vulnerabilities