രാജ്യം കടത്തിൽ മുങ്ങി നിൽക്കുമ്പോഴും ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന അവകാശവാദവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. 2050 ന് മുൻപ് പാക്കിസ്ഥാൻ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് ഇസ്‌ലാമാബാദിൽ സംഘടിപ്പിച്ച പാക്കിസ്ഥാൻ മിനറൽസ് ഇൻവസ്റ്റ്‌മെന്റ് ഫോറത്തിൽ സംസാരിക്കുമ്പോഴാണ് ഷെരീഫ് പറഞ്ഞത്.  

2075 ഓടെ പാക്കിസ്ഥാൻ ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്നാണ് 2022 ൽ അമേരിക്കൻ ധനകാര്യ സ്ഥാപനമായ ഗോള്‍ഡ്​മാന്‍ സാക്സ് പ്രവചിച്ചതെന്നും എന്നാൽ തന്റെ കണക്കുകൂട്ടലിൽ ഇത് 2050ന് മുൻപ് സാധ്യമാകുമെന്നും ആയിരുന്നു ഷഹബാസിന്‍റെ വാക്കുകൾ. ലോകത്തിലെ ഏറ്റവും വലിയ ചെമ്പ്, സ്വർണ നിക്ഷേപങ്ങൾ പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലാണെന്നും പാക്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ചെമ്പ്, സ്വർണം എന്നിങ്ങനെയുള്ള അപൂർവ ലോഹങ്ങൾ പാക്കിസ്ഥാനിലുണ്ട്. അവ പാക്കിസ്ഥാനിൽ ഖനനം ചെയ്യുക, പാക്കിസ്ഥാനിൽ സംസ്കരിക്കുക, പാക്കിസ്ഥാനിൽ ഉൽപാദിപ്പിക്കുക, തുടർന്ന് വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.  പാക് മണ്ണിലെ അപൂർവ ലോഹങ്ങളും ധാതുക്കളും ഖനനം ചെയ്യാനായി റിഫൈനറികൾ, ഫാക്ടറികൾ എന്നിവ നിർമിക്കാൻ ഷെരീഫ് നിക്ഷേപകരോട് ആവശ്യപ്പെട്ടു. 2028 ൽ ഇവിടെ നിന്നും ഉൽപാദനം ആരംഭിക്കുമെന്ന് ഷെരീഫ് പറഞ്ഞു. 

അതേസമയം രണ്ട് പതിറ്റാണ്ടുകളായി ഇവിടെ ഖനനപ്രവർത്തനങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. മാത്രമല്ല, പാക്കിസ്ഥാൻ കനത്ത കടബാധ്യതയിലാണിപ്പോൾ. ഐഎംഎഫിൽനിന്നും 1.2 ബില്യൻ യുഎസ് ഡോളറിന്റെ പുതിയ വായ്പ ലഭിക്കാനായി പാക്കിസ്ഥാൻ കിണഞ്ഞു പരിശ്രമിക്കുകയാണ്. 

അന്താരാഷ്ട്ര നാണയ നിധിയുടെ കണക്കനുസരിച്ച്, നിലവിൽ 450 ബില്യൺ ഡോളർ ജിഡിപിയുമായി, പാകിസ്ഥാൻ ലോകത്തിലെ 42-ാമത്തെ സമ്പദ്‌വ്യവസ്ഥയാണ്. ലോകത്തിലെ 40-ാമത്തെ സമ്പദ്‌വ്യവസ്ഥയായ ബംഗ്ലാദേശിനേക്കാൾ താഴെയാണ് പാകിസ്ഥാന്റെ സ്ഥാനം. ഇന്ത്യയാകട്ടെ, 4.06 ട്രില്യൺ ഡോളർ ജിഡിപിയുമായി ലോകത്തിലെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ്. 

ENGLISH SUMMARY:

Pakistani Prime Minister Shehbaz Sharif has claimed his country will become the sixth largest economy in the world before 2050 despite facing severe debt. The Prime Minister made this statement at the Pakistan Minerals Investment Forum in Islamabad, highlighting the nation's vast copper and gold reserves.