Image Credit:X/giacomofilibeck (right)

ദെബോരയും (ഇടത്) ഫിലിബെകും (വലത്ത്) , Image Credit: X

  • 'വോട്ടുകള്ളാ, രാജി വച്ച് പുറത്ത് പോകൂ' എന്നായിരുന്നു ഉച്ചകോടിയില്‍ ഫിലിബെകിന്‍റെ പരാമര്‍ശം. ലോകമെങ്ങും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ മനസിലാക്കാനും അതിനെതിരെ പോരാടാനും ഇത്തരം ഉച്ചകോടികള്‍ സഹായകമാണെന്നും ഫിലിബെക് പറഞ്ഞു

ഹൈദരാബാദില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭാരത് സമ്മിറ്റില്‍ രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നു. രാജ്യാന്തര തലത്തിലാണ്  ഉച്ചകോടി ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്ത ഇറ്റാലിയന്‍ സോഷ്യലിസ്റ്റ് നേതാവ് ഫിലിബെക്ക് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഉയര്‍ത്തുന്ന 'വോട്ട് ചോരി' ആരോപണം കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ത്തിയതാണ് വിവാദമായത്. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ അനുയായിയും ഫോര്‍സ ഇറ്റാലിയ പാര്‍ട്ടി നേതാവുമായ ദെബോര ബെര്‍ഗാമ്നിയാണ് പരസ്യ വിമര്‍ശനം ഉന്നയിച്ചത്. 97 കോടിയില്‍ പരം ജനങ്ങള്‍ വോട്ട് ചെയ്യുന്ന, വലിയ ജനാധിപത്യപാരമ്പര്യമുള്ള രാജ്യത്തെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് തീര്‍ത്തും അനുചിതമാണ്. ഇന്ത്യയ്ക്ക് അവരുടേതായ നീതിന്യായ സംവിധാനവും ജനാധിപത്യ സംവിധാനങ്ങളുമുണ്ടെന്നും അവര്‍ എക്സില്‍ കുറിച്ചു. 

 

'യൂറോപ്യന്‍ സോഷ്യലിസ്റ്റ് ആന്റ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധി ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തിരുന്നു. അദ്ദേഹം ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ചു. 'വോട്ടു കള്ളന്‍മാര്‍, രാജി വയ്ക്കുക' എന്ന മുദ്രാവാക്യവും മുഴക്കി. വോട്ടര്‍ പട്ടിക പരിഷ്കരണത്തിലൂടെ വ്യാജന്‍മാരെയും മരിച്ചവരെയും ഒഴിവാക്കുന്നതിനും പരിഷ്കരണത്തിനുമെതിരെ പ്രതിപക്ഷം നടത്തുന്ന ക്യാംപെയിന്‍റെ ഭാഗമായ മുദ്രാവാക്യമാണിത്.

 

ജനാധിപത്യത്തില്‍ എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങളും ആരോപണങ്ങളും ഉയര്‍ത്താന്‍ അവകാശമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. അത് തെളിയിക്കട്ടെ. എന്നാല്‍ ഇത്തരം കേസുകളില്‍ പ്രത്യേകിച്ചും ഇന്ത്യയെപ്പോലെ നല്ല ബന്ധത്തിലും സഹകരണത്തിലും മുന്നോട്ട് പോകുന്ന സ്ഥലത്ത്  രാജ്യാന്തര രാഷ്ട്രീയ ചര്‍ച്ച നടത്തേണ്ട കാര്യമില്ല. യൂറോപ്യന്‍മാരെന്ന നിലയില്‍ ഇത്ര വലിയൊരു ജനാധിപത്യ രാജ്യത്തിന് ക്ലാസെടുക്കുന്നത് നമ്മുടെ രീതിയല്ല. ഇന്ത്യയ്ക്ക് അവരുടേതായ രാഷ്ട്രീയ സംവിധാനങ്ങളും നീതിന്യായ രീതികളുമുണ്ട്. ഏതെങ്കിലും തരത്തിലെ പ്രതിസന്ധിയോ തര്‍ക്കങ്ങളോ ഉണ്ടായാല്‍ അവര്‍ക്ക് പരിഹരിക്കാന്‍ അറിയാം'- ദെബോര കുറിച്ചു. 

