Image Credit: ANI
ആദിവാസി വിഭാഗത്തില്‍പ്പെടുന്ന കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭഛിദ്രം നടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് എംഎല്‍എയ്ക്കെതിരെ പോക്സോ കേസ്. ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എയായ ബുഷന്‍ ബാരയ്ക്കെതിരെയാണ് കേസ്. റാഞ്ചി പൊലീസാണ് കേസെടുത്തത്. മേയിലായിരുന്നു സംഭവം.
എംഎല്‍എയുടെ സിംഡെഗയിലെ വീട്ടിലേക്ക് രണ്ട് സ്ത്രീകളെത്തിയാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. സ്കൂളില്‍ ചേര്‍ന്ന് തുടര്‍ പഠനത്തിനുള്ള അവസരം ഒരുക്കാമെന്ന് വാഗ്ദാനം ചെയ്താണ് കൂട്ടിക്കൊണ്ടുപോയത്. വീട്ടിലെ ജോലികളില്‍ കഴിയുന്നത് പോലെ സഹായിച്ചാല്‍ മതിയെന്നായിരുന്നു നിബന്ധന. ഇത് അംഗീകരിച്ച പെണ്‍കുട്ടിയുടെ കുടുംബം മകളുടെ ഭാവിയെ കരുതി എംഎല്‍എയുടെ വീട്ടിലേക്ക് വിട്ടു. എന്നാല്‍ സ്കൂളില്‍ ചേര്‍ക്കുന്നതിന് പകരം മുഴുവന്‍ സമയ വീട്ടുജോലിയാണ് പെണ്‍കുട്ടിക്ക് നല്‍കിയത്. ചെറിയ പിഴവുകള്‍ക്ക് പോലും കടുത്ത ശാരീരിക മര്‍ദനം അനുഭവിക്കേണ്ടി വന്നുവെന്നും പട്ടിണിക്കിട്ടുവെന്നും പെണ്‍കുട്ടി പറയുന്നു.
ഓഗസ്റ്റ് ആറിന് എംഎല്‍എ തന്‍റെ റാഞ്ചിയിലെ വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ ബലമായി പീഡിപ്പിച്ചുവെന്നും പൊലീസില്‍ വിവരമറിയിച്ചതോടെ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇനി ആരോടെങ്കിലും പറഞ്ഞാല്‍ വെട്ടിയരിഞ്ഞ് പലയിടത്തായി തള്ളുമെന്ന് പറഞ്ഞുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഭയന്നു പോയ പെണ്‍കുട്ടി സിംഡെഗയിലെ വീട്ടിലേക്ക് രക്ഷപെട്ട് ഓടിപ്പോയി. വീട്ടിലെത്തിയ വീട്ടുകാരോട് വിവരം പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് അറിഞ്ഞതോടെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും വിധേയയാക്കിയെന്നും ആരോപണമുണ്ട്.
അതേസമയം, തനിക്കിങ്ങനെയൊരു സംഭവത്തെ കുറിച്ച് അറിവില്ലെന്നും അടിസ്ഥാനരഹിതമായ ആരോപണമാണെന്നുമായിരുന്നു എംഎല്‍എയുടെ പ്രതികരണം. കോണ്‍ഗ്രസില്‍ മുന്‍പുണ്ടായിരുന്ന ചില നേതാക്കള്‍ ബിജെപിയുമായി ചേര്‍ന്ന് തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയാണിതെന്നും അദ്ദേഹം ആരോപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ താന്‍ വിവരം അറിയിച്ചുവെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ' അന്വേഷണം തുടങ്ങട്ടെ, ഞാന്‍ സഹകരിക്കും. സത്യം പുറത്തുവരും' എന്നായിരുന്നു ബുഷന്‍ ബാരയുടെ പ്രതികരണം. അതേസമയം, എംഎല്‍എ രാജിവയ്ക്കണമെന്നും എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെട്ടു. എംഎല്‍എയ്ക്കെതിരെ നടപടി എടുക്കാന്‍ രാഹുലും പ്രിയങ്കയും തയാറാകുമോയെന്നും ഭരിക്കുന്ന പാര്‍ട്ടി തന്നെ ഇങ്ങനെ തുടങ്ങിയാല്‍ എന്ത് ചെയ്യുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് ആദിത്യ സാഹു ചോദ്യമുയര്‍ത്തി.
അതേസമയം, ഇത് ഭയങ്കര സെന്‍സിറ്റീവായ വിഷയമാണെന്നും പാര്‍ട്ടി അന്വേഷണത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവിന്‍റെ പ്രതികരണം. എഫ്ഐആര്‍ ആധികാരികമായി കണക്കിലെടുക്കാന്‍ കഴിയില്ലെന്നും ഗൂഢാലോചന തള്ളിക്കളയാന്‍ ആവില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് രാകേഷ് സിന്‍ഹ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമോ എന്ന് ചോദ്യമുയര്‍ന്നപ്പോള്‍ 'ഇപ്പോള്‍ ചാഹത് പൂജ നടക്കുകയാണ്. അതാണ് ഇപ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്നത്. അടുത്ത രണ്ട് ദിവസത്തേക്ക് മറ്റൊരു യോഗവും ചേരാന്‍ ഉദ്ദേശിക്കുന്നില്ല. എംഎല്‍എ കുറ്റക്കാരനെന്ന് കണ്ടാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും' എന്നും അദ്ദേഹം പ്രതികരിച്ചു.