പ്രതീകാത്മക ചിത്രം

യുവതിയുടെ കുളിമുറിയിലെ ദൃശ്യങ്ങൾ രഹസ്യമായി പകർത്തിയ കേസിൽ അറസ്റ്റിലായ യുവാവിനെ കാത്തിരുന്നത് മറ്റൊരു ഗുരുതര കുറ്റകൃത്യത്തിലെ ശിക്ഷയും. ഒൻപതു വയസ്സുള്ള സ്വന്തം അർധസഹോദരിയെ  ഇയാള്‍ രണ്ടു വർഷത്തോളം പീഡിപ്പിച്ചെന്ന പിതാവിന്‍റെ  വെളിപ്പെടുത്തലാണ് കേസിൽ നിർണായകമായത്. സിംഗപ്പൂരിലാണ് സംഭവം. 

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിലാണ് യുവാവ് അടുത്തിടെ അറസ്റ്റിലായത്. മകന്‍റെ അറസ്റ്റിനു പിന്നാലെ പിതാവ് പൊലീസിനെ വിളിച്ച് മറ്റൊരു ഗുരുതര കുറ്റകൃത്യത്തെക്കുറിച്ചും വിവരം നൽകുകയായിരുന്നു. ഇതോടെയാണ് വർഷങ്ങളായി കുടുംബത്തിനുള്ളിൽ ഒതുങ്ങിനിന്ന പീഡനവിവരം പുറത്തുവന്നത്.

യുവാവിന്‍റെ അമ്മ നേരത്തെ തന്നെ മരിച്ചിരുന്നു. മകന് അമ്മയുടെ സ്നേഹം ലഭിക്കണമെന്ന ആഗ്രഹത്തിലാണ് ഇയാൾ വീണ്ടും വിവാഹം കഴിച്ചത്. ഈ സമയത്ത് യുവാവിന് 12 വയസ്സായിരുന്നു. പിന്നീട് പിതാവിനും രണ്ടാനമ്മയ്ക്കും ഒരു പെൺകുഞ്ഞ് ജനിച്ചു.

2024ൽ, 22-ാം വയസ്സിലാണ് യുവാവ് പിതാവിനോട് ഞെട്ടിക്കുന്ന കുറ്റസമ്മതം നടത്തിയത്. ഒൻപതു വയസ്സുകാരിയായ അർധസഹോദരിയെ രണ്ടു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്നായിരുന്നു വെളിപ്പെടുത്തൽ. മകന്‍റെ പ്രവൃത്തി അറിഞ്ഞ പിതാവ് കടുത്ത മാനസിക സംഘർഷത്തിലായി. സ്വന്തം മകളെ മകൻ തന്നെ പീഡിപ്പിച്ചെന്ന യാഥാർഥ്യം അംഗീകരിക്കാൻ അയാൾക്ക് ഏറെ പ്രയാസമായിരുന്നു.

എന്നാൽ മകനെതിരായ വിവരം പുറത്തുപറയാതെ രഹസ്യമായി സൂക്ഷിക്കാനാണ് ആദ്യം പിതാവ് തീരുമാനിച്ചത്. മകൾക്ക് നീതി ലഭിക്കേണ്ടതുണ്ടെന്ന തിരിച്ചറിവുണ്ടായിരുന്നിട്ടും മകനെതിരേ പൊലീസിൽ പരാതി നൽകാൻ അന്ന് അയാൾ തയ്യാറായില്ല. പിന്നീട് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ കേസിൽ മകൻ അറസ്റ്റിലായതോടെയാണ് പിതാവ് നിലപാട് മാറ്റിയത്. മകന്‍റെ മറ്റു കുറ്റകൃത്യങ്ങളെക്കുറിച്ചും പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ പീഡനത്തിന്റെ ആഘാതം കുട്ടിയുടെ മാനസികാവസ്ഥയെയും ഗുരുതരമായി ബാധിച്ചിരുന്നു. ഉറക്കമില്ലായ്മയും സഹോദരന്‍റെ പ്രായത്തിലുള്ള യുവാക്കളെ കാണുമ്പോഴുള്ള ഭയവും കുട്ടിയെ അലട്ടിയിരുന്നു. ഇതിനു പിന്നാലെ പിതാവ് മകനെ വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തു.

കേസിൽ യുവാവിന് 17 വർഷം തടവും 21 ചൂരലടിയുമാണ് കോടതി ശിക്ഷ വിധിച്ചത്.

ENGLISH SUMMARY:

A shocking Singapore case where a man arrested for filming a woman in a bathroom was also sentenced to 17 years in prison and 24 strokes of the cane for abusing his 9-year-old half-sister. The father's disclosure to the police exposed the years of abuse, leading to a severe judicial penalty.