flydubai-tel-aviv-attack-details

ദുബായിൽ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടെ ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ഭീകരാക്രമണ ശ്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് വിമാനം ഇടിച്ചിറക്കി 9/11 മാതൃകയിലുള്ള ഭീകരാക്രമണം നടത്താനായിരുന്നു കോ–പൈലറ്റ് ഹമാം അൽ-ഹമാമി ലക്ഷ്യമിട്ടിരുന്നതെന്നുള്ള അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നു. ഒമാൻ പൗരനായ അൽ-ഹമാമി യുഎഇയിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ വിശദാംശങ്ങളാണ് ഇസ്രയേലി മാധ്യമങ്ങൾ പുറത്തുവിട്ടത്. ആദ്യം ജൂലൈയിലായിരുന്നു ഇയാള്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹമാം അൽ-ഹമാമിക്ക് വധശിക്ഷയുൾപ്പെടെ കഠിനമായ ശിക്ഷ ഉറപ്പാക്കാൻ യുഎഇ ശ്രമിക്കുന്നതായി ഇസ്രയേലി മാധ്യമമായ 'വൈനെറ്റ്' റിപ്പോർട്ട് ചെയ്തു.

വിമാനത്തിന്റെ ക്യാപ്റ്റനായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാറിനെ വധിച്ച ശേഷം, സംശയങ്ങൾക്കിട നൽകാതെ സാധാരണ നിലയിൽ ലാൻഡിങ് അനുമതികൾ നേടി ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ കെട്ടിടത്തിലേക്കോ വിമാനങ്ങളിലേക്കോ വിമാനം ഇടിച്ചിറക്കാനായിരുന്നു ഇയാളുടെ നീക്കം. ബെൻ ഗുറിയോൺ ലക്ഷ്യമിടാൻ സാധിച്ചില്ലെങ്കിൽ ടെല്‍ അവീവയിലെ ഉയരമുള്ള കെട്ടിടങ്ങളിലോ ജോർദാനിലെ യുഎസ് സൈനിക താവളത്തിലോ വിമാനം ഇടിച്ചു തകർക്കുമായിരുന്നുവെന്നും ഇയാൾ വെളിപ്പെടുത്തി.

ടെല്‍ അവീവിലേക്ക് സർവീസ് നടത്തുന്നു എന്ന ഒറ്റക്കാരണത്താലാണ് താൻ ഫ്ലൈദുബായിൽ ജോലിക്ക് അപേക്ഷിച്ചതെന്നും അൽ-ഹമാമി അന്വേഷണസംഘത്തോട് സമ്മതിച്ചു. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ആക്രമണം നടത്താൻ ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ വിമാനത്തിലെ ജീവനക്കാരുമായുള്ള സൗഹൃദം കാരണം അത് മാറ്റിവെക്കുകയായിരുന്നു. അതേസമയം, തീവ്ര നിലപാടുകളുടെ പേരിൽ സ്വന്തം രാജ്യമായ ഒമാൻ ഇയാളെ പറക്കുന്നതിൽ നിന്ന് വിലക്കിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇത്തരമൊരു വ്യക്തി എങ്ങനെ ഫ്ലൈദുബായിൽ പൈലറ്റായി എത്തിയെന്നതിലും, ഇസ്രയേലുമായി നയതന്ത്രബന്ധമില്ലാത്ത ഒമാനിലെ ഒരു പൗരന് ഇസ്രയേലിലേക്ക് വിമാനം പറത്താൻ അനുമതി ലഭിച്ചതിലും വലിയ സുരക്ഷാവീഴ്ചയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

