സഹോദരിക്ക് ബാധയെന്ന് കരുതി കുത്തിക്കൊന്ന സഹോദരന്‍ അറസ്റ്റില്‍. യുഎസ് മാസച്യൂസറ്റ്സിലാണ് സംഭവം. കെനിയ നോയെല്‍ (38) എന്ന യുവതിയേയാണ് സഹോദരന്‍ ജീന്‍ എഡ്ഡി നോയെല്‍ (43) കുത്തിക്കൊന്നത്. തന്‍റെ സഹോദരി സ്വയം ജീവനൊടുക്കി എന്ന് പൊലീസിനെ ഇയാള്‍ വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് അന്വേഷണത്തില്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതായിരുന്നു. 

ആത്മഹത്യാവാര്‍ത്ത കേട്ടെത്തിയ പൊലീസ് പരിശോധനയില്‍ കെനിയയുടെ കഴുത്തറത്ത  നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തിന് സമീപം കൈകൊണ്ട് നിര്‍മിച്ച കുരിശും കണ്ടെത്തി. ഇതുകൂടാതെ  മുറിയിലാകെ ഉപ്പും ഗ്രാമ്പുവും വിതറിയിരുന്നു. 

കുടുതലന്വേഷണത്തില്‍ യുവതി തനിക്ക് തൊണ്ടവേദനയാണെന്ന് സഹോദരനോട് പറഞ്ഞിരുന്നെന്നും ഇത് തന്നോട് ശത്രുതയുള്ള ഒരാള്‍ കൂടോത്രം ചെയ്തതാണെന്നും യുവതി വിശ്വസിച്ചിരുന്നതായും കണ്ടെത്തി. 

ഇരുവരും മന്ത്രം ചെയ്ത് തൊണ്ടവേദന മാറ്റാന്‍ ഒരു മുറി വാടകയ്ക്കെടുത്തു. എന്നാല്‍ ഇതിനിടെ യുവതിക്ക് ദുര്‍മന്ത്രവാദത്തിന്‍റെ ബാധ കയറിയെന്നും യുവതി സ്ഥലകാലബോധമില്ലാതെ പെരുമാറാന്‍ തുടങ്ങിയെന്നും ജീന്‍ പറയുന്നു. തുടര്‍ന്ന് സഹോദരി സ്വയം കുത്തി മരിച്ചതാണെന്നാണ് ജീനിന്‍റെ പക്ഷം.

എന്നാല്‍ പൊലീസിന് സംശയമായത് മരണശേഷം ജീന്‍ മുറി വൃത്തിയാക്കി കുളിച്ചെന്നതാണ്. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 

ENGLISH SUMMARY:

shocking arrest of a man in Massachusetts who brutally stabbed his sister to death under the false belief that she was possessed by evil spirits. Police uncovered the gruesome crime after initial reports of an alleged suicide led to a detailed murder investigation.