പാക്കിസ്ഥാന് അഞ്ചാഴ്ചയ്ക്കുള്ളില്‍ 11,613 കോടി രൂപ (33,207 കോടി പാക്കിസ്ഥാന്‍ രൂപ) ലഭ്യമാക്കാന്‍ രാജ്യാന്തര നാണയ നിധിയില്‍ (IMF) ധാരണ. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന പാക് ഭരണകൂടത്തിന് ഇത് വലിയ ആശ്വാസമാകും. ഐഎംഎഫ് എക്‌സിക്യൂട്ടീവ് ബോർഡിന്റെ അന്തിമ അംഗീകാരം ലഭിക്കുന്നതോടെ മുഴുവന്‍ തുകയും പാക്കിസ്ഥാന് കൈമാറും.
രണ്ട് വ്യത്യസ്ത സാമ്പത്തിക പാക്കേജുകളിലായി 1.2 ബില്യൺ യുഎസ് ഡോളർ വിട്ടുകൊടുക്കാനുള്ള ഉദ്യോഗസ്ഥതല ധാരണയിൽ ഐഎംഎഫും പാക്കിസ്ഥാനും ഒപ്പുവെച്ചു. ഐഎംഎഫ് പ്രതിനിധി ഐവ പെട്രോവയുടെ നേതൃത്വത്തിലുള്ള സംഘം കറാച്ചിയിലും ഇസ്ലാമാബാദിലും രണ്ടാഴ്ചയോളം നടത്തിയ മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ധാരണയായത്.
ദീർഘകാല ധനസഹായ പദ്ധതി (EFF), സുസ്ഥിരതാ സഹായ പദ്ധതി (RSF) എന്നിവയാണ് ഇപ്പോള്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ള പാക്കേജുകള്‍. ഇഇഎഫ് വഴി ഒരു ബില്യന്‍ ഡോളറും പരിസ്ഥിതി, സാമ്പത്തിക സുസ്ഥിരത സംബന്ധിച്ച പാക്കേജ് വഴി 210 ദശലക്ഷം ഡോളറുമാണ് കൈമാറുക. ഇതോടെ ഐഎംഎഫ് പാക്കിസ്ഥാന് ഈ പദ്ധതി വഴി കൈമാറുന്ന ആകെ ധനസഹായം 5.7 ബില്യൺ ഡോളറായി ഉയരും.
ഇറാന്‍ യുദ്ധത്തിലും പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലും പാക്കിസ്ഥാന്‍ നടത്തിയ ഇടപെടലുകളും അമേരിക്കയുമായുള്ള ചങ്ങാത്തം ദൃഢമായതുമാണ് ഐഎംഎഫ് വേഗത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ കാരണമെന്നാണ് നിഗമനം. പുതിയ സൈനിക, ശാക്തിക സഖ്യങ്ങള്‍ രൂപീകരിച്ചതും സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ പാക്കിസ്ഥാന് ഗുണമായെന്ന് കരുതുന്നവരുണ്ട്.
പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും കര്‍ശനമായ നയങ്ങളിലൂടെ സാമ്പത്തിക സ്ഥിരത വീണ്ടെടുക്കാൻ പാക്കിസ്ഥാന് കഴിഞ്ഞെന്നാണ് ഐഎംഎഫ് സംഘത്തിന്‍റെ വിലയിരുത്തല്‍. സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ 4 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തിയെങ്കിലും ഉയർന്ന എണ്ണവിലയും വിതരണ തടസ്സങ്ങളും കാരണം മൊത്തം വാർഷിക വളർച്ച 3.6 ശതമാനത്തിൽ ഒതുങ്ങിയേക്കും. മേയില്‍ കുത്തനെ ഉയര്‍ന്ന പണപ്പെരുപ്പം കഴിഞ്ഞ മാസത്തോടെ 10.3 ശതമാനത്തിലേക്ക് താഴ്ന്നതും നേട്ടമായി. സെപ്റ്റംബർ അവസാനത്തോടെ വിദേശ നാണ്യ ശേഖരം 2,100 കോടി ഡോളറായി ഉയർന്നുവെന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.
താൽക്കാലിക ആശ്വാസമാണെങ്കിലും പാക്കിസ്ഥാന്റെ സാമ്പത്തിക ഭാവിയെക്കുറിച്ച് ഐഎംഎഫ് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷം, ക്രൂഡ് ഓയിൽ വിലക്കയറ്റം, ആഗോള സാമ്പത്തിക രംഗത്തെ കടുത്ത നിയന്ത്രണങ്ങൾ എന്നിവ ഇനിയും വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചേക്കാമെന്നും അവര്‍ വ്യക്തമാക്കി.