flydubai-boeing-737-max

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി ബോയിങ് വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയായിരുന്നു. ഇത് യാത്രക്കാരിലും വ്യോമയാന രംഗത്തും പലതരത്തിലുള്ള ആശങ്കകള്‍ക്ക് വഴിവച്ചു. സാങ്കേതിക തകരാറുകൾ, അടിയന്തര ലാൻഡിങുകൾ, വൻ അപകടങ്ങൾ– ഇക്കാലയളവില്‍ ബോയിങ് വാർത്തകളിൽ ഇടംപിടിച്ചിരുന്നത് ഇങ്ങനെയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് 174 യാത്രക്കാരുമായി പറന്ന ഫ്ലൈദുബായ് - FZ1073 ഉം ഒരു ബോയിങ് വിമാനമായിരുന്നു. ബോയിങ് 737 മാക്സ്. വിമാനത്തിന്‍റെ കോക്ക്പിറ്റിൽ വച്ച് കോ-പൈലറ്റ് ക്യാപ്റ്റനെ ക്രൂരമായി ആക്രമിക്കുകയും വിമാനം തകർക്കാൻ ശ്രമിക്കുകയും ചെയ്തതിനെത്തുടർന്ന് വിമാനം നിമിഷങ്ങൾക്കകം 17,000 അടിയിലധികം താഴേക്കാണ് അതിവേഗത്തില്‍ കൂപ്പുകുത്തിയത്. എന്നാൽ ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടും വിമാനം തകരാതെ നിയന്ത്രണവിധേയമാക്കാനും സൗദി അറേബ്യയിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്താനും സാധിച്ചതാണ് ഇന്ന് വ്യോമയാന വിദഗ്ധരെപ്പോലും അദ്ഭുതപ്പെടുത്തുന്നത്.

കോക്ക്പിറ്റിൽ സംഭവിച്ചത്?

വിമാനം 34,000 അടി ഉയരത്തിൽ സഞ്ചരിക്കവേ കോ-പൈലറ്റായ ഹമാം അൽ-ഹമാമി, ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ ക്രാഷ് ആക്സ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ക്യാപ്റ്റന് ഗുരുതരമായി പരിക്കേൽക്കുകയും കോ-പൈലറ്റ് വിമാനം താഴേക്ക് ഇടിച്ചിറക്കാന്‍ ശ്രമിക്കുകയും ചെയ്തതോടെ വിമാനം നിമിഷങ്ങൾക്കം കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങി. എന്നാല്‍ ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റന്‍ കാണിച്ച അസാധാരണ മനോധൈര്യമാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. ക്യാപ്റ്റന്‍ കോക്ക്പിറ്റിന്‍റെ വാതില്‍ തുറന്നതോടെ യാത്രക്കാരും ക്യാബിന്‍ക്രൂവും കോക്ക്പിറ്റില്‍ കടന്ന് കോ പൈലറ്റിനെ കീഴ്പ്പെടുത്തുകയായിരുന്നു. പിന്നാലെ യാത്രക്കാരായി വിമാനത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ടു പൈലറ്റുമാര്‍ കോക്ക്പിറ്റിന്‍റെ നിയന്ത്രണം ഏറ്റെടുത്ത് വിമാനം ലാന്‍ഡ് ചെയ്യിപ്പിക്കുകയായിരുന്നു.

