ഇന്റർനെറ്റ് ഉപയോഗിക്കാനുള്ള അവകാശം കുട്ടികൾ ഉൾപ്പെടെ ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21, 19 (1) (എ) അനുച്ഛേദങ്ങൾ പ്രകാരമാണ് ഈ അവകാശമെന്ന് ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയുടെ പേരിൽ ഇന്റർനെറ്റ് ഉപയോഗം പൂർണമായി തടയുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. 

 

കുട്ടികളുടെ സുരക്ഷയും സ്വാതന്ത്ര്യവും പരസ്പരവിരുദ്ധമല്ല. ഇന്റർനെറ്റ് പഠനത്തിനും വിവരങ്ങൾ അറിയുന്നതിനും പ്രധാനമാണ്. അതേസമയം, കുട്ടികൾക്ക് അനുയോജ്യമായ സുരക്ഷാ സംവിധാനങ്ങൾ വേണം. രക്ഷിതാക്കളുടെ മേൽനോട്ടവും കുട്ടികൾക്കായുള്ള പ്രത്യേക സംവിധാനങ്ങളും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. കുട്ടികളെ ലൈംഗിക ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്താനും നിർദേശിച്ചു.

 

‘‘ഇന്റർനെറ്റ് ഉപയോഗിക്കാനുമുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21നോടൊപ്പവും ആർട്ടിക്കിൾ 19(1)(എ) പ്രകാരവും ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് പറയാൻ ഞങ്ങൾക്ക് ഒരു മടിയുമില്ല. നമ്മുടെ കുട്ടികൾക്ക്, അവരുടെ പ്രായം കണക്കിലെടുക്കാതെ, ഒരേ അവകാശങ്ങൾ ആസ്വദിക്കാൻ കഴിയണം, അവ നിഷേധിക്കുന്നത് സംസാര സ്വാതന്ത്ര്യം ഇല്ലെന്ന് പറയുന്നത് പോലെ അസംബന്ധമായിരിക്കുമെന്നാണ്’’ കേസ് പരിഗണിക്കവേ കോടതി നിരീക്ഷിച്ചത്. പല കുട്ടികൾക്കും, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ ഉള്ളവർക്ക് പഠനത്തിനുള്ള ഏക ഉറവിടമാണ് ഇന്റർനെറ്റ് ഉപയോഗമെന്നും കോടതി നിരീക്ഷിച്ചു.

ENGLISH SUMMARY:

Supreme Court internet rights state that internet access is a fundamental right for children and individuals under Articles 21 and 19(1)(a) of the Constitution. The bench emphasized that while child online safety is crucial, a complete internet ban cannot be justified and parental supervision should be encouraged instead.