അല്‍–ഹമാമി എങ്ങിനെയാണ് തീവ്രവാദ ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ഇയാളുടെ സമൂഹമാധ്യമങ്ങളും നിരീക്ഷണത്തിലാണ്. ഇയാൾ ഡിലീറ്റ് ചെയ്ത 'എക്സ്' അക്കൗണ്ടിലെ മൂവായിരത്തിലധികം പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ അന്വേഷണ സംഘത്തിന് ലഭ്യമായിട്ടുണ്ട്. സ്ത്രീകൾ ജോലി ചെയ്യുന്നതിനെ എതിർക്കുന്നതും മതപരമായ വസ്ത്രധാരണം പിന്തുടരുന്ന സ്ത്രീകളെ പിന്തുണയ്ക്കുന്നതുമായ പോസ്റ്റുകൾ ഇതിലുണ്ട്. പൈലറ്റുമാരെ നിയമിക്കുമ്പോൾ യുഎഇ കടുത്ത സുരക്ഷാ പരിശോധനകൾ നടത്താറുണ്ടെങ്കിലും അൽ-ഹമാമിയെ നിയമിക്കുന്നതിന് മുൻപ് ഫ്ലൈദുബായ് എന്തൊക്കെ പരിശോധനകൾ നടത്തിയെന്ന് വ്യക്തമല്ല. ആവശ്യപ്പെട്ടിരുന്നെങ്കിൽ ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുമായിരുന്നു, എന്നാൽ അത്തരം അഭ്യർഥനകളൊന്നും ലഭിച്ചിരുന്നില്ലെന്നും ഒമാൻ വൃത്തങ്ങൾ വ്യക്തമാക്കി.

സെപ്റ്റംബർ 30ന് 170ലധികം യാത്രക്കാരുമായി ദുബായിൽ നിന്ന് ടെല്‍–അവീവിലേക്ക് പറന്ന വിമാനത്തിലാണ് സംഭവം. ജോർദാന് മുകളിലൂടെ വിമാനം പറന്നുയരുമ്പോഴാണ് അൽ-ഹമാമി ആക്രമണം ആരംഭിച്ചത്. പ്രാർഥിക്കാനെന്ന വ്യാജേന എഴുന്നേറ്റ ഇയാൾ കോക്ക്പിറ്റിലുണ്ടായിരുന്ന ക്രാഷ് കോടാലി ഉപയോഗിച്ച് ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ വെട്ടുകയായിരുന്നു. തുടർന്ന് വിമാനത്തിന്റെ എൻജിനുകൾ ഓഫാക്കി. ഇതിനിടെ ഫ്ലൈദുബായ് വിമാനം സെക്കന്‍ഡുകള്‍ക്കുള്ളില്‍ 16,000 അടിയോളം താഴേക്ക് കൂപ്പുകുത്തി. ഗുരുതരമായി പരിക്കേറ്റിട്ടും അസാമാന്യ ധൈര്യത്തോടെ പൈലറ്റ് സ്മിത് മച്ഛാര്‍ ഇയാളുടെ ശ്രമങ്ങള്‍ പ്രകിരോധിക്കുകയായിരുന്നു. അടിയന്തര സന്ദേശങ്ങൾ അയച്ച അദ്ദേഹം കോക്ക്പിറ്റിന്റെ വാതിൽ തുറന്നുകൊടുത്തു. ഇതോടെ ജീവനക്കാരും യാത്രക്കാരും കോക്ക്പിറ്റിലേക്ക് ഇരച്ചുകയറി കോ–പൈലറ്റിനെ കീഴ്പ്പെടുത്തി. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് ഓഫ്-ഡ്യൂട്ടി പൈലറ്റുമാർ ചേർന്ന് വിമാനം സൗദി അറേബ്യയിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. സൗദി അറേബ്യയിൽ കസ്റ്റഡിയിലായ അൽ-ഹമാമിയെ നിലവില്‍ യുഎഇയില്‍ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്.

ENGLISH SUMMARY:

Shocking details have emerged regarding the hijacked flydubai flight terror attempt, revealing co-pilot Hamam Al-Hamami's plan to crash the aircraft into Tel Aviv's Ben Gurion Airport in a 9/11-style attack. The Omani national confessed to UAE investigators that he aimed to murder Indian captain Smith Machhar and crash the plane into airport infrastructure, high-rise buildings, or a US military base in Jordan. Despite suffering severe injuries from a crash axe attack above Jordan, Captain Machhar courageously retaliated and unlocked the cockpit, allowing crew members and passengers to overpower the attacker. Authorities are now scrutinizing massive security lapses by flydubai for hiring Al-Hamami, who had previously been grounded in Oman over extremist ideologies.