40 സെക്കൻഡുകൾ; മരണമുഖത്തുനിന്നുള്ള തിരിച്ചു വരവ്

കോക്ക്പിറ്റിലെ ഓട്ടോപൈലറ്റ് ഓഫാക്കിയ സഹപൈലറ്റ് വിമാനത്തിന്റെ കൺട്രോളുകൾ ജാം ചെയ്യുകയായിരുന്നു. ഫ്ലൈറ്റ്റഡാർ24ന്‍റെ ഡാറ്റ പ്രകാരം വെറും 30– 40 സെക്കൻഡുകൾക്കുള്ളിൽ വിമാനം 14,000 അടിയിലധികം താഴേക്ക് പതിച്ചു. 17,000 അടിയോളം താഴേക്ക് കൂപ്പുകുത്തിയ ശേഷമാണ് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാൻ കഴിഞ്ഞത്. സാധാരണ യാത്രാവിമാനങ്ങൾ സഞ്ചരിക്കുന്ന പരമാവധി സുരക്ഷിത വേഗത Mach 0.82 ആണ്. എന്നാല്‍ ഇവിടെ ബോയിങ് 737 മാക്സ് വിമാനം മാക് 0.96 വേഗതയിലാണ് താഴേക്ക് കുതിച്ചത്. ഇത് ഏകദേശം ശബ്ദത്തിന്‍റെ വേഗതയ്ക്ക് (Mach 1) തൊട്ടടുത്താണ്. മാത്രമല്ല കുത്തനെ താഴേക്ക് പതിക്കുമ്പോൾ ഉണ്ടായ അമിതമായ ജി-ഫോഴ്സും (G-Force) വായുവിന്റെ കടുത്ത സമ്മർദ്ദവും കാരണം വിമാനത്തിന്റെ വാൽഭാഗത്തെ റഡറിന്റെ വലിയൊരു ഭാഗം കാറ്റിൽ തകർന്നു പോയിരുന്നു. ഈ റഡറാണ് വിമാനത്തിന്റെ മുൻഭാഗം ഇടത്തോട്ടും വലത്തോട്ടും തിരിക്കാൻ സഹായിക്കുന്നത്. റഡർ നഷ്ടപ്പെട്ടിട്ടും വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനായത് വന്‍ ദുരന്തമാണ് ഒഴിവാക്കിയത്.

റഡർ തകർന്നുപോകാൻ തക്കവിധം ശക്തമായ എയറോഡൈനാമിക് സമ്മർദ്ദമാണ് അവിടെയുണ്ടായതെന്നും എന്നിട്ടും വിമാനം വായുവിൽ ചിന്നിച്ചിതറി പോകാതിരുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്നുവെന്നും മുൻ യുണൈറ്റഡ് എയർലൈൻസ് പൈലറ്റ് പ്രതികരിച്ചിരുന്നു. മറ്റൊരു 40 സെക്കൻഡ് കൂടെ ഈ അവസ്ഥ തുടർന്നിരുന്നെങ്കിൽ വിമാനം നിലംപതിക്കുമായിരുന്നെന്നും ഇത്രയും വലിയ വേഗതയിലും സമ്മർദ്ദത്തിലും വിമാനത്തിന്റെ ചിറകുകളോ ഘടനയോ തകരാതെ അതിജീവിച്ചത് അദ്ഭുതമാണെന്നുമാണ് വ്യോമയാന രംഗത്തെ വിദഗ്ധർ പറയുന്നത്.

ഇത്തരത്തില്‍ ഗുരുതരമായ ഘടനാപരമായ കേടുപാടുകൾ സംഭവിച്ചിട്ടും, പരുക്കേറ്റ ക്യാപ്റ്റൻ സ്മിത് മച്ഛറും സഹായത്തിനെത്തിയ പൈലറ്റുമാരും ചേർന്ന് വിമാനം സുരക്ഷിതമായി സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ലാന്‍ഡിങ്ങിന് പിന്നാലെ അക്രമിയായ കോ-പൈലറ്റിനെ സൗദി അധികൃതർ അറസ്റ്റ് ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വലിയൊരു ഭീകരാക്രമണ ശ്രമത്തിൽ നിന്നും ദുരന്തത്തിൽ നിന്നും 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ഛാറിന്റെയും യാത്രക്കാരുടെയും ധീരതയെ വ്യോമയാന മേഖല അഭിനന്ദിക്കുകയാണ്.

