അധ്യാപികയെ മഴു കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ച വിദ്യാർഥി അറസ്റ്റിൽ. മലേഷ്യയിലെ സരവാക്കിലെ കുചിങ്ങിലാണ് സംഭവം. അധ്യാപികയെ ആക്രമിക്കുന്നത് സമൂഹമാധ്യമങ്ങളിൽ തത്സമയം കാണിക്കാനായി നെറ്റിയിൽ ടേപ്പ് ഉപയോഗിച്ച് ഫോൺ ഉറപ്പിച്ചശേഷമാണ് വിദ്യാർഥി ലൈവ് സ്ട്രീമിങ് ആരംഭിച്ചത്. കൈയ്ക്കും തലയ്ക്കും വെട്ടേറ്റ അധ്യാപിക ഗുരുതര പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഒക്ടോബർ 21ന് രാവിലെ എട്ടോടെയാണ് പൊലീസിന് സ്കൂളില് നിന്ന് ഫോൺ സന്ദേശം ലഭിച്ചത്. ഒരു വിദ്യാർഥി പടക്കം കത്തിച്ചെറിഞ്ഞ് അധ്യാപികയെ ആക്രമിക്കുന്നെന്നായിരുന്നു സന്ദേശം. എന്നാൽ, സ്ഥലത്തെത്തിയപ്പോഴാണ് പ്രതീക്ഷിച്ചതിലും ഭയാനകമായ സംഭവമാണ് നടന്നതെന്ന് വ്യക്തമായത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോയിൽ സ്കൂളിലെ ശുചിമുറിയിൽനിന്ന് വിദ്യാർഥി ലൈറ്ററും മഴുവും ബാഗിൽനിന്ന് പുറത്തെടുക്കുന്നത് കാണാം. സഹപാഠിയാണ് ദൃശ്യങ്ങൾ പകർത്തുന്നത്. തുടർന്ന് സ്കൂളിന്റെ ഇടനാഴിയിലൂടെ മഴുവുമായി വിദ്യാർഥി ഓടുന്നതും ഇതുകണ്ട് മറ്റ് വിദ്യാർഥികൾ ഭയന്നോടുന്നതും ദൃശ്യങ്ങളിലുണ്ട്.
പിന്നീട് ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ വിദ്യാർഥി മഴു വീശിക്കൊണ്ട് അധ്യാപികയോട് ‘ഇതാണ് നിനക്ക് കിട്ടുക’ എന്ന് ഉറക്കെ വിളിച്ചുപറയുന്നു. തുടർന്ന് അധ്യാപികയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ ഓടിയെത്തി ഇയാളെ പിടിച്ചുവയ്ക്കുകയായിരുന്നു.
12 മിനിറ്റ് ദൈർഘ്യമുള്ള ലൈവ് സ്ട്രീം ഫെയ്സ്ബുക്കിലാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് മെറ്റ ഇത് നീക്കം ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് വിദ്യാർഥി അറസ്റ്റിലായിട്ടുണ്ട്. എന്നാൽ, ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.