റഷ്യന്‍ ലാബില്‍ നിന്നും ഉഗ്രശേഷിയുള്ള രോഗാണു ബാക്റ്റീരിയ ചോര്‍ന്നതിന്‍റെ ഭീതിയിലാണ് ലോകം. സൈബീരിയയിൽ പ്രവർത്തിക്കുന്ന പ്ലേഗ് ഗവേഷണ ലബോറട്ടറിയില്‍ നിന്നാണ് ബാക്റ്റീരിയ ചോര്‍ന്നത്. ലാബിലെ ഗവേഷക പിന്നാലെ ന്യുമോണിയ ബാധിച്ച് മരിച്ചിരുന്നു. പിന്നാലെ രാജ്യാന്തര തലത്തില്‍ ആശങ്കയും പടര്‍ന്നു. എന്നാല്‍ നിലവില്‍ രോഗാണുവിനെക്കുറിച്ച് ഇന്ത്യയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരളം റിസര്‍ച് സെല്‍ കണ്‍വീനറായ രാജീവ് ജയദേവന്‍ പറഞ്ഞു. എഎന്‍ഐയോടാണ് ബാക്റ്റീരിയ ഭീതിയെക്കുറിച്ച് ജയദേവന്‍ സ്ഥരീകരണം നടത്തിയത്.
പുറത്തുചാടിയ ബാക്റ്റീരിയ ന്യുമോണിക് പ്ലേഗ് ആണ് എന്നതാണ് നിഗമനമെന്നും ഗവേഷക മരിച്ച സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടിയിരിക്കുന്നവെന്നും ജയദേവന്‍ വ്യക്തമാക്കി. യെര്‍സീനിയ പെസ്റ്റിസ് എന്ന ബാക്റ്റീരിയയായിരിക്കാം ഇതെന്നാണ് സംശയം.
ഗവേഷക മരിച്ചത് സുരക്ഷിതമായ ലാബില്‍ വച്ചാണ്. ബാക്റ്റീരയുടെ അംശമുള്ള ടെസ്റ്റ് ട്യൂബില്‍ കൈതട്ടിയതാണ് രോഗവ്യാപനത്തിന് കാരണമെന്ന് കരുതുന്നു. യുവതിയുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. മരണത്തിന്‍റെ വ്യക്തമായ കാരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരേണ്ടതായിട്ടുണ്ട് എന്നും ജയദേവന്‍ കൂട്ടിച്ചേര്‍ത്തു.
പ്ലേഗാണ് ബാക്റ്റീരിയ പടര്‍ത്തുന്ന രോഗം. ഇത് ത്വക്ക് രോഗങ്ങള്‍, ന്യുമോണിയ എന്നീ അവസ്ഥകള്‍ക്കും കാരണമായേക്കാം. ന്യുമോണിയ ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയുണ്ട്.
എന്നാല്‍ ഈ രോഗാണുവിനെക്കുറിച്ച് ശാസ്ത്രം ഏറെ പഠനം നടത്തിയതാണ്. കൃത്യമായ മരുന്ന് ഉപയോഗത്തിലൂടെ രോഗാണുവില്‍ നിന്ന് രക്ഷ നേടാമെന്നും ജയദേവന്‍ വ്യക്തമാക്കി. രോഗിയില്‍ നിന്ന് സമ്പര്‍ക്കമുണ്ടായവര്‍ക്ക് മരുന്നുകള്‍ നല്‍കേണ്ടതായി വരുമെന്നും, ജനസാന്ദ്രത കൂടുതലുള്ള പ്രദേശത്ത് മാത്രമേ ജാഗ്രത പാലിക്കേണ്ടതുള്ളു എന്ന് ജയദേവന്‍ വ്യക്തമാക്കി. കൂടാതെ രോഗം ബാധിച്ചവര്‍ തളര്‍ന്ന് അധികം ചലിക്കാതിരിക്കുന്നതിനാല്‍ രോഗവ്യാപന സാധ്യത കുറവായിരിക്കുമെന്നും അദേഹം വ്യക്തമാക്കി.
ഇന്ത്യ സുരക്ഷിതമാണെന്നും രോഗം ബാധിച്ചാല്‍ ഒരാള്‍ക്ക് ഇന്ത്യ പോലുള്ള വിദേശരാജ്യത്തേക്ക് യാത്ര ചെയ്യാനുള്ള ആരോഗ്യപരമായ സാഹചര്യമാകില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു