flydubai-israel-tweet

ദുബായിൽ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രക്കിടെ ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ ഇന്ന് വൈകീട്ട് വന്ന ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ട്വീറ്റിലെ നയതന്ത്രം ആഗോളതലത്തില്‍ ചര്‍ച്ചയാകുന്നു. വിമാനത്തിലുള്ള നൂറിലധികം ജീവനുകള്‍ രക്ഷിക്കാനായി ഇസ്രയേല്‍ യാത്രക്കാരും ഇന്ത്യൻ പൈലറ്റും യുഎഇ ജീവനക്കാരും ഒന്നിക്കുകയായികുന്നു. ഇത് ഇസ്രയേൽ, യു.എ.ഇ, ഇന്ത്യ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ ആഗോള സഹകരണത്തിന്റെയും ഭീകരവിരുദ്ധ നിലപാടിന്റെയും ഉദാഹരണമെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇസ്രയേല്‍. ഒപ്പം ഇതാണ് ‘നമ്മുടെ’ ഭാവിയെന്നും പോസ്റ്റില്‍ ഇസ്രയേല്‍ പറയുന്നു.

‘ദുബായ്- ടെൽ അവീവ് വിമാനം തകർത്ത് വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും കൊലപ്പെടുത്താനാണ് ആ ജിഹാദി ഭീകരൻ ശ്രമിച്ചത്. എന്നാൽ, ജീവൻ പണയം വെച്ച് ധീരമായി പോരാടിയ ഇസ്രയേലി യാത്രക്കാരും, വിമാനം രക്ഷിക്കാൻ ഉറച്ചുനിന്ന ഇന്ത്യൻ പൈലറ്റും എമിറാത്തി ക്രൂവുമാണ് അവനെ നേരിട്ടത്. ഭീകരവാദത്തിനെതിരെ ഇസ്രയേലികളും എമിറാത്തികളും ഇന്ത്യക്കാരും ഒന്നിച്ച് അണിനിരക്കുന്നു. അതാണ് നമ്മുടെ മേഖലയുടെയും ലോകത്തിന്റെയും ഭാവി’– ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം എക്സില്‍ കുറിച്ചു. മൂന്ന് രാജ്യങ്ങളുടേയും പതാകകളും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ALSO READ: ശബ്ദത്തിനോടടുത്ത വേഗതയില്‍ കൂപ്പുകൂത്തി; തകരാതെ ഫ്ലൈദുബായ് ബോയിങ് 737 മാക്സ്! വാനോളം പ്രശംസ ...

സെപ്റ്റംബർ 30-ന് 180 യാത്രക്കാരുമായുള്ള യാത്രക്കിടെ വിമാനത്തിലെ സഹപൈലറ്റ് ഹമാം അൽ ഹമാമി വിമാനം ഇടിച്ചിറക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചത് ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ഛാറും ഓഫ്-ഡ്യൂട്ടി ജീവനക്കാരുമായിരുന്നു. 17,000 അടിയോളം കുത്തനെ താഴേക്ക് പതിച്ച വിമാനത്തെ തിരികെ നിയന്ത്രണത്തിലാക്കി സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കാൻ കഴിഞ്ഞതോടെ വൻ ദുരന്തമാണ് ഒഴിവായത്. സംഭവം നടന്നയുടൻ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ നേരിട്ട് വിളിച്ച് നന്ദിയും അഭിനന്ദനവും അറിയിച്ചിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ക്യാപ്റ്റനെ വിളിച്ചിരുന്നു. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്യാപ്റ്റനെ സന്ദർശിക്കുകയും ചെയ്തിരുന്നു.

ആകാശത്തുണ്ടായ ഭീകരാക്രമണ ശ്രമത്തെ സംയുക്തമായി നേരിടുകയും ഉടനടി വിവരങ്ങൾ പങ്കുവെക്കുകയും ചെയ്തത് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര, സുരക്ഷാ ബന്ധങ്ങളുടെ വ്യാപ്തി കാണിക്കുന്നതായാണ് ഇസ്രയേല്‍ പുതിയ പോസ്റ്റിലൂടെ സൂചിപ്പിക്കുന്നത്. ഇസ്രായേലി പൗരന്മാരും യു.എ.ഇ പൗരന്മാരും ഇന്ത്യൻ ജീവനക്കാരും ഒന്നിച്ച് സഞ്ചരിച്ച വിമാനത്തിൽ എല്ലാവരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചതും അതിനുശേഷം രാജ്യങ്ങൾ കാണിച്ച ഐക്യവും ഭീകര സംഘടനകൾക്ക് നൽകുന്നത് വലിയൊരു മുന്നറിയിപ്പാണെന്നും ഇസ്രയേല്‍ ചൂണ്ടിക്കാണിക്കുന്നു.

ENGLISH SUMMARY:

The diplomatic significance of a recent tweet by Israel's Foreign Ministry following a foiled terror attempt on a Flydubai flight has become a global talking point. During the Dubai-Tel Aviv flight, co-pilot Hamam Al-Hamami attempted to crash the aircraft, but Indian-origin Captain Smit Machhar alongside off-duty crew and Israeli passengers successfully neutralized the threat. Israel highlighted this brave joint effort as a strong example of global counter-terrorism cooperation and deep strategic unity between Israel, the UAE, and India. Following the safe emergency landing in Saudi Arabia, leaders including Israeli PM Netanyahu, Indian PM Narendra Modi, and UAE Deputy PM Sheikh Hamdan personally commended Captain Machhar for his extraordinary heroism.