ഇസ്രയേലില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് ഇന്നേക്ക് മൂന്നാണ്ട്. 2023 ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേലിന്റെ കണ്ണുവെട്ടിച്ച് ഹമാസ് ആക്രമണം നടത്തിയത്. തുടര്‍ന്ന് ഇസ്രയേല്‍ നടത്തിയ കൂട്ടക്കൊലയില്‍ എണ്‍പത്താറായിരത്തിലധികം പേര്‍ കൊല്ലപ്പെടുകയും ഗാസ സമൂലം നശിപ്പിക്കപ്പെടുകയും ചെയ്തു.
ലോകത്തിലെ ഏറ്റവും മികച്ചതെന്നു വാഴ്ത്തപ്പെടുന്ന ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് ഹമാസിന്‍റെ മിന്നലാക്രമണം. ഇസ്രയേലില്‍ കൊല്ലപ്പെട്ടത് ആയിരത്തി ഇരുന്നൂറിലധികംപേര്‍. ക്രൂരമായി ബന്ദികളാക്കപ്പെട്ടത് യുവതീയുവാക്കളടക്കം ആയിരത്തോളംപേര്‍. അതിനുശേഷം ഇസ്രയേലിന്‍റെ എല്ലാ ശക്തിയും ഗാസയെന്ന മുനമ്പിലേക്ക് അടിച്ചമര്‍ത്തപ്പെടുന്ന കാഴ്ചയാണ് ലോകം കണ്ടത്. കണ്ണില്‍ കണ്ടതെല്ലാം തച്ചുതകര്‍ത്ത് യുദ്ധനിയമങ്ങളെല്ലാം മറന്ന് കൂട്ടക്കൊല. ഗാസയും പലസ്തീനും കടന്ന് യുദ്ധം ലെബനനിലേക്കും സിറിയയിലേക്കും വ്യാപിച്ചു. അതിനിടെ ഇറാനിലും ഖത്തറിലും ആക്രമണമുണ്ടായി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ സമാധാനകരാര്‍ നിലവില്‍ വന്നെങ്കിലും ഗാസയില്‍ സമാധാനം അകലെയാണ്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചശേഷം ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1450കടന്നു. അയ്യായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു. ഹമാസിന്റെ മുന്‍നിരനേതാക്കളെല്ലാം കൊല്ലപ്പെട്ടെങ്കിലും ആക്രമണം തുടരുന്നത് ഗാസയുടെ പുനര്‍നിര്‍മാണത്തിനടക്കം തിരിച്ചടിയാണ്.
ഒക്ടോബര്‍ എഴിന് ആക്രമണം നടത്തിയ ആറായിരത്തില്‍ നാലായിരം പേരെ കൊലപ്പെടുത്തിയെന്നും ബാക്കിയുള്ളവരെയും നശിപ്പിക്കുമെന്നുമാണ് വാര്‍ഷികദിനത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്. വിവിധ രാജ്യങ്ങള്‍ സഹായമെത്തിക്കുന്നുണ്ടെങ്കിലും തച്ചുതകര്‍ക്കപ്പെട്ട ഗാസയെ പുനര്‍നിര്‍മിക്കാന്‍ അത് തൃപ്തമല്ല. ഗാസയുടെ എഴുപതുശതമാനത്തോളം മേഖലയില്‍ ഇസ്രയേല്‍ സൈന്യം പിടിമുറുക്കിയിരിക്കുകയാണ്. ഒന്നുകില്‍ പലായനം അല്ലെങ്കില്‍ ദുരിതം അതാണ് ഗാസയില്‍ അവശേഷിക്കുന്ന ജീവതങ്ങളുടെ നിലവിലെ അവസ്ഥ.