ബിഹാറിലെ മുൻഗർ ജില്ലയിൽ 28-കാരിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം 55 കാരന്‍ പൊലീസിൽ കീഴടങ്ങി. മുൻഗർ ജില്ലയിലെ ജമാൽപൂർ പട്ടണത്തിൽ ബുധനാഴ്ച രാത്രി വൈകിയാണ് സംഭവം. സദർ ബസാറിന് സമീപം താമസിക്കുന്ന പൂജാ ദേവി ആണ് കൊല്ലപ്പെട്ടത്. പിന്നാലെ ഭര്‍ത്താവ് ദശരഥ് മണ്ഡൽ മക്കളുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
വിരമിച്ച റെയിൽവേ ലോക്കോ പൈലറ്റാണ് പ്രതി. എട്ടും അഞ്ചും വയസ്സുള്ള തന്‍റെ രണ്ട് പെൺമക്കളെ മുറിയില്‍ പൂട്ടിയിട്ടാണ് പ്രതി കൃത്യം നടത്തിയത്. പൂജയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം ഒരു തുണികൊണ്ട് മൂടിയ ശേഷം ആ മുറി പുറത്തുനിന്ന് പൂട്ടി. പിന്നീട് കുട്ടികളെയും കൂട്ടി നേരെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തിയാണ് പൂട്ടിയ മുറി തുറന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയക്കുന്നത്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധം വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പൂജയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ‘നിങ്ങളുടെ അമ്മ മരിച്ചു, നമുക്ക് പുതിയൊരു അമ്മയെ കൊണ്ടുവരാം’ എന്നാണ് കൊലപാതകത്തിന് ശേഷം പ്രതി മക്കളോട് പറഞ്ഞത്.
അതേസമയം, പൂജ വർഷങ്ങളായി ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ഇരയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. അഞ്ചുവര്‍ഷത്തോളമായി പ്രതിയും ബന്ധുക്കളും ചേർന്ന് പൂജയെ മാനസികമായും പീഡിപ്പിച്ചിരുന്നു. പ്രായവ്യത്യാസത്തിന്‍റെ പേരിൽ പൂജയെ ദശരഥ് മണ്ഡല്‍ പൂജയെ സംശയിച്ചിരുന്നതായി സഹോദരൻ ആരോപിച്ചു.
ഭഗൽപൂരിലെ ഇഷാഖ്ചക് സ്വദേശിനിയായ പൂജ 2015-ലാണ് ദശരഥിനെ വിവാഹം കഴിക്കുന്നത്. രണ്ട് പെൺമക്കൾക്കൊപ്പം സദർ ബസാറിന് സമീപമുള്ള വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. പ്രതിയെ അറസ്റ്റ് ചെയ്തതായും കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്നും ജമാൽപൂർ പൊലീസ് അറിയിച്ചു.