Untitled design - 1

TOPICS COVERED

 

ലൈസൻസില്ലാതെ മസാജ് പാർലർ നടത്തിയതിന് 65കാരന് പിഴ. ഇതൊരു സാധാരണ നിയമലംഘനമെന്നു കരുതിയാല്‍ തെറ്റി . മസാജ് പാർലറിന്റെ നടത്തിപ്പ് ഭാര്യയെ ഏൽപ്പിച്ചതോടെയാണ് കഥയിലെ കൗതുകകരമായ സംഭവങ്ങൾ തുടങ്ങുന്നത്. മസാജിനൊപ്പം ലൈംഗിക സേവനങ്ങളും നൽകിയതോടെ സ്ഥാപനം വളർന്നു. ഒടുവിൽ അധികൃതർ നടത്തിയ പരിശോധനയിലാണ്  സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. സിംഗപ്പൂരിലാണ് സംഭവം.

സിംഗപ്പൂരിലെ പ്രശസ്തമായ ഓർച്ചാർഡ് ടവറിലായിരുന്നു ഫ്രാഗ്രൻസ് ബ്യൂട്ടി സലൂൺ എന്ന പേരിൽ മസാജ് പാർലർ പ്രവർത്തിച്ചിരുന്നത്. 2022ലാണ് സ്ഥാപനം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ലെങ് കെങ് ചിയാങ് എന്ന 65കാരനായിരുന്നു ഉടമ. സ്ഥാപനം തുടങ്ങിയശേഷം നടത്തിപ്പ് ഇയാൾ ഭാര്യയെ ഏൽപ്പിച്ചു. പിന്നീട് വല്ലപ്പോഴും മാത്രമാണ് ഇയാൾ അവിടെയെത്തിയിരുന്നത്.

എന്നാൽ, പാർലറിലെത്തുന്ന ഇടപാടുകാരിൽനിന്ന് കൂടുതൽ പണം സമ്പാദിക്കാൻ ഭാര്യ വാങ് അമേയ് മറ്റൊരു വഴി കണ്ടെത്തി. മസാജിനൊപ്പം ലൈംഗിക സേവനങ്ങളും നൽകാൻ തുടങ്ങി.  ഇതോടെ സ്ഥാപനത്തിന്‍റെ ബിസിനസ് കുറഞ്ഞ കാലംകൊണ്ട് കുതിച്ചുയര്‍ന്നു. എന്നാൽ, സ്ഥാപനത്തിന്റെ വളർച്ച വൈകാതെ എൻഫോഴ്‌സ്‌മെന്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥരിലൊരാൾ ഇടപാടുകാരനെന്ന വ്യാജേന പാർലറിലെത്തി. മസാജ് സ്പെഷലിസ്റ്റായി ജോലി ചെയ്തിരുന്ന ഉടമയുടെ ഭാര്യ ഇയാളോട് ലൈംഗിക സേവനം  ആവശ്യമുണ്ടോ എന്ന്  അന്വേഷിച്ചതോടെയാണ്  സ്ഥാപനത്തിൽ നടന്നിരുന്ന കാര്യങ്ങൾ പുറത്തായത്.

പ്രദേശത്ത് നേരത്തേ പ്രവർത്തിച്ചിരുന്ന മസാജ് പാർലറുകളെ അപേക്ഷിച്ച് പുതുതായി തുടങ്ങിയ സ്ഥാപനത്തിലേക്ക് ഇടപാടുകാർ കൂട്ടത്തോടെ എത്തുന്നത് മറ്റ് പാർലർ ഉടമകളിലും സംശയമുണ്ടാക്കിയിരുന്നു. ഇതും അധികൃതരുടെ പരിശോധനയിലേക്ക് നയിച്ച ഘടകങ്ങളിലൊന്നായിരുന്നുവെന്നാണ് റിപ്പോർട്ട്.

ലൈസൻസില്ലാതെ സ്ഥാപനം നടത്തിയതിന് ഉടമയായ ലെങിന് 7,000 സിംഗപ്പൂർ ഡോളർ പിഴ ചുമത്തി. ഇയാളുടെ ഭാര്യക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

ENGLISH SUMMARY:

Manorama News reports on a 65-year-old man in Singapore who was fined for operating an unlicensed massage parlor run by his wife. The investigation revealed that illegal sexual services were being offered at the salon, leading to a sudden surge in business before authorities intervened.