Image Credit: AFP
പാക്കിസ്ഥാന്‍റെ രാഷ്ട്രീയ ഭൂപടത്തെയും അധികാര കേന്ദ്രങ്ങളെയും അടിമുടി ഉടച്ച് വാര്‍ക്കാന്‍ പാക് സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍. പാക്കിസ്ഥാനെ വിഭജിക്കാനാണ് അസിം മുനിറിന്‍റെ നീക്കം. നിലവില്‍ പഞ്ചാബ്, സിന്ധ്, ഖൈബര്‍ പക്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ എന്നിങ്ങനെ നാല് വലിയ പ്രവിശ്യകളായാണ് പാക്കിസ്ഥാന്‍ കിടക്കുന്നത്. ഈ നാല് പ്രവിശ്യകളെയും 15 പ്രവിശ്യകളും 160 ചെറു പ്രദേശങ്ങളുമായി തിരിക്കാനാണ് അസിം മുനീറിന്‍റെ പദ്ധതിയെന്ന് 'ദി ഇക്കണോമിസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. Also Read:യുഎസ് ചങ്ങാത്തം നേട്ടമായി; പാക്കിസ്ഥാന് ഐഎംഎഫ് 11,613 കോടി രൂപ നല്‍കും
പാക്കിസ്ഥാന്‍റെ അധികാരകേന്ദ്രങ്ങളെ ഉടച്ചുവാര്‍ക്കുന്നതാണ് നടപടിയെന്നാണ് വിലയിരുത്തല്‍. ഭൂപടത്തില്‍ അതിര്‍ത്തികളും സ്ഥലനാമങ്ങളും മാത്രമല്ല മാറ്റപ്പെടുകയെന്ന് സാരം. വമ്പന്‍ പ്രവിശ്യകള്‍ വിഭജിക്കപ്പെടുന്നതോടെ ഇവിടം കയ്യടക്കി വച്ചിരിക്കുന്ന സമാന്തര അധികാര കേന്ദ്രങ്ങള്‍ ദുര്‍ബലമാകും. ഇതിന്‍റെ ഫലമായി രാജ്യത്തെ സര്‍ക്കാര്‍ സംവിധാനം സൈന്യത്തോട് കൂടുതല്‍ വിധേയത്വം കാണിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജനസംഖ്യാബാഹുല്യം നാല് പ്രവിശ്യകളിലുമുണ്ട്. 128 മില്യണ്‍ ജനങ്ങളുള്ള പഞ്ചാബ് ആണ് ഇതില്‍ ഒന്നാമത്. പാക്കിസ്ഥാനിലെ പകുതിയിലേറെ ജനങ്ങളും പഞ്ചാബിലാണെന്ന് പറയാം. വലിപ്പത്തില്‍ വലിയത് ബലൂചിസ്ഥാനാണെങ്കിലും 15 മില്യണ്‍ ജനങ്ങള്‍ മാത്രാണ് ബലൂചിസ്ഥാനിലുള്ളത്. ജനപ്പെരുപ്പം കൊണ്ടുതന്നെ പഞ്ചാബിന്‍റെ ഭരണ നിര്‍വഹണം പലപ്പോഴും പാക് സര്‍ക്കാരിനൊരു കീറാമുട്ടിയായിരുന്നിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ സേവനം കിട്ടാന്‍ ഗ്രാമവാസികള്‍ക്ക് മണിക്കൂറുകളോളം യാത്ര ചെയ്യേണ്ട സ്ഥിതി ഇപ്പോഴുമുണ്ട്. പഞ്ചാബിലെ ജനസംഖ്യയില്‍ നാലിലൊരു വിഭാഗത്തിന് മാത്രമാണ് വീട്ടില്‍ കുടിവെള്ളവും വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമുള്ളത്.
അസിം മുനീര്‍ കൂടുതല്‍ കരുത്തനാകുന്നോ? പാക്കിസ്ഥാന്‍റെ ചരിത്രത്തില്‍ സുദീര്‍ഘമായ കാലം അധികാരം കയ്യാളിയിരുന്നത് സൈന്യം നേരിട്ടാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ സൈന്യത്തിന്റെ നിഴലായി മാത്രം പ്രവര്‍ത്തിച്ചു. പാക്കിസ്ഥാനെ ചെറു സംസ്ഥാനങ്ങളായി വിഭജിച്ച് കഴിയുന്നതോടെ രാജ്യത്തെ മൂല്യമേറിയ സ്ഥലം,വസ്തുവകകള്‍, സമ്പത്ത് എന്നിവ സൈന്യത്തിലേക്ക് നേരിട്ട് വന്ന് ചേരും. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതിനായാണ് ചെറു സംസ്ഥാനങ്ങളായി വിഭജിക്കുന്നതെന്നാണ് വയ്പ്പെങ്കിലും ഇത് നടപ്പിലാകാനുള്ള സാധ്യത തുച്ഛമാണ്. മറിച്ച് ദുര്‍ബലമാകുന്ന അധികാര കേന്ദ്രങ്ങള്‍ സൈന്യത്തിന് കൂടുതല്‍ വിധേയപ്പെടും.
പാക് പഞ്ചാബില്‍ പാക്കിസ്ഥാന് മുസ്ലിം ലീഗ് നവാസിന്‍റെ ആധിപത്യമാണെങ്കില്‍ സിന്ധ് ഇപ്പോഴും പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമാണ്. സൈനിക ഭരണത്തില്‍പ്പോലും ഇരു പ്രവിശ്യകളും സ്വന്തം രാഷ്ട്രീയ അധികാരത്തിലാണ് കഴിഞ്ഞത്. വിഭജിക്കപ്പെടുന്നതോടെ ഈ മേല്‍ക്കോയ്മ തകരും. ഖൈബര്‍ പക്തൂണ്‍ഖ്വയിലാവട്ടെ വലിയ രാഷ്ട്രീയ പ്രതിസന്ധിയും നിലവിലുണ്ട്. ബലൂചിസ്ഥാനില്‍ നിന്നുള്ള വിമതരുടെ ശല്യവും പാക്കിസ്ഥാന്‍റെ സ്വൈര്യം െകടുത്തുന്നു. വിഭജനത്തോടെ പാക്കിസ്ഥാനില്‍ നിന്ന് സ്വതന്ത്രമാകാനുള്ള സമ്മര്‍ദമാണ് വിമതര്‍ ചെലുത്തുന്നത്. ഇതിന് പുറമെ പാക് അധിനിവേശ കശ്മീരിലും സൈന്യത്തിനും സര്‍ക്കാരിനുമെതിരായ ശക്തമായ വികാരം നിലനില്‍ക്കുന്നു.
അതേസമയം, പാക്കിസ്ഥാനെ വിഭജിക്കാനുള്ള ഈ തീരുമാനം അത്ര പുതിയതല്ലെന്നാണ് ചരിത്രം പറയുന്നത്. പാക്കിസ്ഥാന്‍ പ്ലാനിങ് മിനിസ്റ്റര്‍ അഹ്സാന്‍ ഇക്ബാല്‍ നേരത്തെയും വിഭജനത്തെ കുറിച്ച് സൂചന നല്‍കിയിരുന്നു. എന്നാല്‍ പാക് സര്‍ക്കാരിലും രാഷ്ട്രീയത്തിലും അസിം മുനിര്‍ പിടിമുറുക്കിയതോടെ വിഭജനം സജീവ ചര്‍ച്ചയിലേക്ക് വീണ്ടുമെത്തുകയായിരുന്നു.