സ്പെയിനിലെ മഡ്രിഡില്‍  ട്രെയിനുകള്‍ കൂട്ടിയിടിച്ച് 64 മരണം. ടോളിഡോ പ്രവിശ്യയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനുപിന്നില്‍ അതിവേഗ ട്രെയിന്‍ ഇടിച്ചാണ് ദുരന്തം. രണ്ട് ട്രെയിനുകളിലായി 544 യാത്രക്കാരുണ്ടായിരുന്നു.  മരണസംഖ്യ ഉയര്‍ന്നേക്കും.  നിരവധി പേർക്ക് പരുക്കേറ്റു. മാഡ്രിഡിൽ നിന്ന് സെവിയ്യ ലക്ഷ്യമാക്കി പോയ അതിവേഗ ട്രെയിനാണ് മറ്റൊരു ട്രെയിനിലേക്ക് ഇടിച്ചുകയറിയത്.  അപകടത്തിന്റെ ആഘാതത്തില്‍ ടെയിനിന്റെ ബോഗികള്‍ തെറിച്ചുപോയി. അപകടകാരണം ഇതുവരെ വ്യക്തമായിട്ടില്ല.  

 

അപകടത്തെത്തുടർന്ന് മാഡ്രിഡ്, സിയുദാദ് റിയൽ, അൻഡലൂസിയ എന്നിവിടങ്ങൾക്കിടയിലെ റെയിൽ സർവീസുകൾ നിർത്തിവച്ചു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ ഒൻപത് മണിയോടെ ടൊളീഡോ പ്രവിശ്യയിലാണ് അപകടമുണ്ടായതെന്ന് രാജ്യത്തെ റെയിൽവേ സംവിധാനത്തിന്റെ നടത്തിപ്പുകാരായ ADIF അറിയിച്ചു. "രണ്ട് ട്രെയിനുകൾ തമ്മിൽ പിന്നിൽനിന്നുള്ള കൂട്ടിയിടിയുണ്ടായതിനെത്തുടർന്ന് മാഡ്രിഡ്–അൻഡലൂസിയ അതിവേഗ റെയിൽപാതയിലെ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്," ബുധനാഴ്ച എക്സിൽ പങ്കുവച്ച സന്ദേശത്തിൽ ADIF അറിയിച്ചു.

 

മാഡ്രിഡ്–അൻഡലൂസിയ അതിവേഗ റെയിൽപാതയിൽ നിർത്തിയിട്ടിരുന്ന Iryo ട്രെയിനിന്റെ പിന്നിൽ സർക്കാർ ഉടമസ്ഥതയിലുള്ള Renfe AVE ട്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ ബോഗികൾ ചരിവിലൂടെ താഴേക്ക് മറിഞ്ഞുവീണു. Renfe ട്രെയിനിൽ 397 യാത്രക്കാരും Iryo ട്രെയിനിൽ 147 യാത്രക്കാരുമുണ്ടായിരുന്നുവെന്ന് കാസ്റ്റിൽ-ലാ മഞ്ച മേഖലയിലെ വക്താവ് എസ്തർ പഡില്ല അറിയിച്ചു. ഇറ്റാലിയൻ ഉടമസ്ഥതയിലുള്ള റെയിൽവേ കമ്പനിയായ Iryo, സുരക്ഷാ നടപടിക്രമങ്ങൾ സജീവമാക്കിയതായും അധികൃതരുമായി സഹകരിച്ചുവരുന്നതായും പ്രസ്താവനയിൽ അറിയിച്ചു. 

 

സ്പെയിനിലെ അതിവേഗ റെയിൽ ശൃംഖലയിൽ ഈ വർഷം രണ്ടാമത്തെ വലിയ ട്രെയിൻ ദുരന്തമുണ്ടായതിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ബുധനാഴ്ച ഞെട്ടൽ രേഖപ്പെടുത്തി.

"ടൊളീഡോയിലുണ്ടായ ഗുരുതരമായ ട്രെയിൻ അപകടം നടുക്കുന്നതാണ്. ഗതാഗത മന്ത്രി ഓസ്കർ പുവെന്റെയുമായും കാസ്റ്റിൽ-ലാ മഞ്ച പ്രസിഡന്റ് ഗാർസിയ പേജുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദുരന്തബാധിതരെ സഹായിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സേവന വിഭാഗങ്ങൾ സംഭവസ്ഥലത്ത് പ്രവർത്തിച്ചുവരികയാണ്. ബന്ധപ്പെട്ട എല്ലാ ഭരണസംവിധാനങ്ങളുമായും ഏകോപിപ്പിച്ചാണ് പ്രവർത്തനം. ദുരന്തത്തിൽപ്പെട്ട എല്ലാവർക്കും അവരുടെ കുടുംബങ്ങൾക്കും എന്റെ സ്നേഹവും ഐക്യദാർഢ്യവും പിന്തുണയും അറിയിക്കുന്നു," അദ്ദേഹം എക്സിൽ കുറിച്ചു.

 

ഈ വർഷം ജനുവരിയിൽ അഡമുസിൽ ട്രെയിൻ പാളംതെറ്റിയതിനെത്തുടർന്നുണ്ടായ കൂട്ടിയിടിയിൽ 45 പേർ മരിച്ചിരുന്നു. അതിനുശേഷം സ്പെയിനിലെ അതിവേഗ റെയിൽ ശൃംഖലയിലുണ്ടാകുന്ന രണ്ടാമത്തെ വലിയ ദുരന്തമാണിത്. 2013-ൽ 80 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടത്തിനുശേഷം സ്പെയിനിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ ദുരന്തമാണിത്. ജനുവരിയിലുണ്ടായ അപകടം യൂറോപ്യൻ രാജ്യമായ സ്പെയിനിന്റെ വിപുലമായ അതിവേഗ റെയിൽ ശൃംഖലയിലുള്ള ജനങ്ങളുടെ വിശ്വാസത്തെ ബാധിച്ചിരുന്നു.

ENGLISH SUMMARY:

Spain train crash in Madrid resulted in 64 deaths after a high-speed train collided with a stationary train in the Toledo province. Emergency services are currently assisting victims as rail services between major regions remain suspended.