sam-pitroda-rejects-rahul-gandhi-phone-tapping
  • എന്‍റെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. ലാപ്ടോപ് ചോര്‍ത്തുന്നുണ്ട്, ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. എന്‍റെ ഫോണടക്കമുള്ള ഉപകരണങ്ങള്‍ പരിശോധിച്ച വിദഗ്ധരാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് എനിക്ക് നല്‍കുന്നത്'

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ. പ്രധാനമന്ത്രി അങ്ങനെ ചെയ്യില്ലെന്ന് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പിത്രോദ ന്യായീകരിച്ചത്. പ്രധാനമന്ത്രി അങ്ങനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 'മോദി അങ്ങനെ ചെയ്യില്ല. ഒരു സ്ക്രൂഡ്രൈവറുമെടുത്ത്, കംപ്യൂട്ടറിന്‍റെ അവിടെ പോയി ഇരിക്കുന്ന ആളല്ല അദ്ദേഹം. എന്‍റെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. ലാപ്ടോപ് ചോര്‍ത്തുന്നുണ്ട്, ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണ്. എന്‍റെ ഫോണടക്കമുള്ള ഉപകരണങ്ങള്‍ പരിശോധിച്ച വിദഗ്ധരാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് എനിക്ക് നല്‍കുന്നത്'- പിത്രോദ വെളിപ്പെടുത്തി. 

എന്നാല്‍, ആരാണ് തന്‍റെ ഫോണ്‍ ചോര്‍ത്തുന്നതെന്ന് പറയാനോ ആരെയാണ് സംശയമെന്ന് പറയാനോ അദ്ദേഹം തയാറായില്ല. ' ആരോ ചെയ്യുന്നുണ്ട്. എനിക്കറിയില്ല, ഞാനത് ഗൗനിക്കുന്നുമില്ല. അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്ന ബോധ്യത്തില്‍ ഞാന്‍ ജീവിക്കുന്നു. എനിക്കതില്‍ പരാതിയില്ല. പലതരത്തിലുള്ള വൃത്തികെട്ട മനുഷ്യര്‍ ലോകത്തുണ്ടാകും. നമുക്കെന്ത് ചെയ്യാന്‍ പറ്റും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് കഴിഞ്ഞ ദിവസം പിത്രോദ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇത് വിവാദമായതോടെ 'നരേന്ദ്രഭായിയെ എനിക്ക് വര്‍ഷങ്ങളായി അറിയാം, ബഹളം വേണ്ട.. കോണ്‍ഗ്രസ് വിട്ടെങ്ങോട്ടേക്കുമില്ല' എന്നായിരുന്നു പിത്രോദയുടെ വിമര്‍ശനം.

ഇന്നലെയാണ് തന്‍റെ ഫോണ്‍ പ്രധാനമന്ത്രി ചോര്‍ത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചത്. ' പ്രധാനമന്ത്രിക്ക് ഇക്കാര്യമറിയാം, എന്താണെന്ന് വച്ചാല്‍ അദ്ദേഹം എന്‍റെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. സംവാദത്തിന് അദ്ദേഹം വരാമെന്ന് സമ്മതിച്ചത് മുതല്‍  ആരാണ് വിദേശ ശക്തികളുടെ നിയന്ത്രണത്തിലെന്നും ആരാണ് ദേശ വിരുദ്ധനെന്നും എത്രകാലം അവരിങ്ങനെ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും എല്ലാവര്‍ക്കും മനസിലായി' എന്നായിരുന്നു രാഹുല്‍ വിഡിയോയില്‍ പറഞ്ഞത്. കോണ്‍ഗ്രസിന്‍റെ എക്സ് ഹാന്‍ഡിലിലാണ് രാഹുലിന്‍റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്. പ്രധാനമന്ത്രി വിദേശ ശക്തികളുടെ നിയന്ത്രണത്തിലാണെന്ന് അദ്ദേഹത്തിനും അറിയാമെന്നും അതിന്‍റെ തെളിവെന്താണെന്നും അദ്ദേഹത്തിന് വ്യക്തമാണെന്നും രാഹുല്‍ അവകാശപ്പെട്ടു. 

അതേസമയം, രാഹുല്‍ ഗാന്ധിക്ക് കാര്യമായെന്തോ സംഭവിച്ചിട്ടുണ്ടെന്നും സുബോധത്തിലുള്ള ആരും ഇങ്ങനെ ആരോപിക്കില്ലെന്നും കേരള ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. 'രാഹുലിന്‍റെ ഫോണ്‍ ചോര്‍ത്താന്‍ ഇവിടെ ആര്‍ക്കും താല്‍പര്യമില്ല. അങ്ങനെ ആര്‍ക്കെങ്കിലും താല്‍പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന്‍റെ തലച്ചോര്‍ എങ്ങനെയാണ് ദിനംപ്രതി കള്ളം പറയുന്നതെന്ന് മനസിലാക്കാന്‍ വേണ്ടി മാത്രമാകും'- എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ അധിക്ഷേപം. 

ENGLISH SUMMARY:

Congress leader Sam Pitroda has rejected Rahul Gandhi’s allegation that Prime Minister Narendra Modi is tapping his phone, saying he does not believe the Prime Minister would engage in such activities. However, Pitroda claimed that his own phone, laptop and bank accounts are under surveillance, citing warnings from experts who examined his devices. He declined to identify who might be responsible for the alleged surveillance and said he was not particularly concerned about it. Rahul Gandhi had alleged that Modi was tapping his phone, while Kerala BJP president Rajeev Chandrasekhar dismissed the claim and launched a personal attack on the Congress leader.