പത്തനംതിട്ടയിൽ ക്ഷേത്രത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് 14 വയസ്സുകാരനെ പ്രലോഭിപ്പിച്ച് മുറിയിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയ 52-കാരൻ അറസ്റ്റിൽ. പീഡനത്തെത്തുടർന്ന് ഭയന്നോടിയ കുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മലയാലപ്പുഴ സ്വദേശി ശിവാനന്ദനാണ് അറസ്റ്റിലായത്.

പത്തനംതിട്ട മലയാലപ്പുഴയിലാണ് അതിക്രമം നടന്നത്. നവംബർ 14-ന് വൈകിട്ട് ഏഴുമണിയോടെ ക്ഷേത്രത്തിൽ കൊണ്ടുപോകാമെന്ന് പറഞ്ഞാണ് പ്രതി കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ മുറിയിലെത്തിച്ചത്. ഇവിടെവച്ച് കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി. ഭയന്നുപോയ കുട്ടി പ്രതിയുടെ പിടിയിൽനിന്ന് രക്ഷപ്പെട്ട് നേരെ മലയാലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി.

പരിഭ്രാന്തനായി സ്റ്റേഷനിലെത്തിയ കുട്ടിക്ക് പൊലീസ് ഉദ്യോഗസ്ഥർ ഉടൻ സംരക്ഷണവും സഹായവും നൽകി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശിവാനന്ദനെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട പോക്സോ സ്പെഷൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

52-year-old man has been arrested in Pathanamthitta for allegedly sexually abusing a 14-year-old boy after luring him into a room on the pretext of visiting a temple. Following the assault, the terrified boy escaped from the accused's clutches and ran directly to the Malayalapuzha police station to report the crime.