Image Credit: X
ദുബായിൽ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ വച്ച് ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമിച്ച ഒമാനി സഹപൈലറ്റ് ഹമാം അൽ ഹമാമിയെ പ്രശംസിച്ച് ഭീകര സംഘടനയായ അൽ ഖായിദ. സമാന രീതിയിൽ യു.എസ്, ഇസ്രയേൽ വിമാനങ്ങൾക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ നടത്താനും ഭീകരസംഘടന അണികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. അൽ ഖായിദയുടെ മുഖപത്രമായ അല്‍ ബയാന്‍റെ മുഖപ്രസംഗത്തിലാണ് ആക്രമണ ആഹ്വാനമുള്ളത്.
‘സെപ്റ്റംബർ 11-നും സെപ്റ്റംബർ 30-നും ഇടയിൽ’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ലേഖനത്തിൽ 2001 സെപ്റ്റംബർ 11-ന് ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറ്റിയ ചിത്രവും, സെപ്റ്റംബർ 30-ന് ഫ്ലൈദുബായ് വിമാനത്തിൽ നടന്ന ആക്രമണ ശ്രമത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. ഇസ്രയേലികളെയും അമേരിക്കക്കാരെയും കൊണ്ട് പറക്കുന്ന വിമാനങ്ങൾ ഇപ്പോഴും ആകാശത്തുണ്ട്. സെപ്റ്റംബർ 11-നും സെപ്റ്റംബർ 30-നും നടന്നതുപോലെ ഈ വിമാനങ്ങൾക്ക് നേരെ ഇനിയും ആക്രമണങ്ങൾ ഉണ്ടാകണം എന്ന് ലേഖനത്തിൽ പറയുന്നു. ഹമാം അൽ ഹമാമി നടത്തിയ നീക്കത്തെ മാതൃകയാക്കി കൂടുതൽ പേർ ഇത്തരം വിമാനങ്ങൾ ലക്ഷ്യമിട്ട് രംഗത്തിറങ്ങണമെന്നും അൽ ഖായിദ ആവശ്യപ്പെടുന്നുണ്ട്.
‘അമേരിക്കയ്ക്കും സയണിസ്റ്റുകൾക്കും ഇന്ന് മുമ്പത്തേക്കാൾ കൂടുതല്‍ ശത്രുക്കൾ ഉണ്ട്. ഒരുപക്ഷേ ദൈവത്തിൽ വിശ്വസിക്കാത്ത ഒരാൾ പോലും അവരെ ലക്ഷ്യം വച്ചേക്കാം, അയാളുടെ പ്രവർത്തനം ആത്യന്തികമായി ഇസ്‌ലാമിന് ഗുണം ചെയ്യും. ദുഷ്ടരായ അമേരിക്കയുടെ സാമ്രാജ്യം അവസാനിക്കാൻ പോകുന്ന ദിവസം വരും’– ലേഖനത്തില്‍ അല്‍ ഖായിദ പറയുന്നു. അതിനിടെ ലേഖനം പിന്നീട് പിന്‍വലിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ സെപ്റ്റംബർ 30-നാണ് 180 യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ഫ്ലൈദുബായ് വിമാനത്തിൽ കോ പൈലറ്റായ ഹമാം അൽ ഹമാമി ആക്രമണം നടത്തിയത്. ഇന്ത്യൻ വംശജനായ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം വിമാനം ഇടിച്ചിറക്കാനായിരുന്നു ശ്രമം. എന്നാൽ പരുക്കേറ്റ ക്യാപ്റ്റന്റെയും യാത്രക്കാരുടെയും ക്യാബിന്‍ ക്രൂവിന്‍റെയും ധീരമായ ഇടപെടലിലൂടെ ഇയാളെ കീഴടക്കുകയും സൗദി അറേബ്യയിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തുകയുമായിരുന്നു.
സംഭവം ഭീകരാക്രമണമാണെന്ന് യു.എ.ഇ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ യു.എ.ഇ കസ്റ്റഡിയിലുള്ള ഹമാം അൽ ഹമാമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളും മുൻകാല പ്രവർത്തനങ്ങളും വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.