 

പാര്‍ട്ടി ഓഫ് യൂറോപ്യന്‍ സോഷ്യലിസ്റ്റിന്‍റെ സെക്രട്ടറി ജനറലായ ഫിലിബെക്കാണ് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ കോണ്‍ഫറന്‍സിലെത്തി തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ കുറിച്ച് സംസാരിച്ചത്. 'ഒരു വ്യക്തി, ഒരു വോട്ട്' എന്ന തത്വത്തിനായി നിലകൊള്ളുന്നതിലും സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി പോരാടുന്നതിലും രാഹുലിനെ ഫിലിബെക് അഭിനന്ദിച്ചിരുന്നു. 'ഒരാള്‍ക്ക് ഒരോട്ട് എന്ന ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വത്തെ സംരക്ഷിക്കുകയാണ് രാഹുല്‍ ഗാന്ധി. അതിനായി രണ്ടാഴ്ച മുന്‍പാണ് രാഹുല്‍ രാംലില മൈതാനത്തിലേക്ക് മാര്‍ച്ച് ചെയ്തത്. ജനങ്ങളും അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. വോട്ടുകള്ളാ, രാജി വച്ച് പുറതത് പോകൂ' എന്നായിരുന്നു ഉച്ചകോടിയില്‍ ഫിലിബെകിന്‍റെ പ്രസംഗം. ലോകമെങ്ങും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ മനസിലാക്കാനും അതിനെതിരെ പോരാടാനും ഇത്തരം ഉച്ചകോടികള്‍ സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണ്. അതിനെ സംരക്ഷിക്കാനുള്ളത് രാഹുലും കോണ്‍ഗ്രസുമാണ്' - എന്നും ഫിലിബെക് കൂട്ടിച്ചേര്‍ത്തു. 

 

ഫിലിബെകിന്‍റെ വാക്കുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ബിജെപിയും ബിആര്‍എസും ഉയര്‍ത്തിയത്. വിദേശത്ത് നിന്നെത്തിയ രാഷ്ട്രീയക്കാരന്‍ ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ പ്രതികരിക്കുന്നത് എന്ത് മര്യാദയാണെന്നും ബിജെപി ചോദ്യമുയര്‍ത്തി. വിദേശിയായ ഒരാള്‍ ഇവിടെയുള്ള ആഭ്യന്തര കാര്യത്തില്‍ ഇടപെടുന്നത് കണ്ട് രാഹുല്‍ ഗാന്ധി പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി. 'ഇന്ത്യയെ ഒരു വിദേശിയെത്തി അപമാനിക്കുമ്പോള്‍ പൊട്ടിച്ചിരിച്ച് കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുന്ന ഒരാളെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇന്ത്യയെ അപമാനിക്കാനായി വിദേശത്തേക്ക് പോകുന്ന ആളെ കുറിച്ചല്ല ഞാന്‍ പറഞ്ഞത്'- റിജിജു ട്വീറ്റ് ചെയ്തു. ബിജെപി നേതാവ് ഷഹ്നാസ് ഹുസൈനും തെലങ്കാന ബിജെപി പ്രസിഡന്‍റ് എന്‍.രാമചന്ദര്‍ റാവുവും രാഹുലിനെതിരെ രംഗത്തെത്തി. 'ഒരു വിദേശിക്കും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരവും അവകാശവും ഇല്ലെന്നും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് വിദേശത്ത് നിന്നും രാഷ്ട്രീയ നേതാക്കളെ കൊണ്ടുവരികയാണെന്നും ബിജെപി ആരോപിച്ചു.

 

എന്നാല്‍ 'മോദിക്ക് മെലഡി മിഠായി ഇറ്റലിയിലെ പ്രധാനമന്ത്രിക്ക് കൈമാറാമെങ്കില്‍ ഒരു ഇറ്റാലിയന്‍ രാഷ്ട്രീയക്കാരന് ഇന്ത്യയിലെത്തി ഈ രാജ്യത്തെ കുറിച്ച ്സംസാരിക്കാനും കഴിയും. രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു. ഇത് മനുഷ്യാവകാശത്തിന്‍റെ പ്രശ്നമാണ്. അല്ലാതെ, വിദേശ ശക്തികളുടേതല്ല' എന്നായിരുന്നു ശിവസേന നേതാവ് (യുബിറ്റി) സഞ്ജയ് റൗട്ടിന്‍റെ പ്രതികരണം. 

ENGLISH SUMMARY:

A political controversy has erupted following remarks by Italian socialist leader Philip Beck at the Congress-organised Bharat Summit in Hyderabad, where he criticised the Indian government over allegations of electoral irregularities and supported Rahul Gandhi's campaign against alleged vote theft. Deborah Bergamini, a leader of Italy's Forza Italia party and an ally of Prime Minister Giorgia Meloni, strongly criticised his comments, saying it was inappropriate for Europeans to lecture a country with India's democratic traditions and independent institutions. The BJP also condemned the remarks, with Union Minister Kiren Rijiju accusing Rahul Gandhi of encouraging a foreign politician to interfere in India's domestic affairs. Shiv Sena (UBT) leader Sanjay Raut defended the Italian leader, arguing that electoral transparency and democracy are matters of human rights rather than foreign interference.