പഴികേട്ട ഭൂതകാലം

2018-ലും 2019-ലും ബോയിങ് 737 മാക്സ് വിമാനങ്ങൾ നേരിട്ട പ്രധാന പ്രശ്നം അതിന്റെ MCAS (Manoeuvring Characteristics Augmentation System) എന്ന സോഫ്റ്റ്‌വെയർ തകരാറായിരുന്നു. വിമാനം തനിയെ മൂക്കു കുത്തി താഴേക്ക് പതിക്കാൻ ഇത് കാരണമാവുകയും വലിയ ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്തു. 2019 മാര്‍ച്ച് പത്തിന് ആഡിസ് അബാബയില്‍ നിന്ന് പറന്നുയര്‍ന്ന ഏത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ പുത്തന്‍ ബോയിങ് വിമാനം ഒരുമിനിറ്റ് പിന്നിടും മുന്‍പ് തകര്‍ന്നുവീണ് കൊല്ലപ്പെട്ടത് 157 പേരായിരുന്നു. അതിനും ആറുമാസം മുന്‍പ് ഇന്തോനേഷ്യയിലെ ലയണ്‍ എയറിന്റെ പുതിയ ബോയിങ് സെവന്‍ ത്രീ സെവന്‍ മാക്സ് എയിറ്റ് (737 Max 8) ടേക്കോഫ് ചെയ്ത് 13 മിനിറ്റ് കഴിഞ്ഞപ്പോള്‍ ജക്കാര്‍ത്തയ്ക്കടുത്ത് കടലില്‍ തകര്‍ന്നുവീണ് കൊല്ലപ്പെട്ടത് 189 പേരും. ഇതോടെ ഈ വിമാനങ്ങള്‍ ഇടക്കാലത്ത് ആരും പറത്താതെയായിരുന്നു. 2025 ജൂണില്‍ അഹമ്മദാബാദിലുണ്ടായ വിമാനാപകടവും ബോയിങിലെ സുരക്ഷാപ്രശ്നങ്ങള്‍ സജീവ ചര്‍ച്ചയാക്കിയിരുന്നു.

എന്നാൽ അതേ മാക്സ് വിമാനം തന്നെയാണ് ഇവിടെ അവിശ്വസനീയമായ രീതിയിൽ 17,000 അടിയോളം കൂപ്പുകുത്തിയിട്ടും അതിജീവിച്ചത്. ഇത് കമ്പനിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സംഭവത്തിന് പിന്നാലെ ബോയിങ് കമ്പനിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപും രംഗത്തെത്തി. രൂപകൽപ്പന ചെയ്തതിനേക്കാളും പ്രതീക്ഷിച്ചതിനേക്കാളും ഉയർന്ന ജി-ഫോഴ്സിനെയും സമ്മർദ്ദത്തെയും അതിജീവിക്കാൻ സാധിച്ച 737 മാക്സ് നിർമ്മിച്ച മികച്ച ബോയിങ് കമ്പനിക്ക് അഭിനന്ദനങ്ങൾ. മികച്ച ഘടനാപരമായ പ്ലാനിങ്ങിന്റെയും ഡിസൈനിന്റെയും പ്രകടനമാണിത്. ആകാശത്തിലെ ഏറ്റവും മികച്ച യാത്രാവിമാനങ്ങൾ നിർമ്മിക്കുന്ന ബോയിങ്ങിന് അർഹിച്ച അംഗീകാരം നൽകേണ്ട സമയമാണിതെന്നും ട്രംപ് പറഞ്ഞു.

ENGLISH SUMMARY:

A Flydubai Boeing 737 MAX flight bound for Tel Aviv was forced to make an emergency landing in Saudi Arabia following a violent cockpit assault. The co-pilot attacked the Indian-origin captain with a crash axe, switching off the autopilot and sending the aircraft into a terrifying 17,000-foot dive at speeds near Mach 0.96. Despite severe aerodynamic stress that tore off part of the tail's rudder, the injured captain opened the cockpit door, allowing passengers and off-duty pilots to subdue the attacker and safely control the plane. Aviation experts and U.S. President Donald Trump praised the structural durability of the Boeing 737 MAX for surviving extreme G-forces without disintegrating in mid-air.