15കാരിയായ വിദ്യാർഥിനിയുമായി പലതവണ ലൈംഗികബന്ധത്തിലേർപ്പെട്ട അധ്യാപികയ്ക്ക് 9 വർഷം തടവുശിക്ഷ. സിംഗപ്പൂരിലാണ് സംഭവം. മാതാപിതാക്കളിൽനിന്ന് വഴക്കും മർദനവും ഏറ്റുവാങ്ങിയിരുന്ന 15കാരി 2023ലാണ് തന്റെ ബുദ്ധിമുട്ടുകൾ അധ്യാപികയോട് തുറന്നുപറഞ്ഞത്. തുടർന്ന് 35കാരിയായ അധ്യാപിക വിദ്യാർഥിനിയുടെ സംരക്ഷകയുടെ സ്ഥാനത്തേക്ക് എത്തുകയായിരുന്നു. മാനസികമായി തളർന്ന പെൺകുട്ടിയുമായി മെസേജുകളിലൂടെയും നേരിട്ടും സംസാരിച്ച് അധ്യാപിക അടുപ്പം സ്ഥാപിച്ചു. പിന്നീട് ഈ ബന്ധം ലൈംഗിക സ്വഭാവത്തിലേക്ക് മാറുകയായിരുന്നു.

അധ്യാപികയുടെ ഫോണിൽനിന്ന് വിദ്യാർഥിനിയുമായി നടത്തിയ ലൈംഗികചുവയുള്ള ശബ്ദസന്ദേശങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. 2023 ഒക്ടോബറിൽ അധ്യാപിക വിദ്യാർഥിനിയുമായി കരോക്കെ ബാർ സന്ദർശിച്ചു. അവിടെവച്ച് അധ്യാപിക വിദ്യാർഥിനിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു. തുടർന്ന് സ്കൂളിലെ ശുചിമുറിയിലും ഡബിൾ ഡെക്കർ ബസിന്റെ മുകൾനിലയിലും വച്ച് സമാനമായ സംഭവങ്ങളുണ്ടായി.

കുറച്ചുനാളുകൾക്ക് ശേഷം അധ്യാപിക വിദ്യാർഥിനിയിൽനിന്ന് അകലം പാലിക്കാൻ തുടങ്ങി. ഇതോടെ പെൺകുട്ടിയുടെ മാനസികനില കൂടുതൽ വഷളായി. തുടർന്ന് സ്കൂളിലെ ശിശുസംരക്ഷണ വിഭാഗം അധികൃതർ വിദ്യാർഥിനിക്ക് കൗൺസിലിങ് നൽകി. ഇതിനിടെയാണ് താൻ നേരിട്ട പീഡനത്തെക്കുറിച്ച് പെൺകുട്ടി തുറന്നുപറഞ്ഞത്.

വിദ്യാർഥിനിയുടെ മാനസികനില അതീവ ഗുരുതരമായിരുന്നു. കുട്ടി പലതവണ ജീവനൊടുക്കാൻ ശ്രമിക്കുകയും പഠനത്തിൽനിന്ന് ഉൾപ്പെടെ പൂർണമായി വിട്ടുനിൽക്കുകയും ചെയ്തു. തുടർന്ന് അധ്യാപികയെ 2024ൽ അറസ്റ്റ് ചെയ്തു. ഈ മാസമാണ് കേസിൽ വിധി വന്നത്. അധ്യാപികയ്ക്ക് 9 വർഷം തടവാണ് കോടതി വിധിച്ചത്.

 

ENGLISH SUMMARY:

A 35-year-old female teacher in Singapore has been sentenced to nine years in prison for sexually abusing a 15-year-old student. The victim, who was suffering from family issues and emotional distress, approached the teacher for support in 2023. Exploiting the trust, the teacher initiated a sexual relationship, abusing the girl in various locations including a karaoke bar, a school restroom, and a double-decker bus.