Image: X, @ddfmarketing1
റഷ്യന്‍ സൈന്യത്തിന്റെ കൂടെനിന്ന് മുന്നൂറോളം സൈനികരെ കൊലപ്പെടുത്താന്‍ യുക്രെയിനെ സഹായിച്ച സൈനികന് ഒടുവില്‍ കീവിലേക്ക് രക്ഷപ്പെട്ടു. പുട്ടിന്റെ സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുന്ന സമയത്ത് തന്ത്രപരമായ വിവരങ്ങള്‍ പോലും യുക്രെയിന് കൈമാറുകയും മുന്നൂറിലേറെ സൈനികരുടെ മരണത്തിന് വഴിയൊരുക്കുകയും ചെയ്ത 26കാരനായ ലഫ്റ്റനന്റ് ലെവ് സ്റ്റുപ്നിക്കോവാണ് യുക്രെയിനിലേക്ക് കടന്നുകളഞ്ഞത്.
നിലവില്‍ യുക്രെയിന് സായുധ സൈന്യത്തിന്റെ ഭാഗമായ സ്റ്റുപ്നിക്കോവ് പുട്ടിന് സൈന്യത്തിനെതിരായുള്ള പോരാട്ടത്തിലെ പ്രധാനിയാണെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ ഭരണകൂടത്തോടുള്ള എതിര്‍പ്പാണ് ഇയാളെ രാജ്യവിരുദ്ധനാക്കി മാറ്റിയതെന്നാണ് സൂചന. സൈനികരുടെ നീക്കങ്ങളും, യുദ്ധപദ്ധതികളും നിരീക്ഷണ ഡ്രോണുകളില്‍ നിന്നും ക്യാമറകളില്‍ നിന്നുമുള്ള ദൃശ്യങ്ങളും ഇയാള്‍ യുക്രെയിന് കൈമാറിയിരുന്നുവെന്നാണ് സൂചന.
ബുഡ്യോണി മിലിട്ടറി അക്കാദമി ഓഫ് ദ സിഗ്നൽ കോർപ്സിൽനിന്നാണ് സ്റ്റുപ്നിക്കോവ് പഠനം പൂർത്തിയാക്കിയത്. പിന്നാലെ യുക്രെയ്നിലെ ഡോൺബാസ് മേഖലയിലെ പ്രധാന പ്രതിരോധ കേന്ദ്രമായ വുഹ്ലെദാർ പിടിച്ചെടുക്കാൻ നിയോഗിച്ച റഷ്യന്‍ സൈനിക ബറ്റാലിയന്റെ ചീഫ് സിഗ്നല്‍ ഓഫീസര്‍ പദവി നല്കി. സൈനിക യൂണിറ്റുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും വിവരങ്ങള്‍ കൈമാറുന്നതും ഈ പദവി വഹിക്കുന്ന വ്യക്തിയാണ്. എന്നാല്‍ സ്റ്റുപ്നിക്കോവ് റഷ്യന്‍ സൈന്യത്തിന്റെ രഹസ്യനീക്കങ്ങളെല്ലാം യുക്രെയ്ന് കൈമാറി റഷ്യന്‍ സൈന്യത്തെ ഒറ്റുകൊടുത്തു.
ഇയാള്‍ നല്കിയ വിവരത്തെത്തുടര്‍ന്ന് യുക്രെയ്ന് ആക്രമണത്തിനു മുതിരുന്നതിനു തൊട്ടുമുന്‍പ് ശാരീരികാസ്വാസ്ഥ്യം അഭിനയിച്ച് ഇയാള്‍ സൈനികരില്‍ നിന്നും മാറിനില്‍ക്കും. പിന്നാലെ നിര്‍ണായക സ്ഥാനങ്ങളിലേക്ക് യുക്രെയ്ന് മിസൈല്‍ ആക്രമണം നടത്തും. ഈ ആക്രമണത്തിൽ കേണൽ ഗുസെയ്ൻ മുസായേവ് ഉൾപ്പെടെ 68 റഷ്യൻ സൈനികർ കൊല്ലപ്പെടുകയും 60 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട് പറയുന്നു. യുക്രെയ്നിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു മുസായേവ്. ഈ ആക്രമണശേഷം യുക്രെയ്നില്‍ നിന്നും ഇയാള്‍ക്ക് സന്ദേശം വന്നു, അവിടെ സ്ഫോടനം നടന്നതിന്റെ ദൃശ്യങ്ങള്‍ അയയ്ക്കൂ എന്നായിരുന്നു സന്ദേശം, ഇവിടെ മാംസക്കഷ്ണങ്ങള്‍ മാത്രമേയുള്ളൂ എന്നായിരുന്നു സ്റ്റുപ്നിക്കോവ് നല്കിയ മറുപടി.
ഇയാള്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ യുക്രെയ്ന് നടത്തിയ ആക്രമണത്തില്‍ മുന്നൂറിലധികം റഷ്യന്‍ സൈനികരാണ് മൊത്തം കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റഷ്യ യുക്രെയ്നെതിരെ 2022 ഫെബ്രുവരിയിൽ ആരംഭിച്ച അധിനിവേശമാണ് സ്റ്റുപ്നിക്കോവിന്റെ മനസിനെ സ്വാധീനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെ റഷ്യന്‍ ബോംബുകളും ഹെലികോപ്റ്ററുകളും പറന്നത് അദ്ദേഹത്തിന്റെ മനസിനെ വേദനിപ്പിച്ചതായും സ്റ്റുപ്നിക്കോവ് പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കടുത്ത പുട്ടിന് വിരുദ്ധയായ അമ്മയും സ്റ്റുപ്നിക്കോവിന്റെ നിലപാടുകളെ സ്വാധീനിച്ചതായാണ് സൂചന. യുക്രെയ്ന് സൈനിക രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട് മകന് ആവശ്യമായ സൗകര്യങ്ങള്‍ നല്കിയതും അമ്മ ടാറ്റിയാനയാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2024ലാണ് സ്റ്റുപ്നിക്കോവ് റഷ്യന്‍ സൈനിക യൂണിറ്റില്‍ നിന്നും രക്ഷപ്പെട്ടത്. പുട്ടിന് ഭരണകൂടത്തിനെതിരെ പോരാടുന്ന യുക്രെയ്ന് സംഘത്തില്‍ ചേര്‍ന്നു. ഈ സായുധ സംഘത്തിൽ ഇപ്പോൾ ആശയവിനിമയ വിദഗ്ധനായാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ റഷ്യയിലെ ഭാര്യയുമായുള്ള ബന്ധവും ഉപേക്ഷിച്ചു. സ്റ്റുപ്നിക്കോവ് റഷ്യയെ മാത്രമല്ല ദാമ്പത്യത്തേയും വഞ്ചിച്ചു എന്നായിരുന്നു ഭാര്യയുടെ പ്രതികരണം.