ebola

TOPICS COVERED

28കാരിയായ റഷ്യൻ ഗവേഷകയുടെ മരണവും ന്യൂമാറ്റിക്  പ്ലേഗിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കയും  നിലനിൽക്കെ ആഫ്രിക്കയിൽ എബോള വൈറസ് വ്യാപിക്കുന്നു. ആൻറിപ്ലേഗ് ലാബിലെ ഗവേഷക ഉഗ്രശേഷിയുള്ള ബാക്ടീരിയ ചോർന്നതിനെ തുടർന്ന് ന്യൂമോണിക് പ്ലേഗ് ബാധിച്ച് മരിച്ചതെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ റഷ്യയോ ലോകാരോഗ്യ സംഘടനയോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

ഇതിനിടെ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) തുടരുന്ന എബോള വ്യാപനം ആശങ്ക വർധിപ്പിക്കുകയാണ്. ഈ വർഷം മാത്രം കോംഗോയിൽ 4,000ത്തിലധികം പേർ രോഗം ബാധിച്ച് മരിച്ചതായാണ് ഏറ്റവും പുതിയ കണക്കുകൾ. ഒക്ടോബർ രണ്ടുവരെയുള്ള കണക്കനുസരിച്ച് 8,300ലധികം കേസുകളും 4,018 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ഏറ്റവും വലിയതും മാരകവുമായ എബോള വ്യാപനമാണിത്.

ഇതിനുപിന്നാലെ കെനിയയിലും എബോള സ്ഥിരീകരിച്ചു. ഏഴ് വർഷമായി ഡിആർ കോംഗോയിൽ താമസിച്ചിരുന്ന കെനിയൻ സ്വദേശിയാണ് രോഗബാധിതനായത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാൾ കെനിയൻ തലസ്ഥാനമായ നയ്റോബിയിലേക്ക് മടങ്ങിയെത്തി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. പരിശോധനയിലാണ് എബോള സ്ഥിരീകരിച്ചത്. കെനിയയിലെ ആദ്യ ഇറക്കുമതി എബോള കേസാണിത്. ഇയാളുമായി സമ്പർക്കത്തിലായ 28 പേരെ അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

മേയ് മാസത്തിലാണ് ഡിആർ കോംഗോയിൽ നിലവിലെ എബോള വ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തുടർന്ന് ഉഗാണ്ടയിലും കേസുകൾ റിപ്പോർട്ട് ചെയ്തു. പിന്നീട് ഓഗസ്റ്റിൽ ഉഗാണ്ടയെ എബോളമുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോംഗോയിൽനിന്ന് രോഗം കെനിയയിലേക്കും എത്തിയതോടെ അതിർത്തി കടന്നുള്ള വ്യാപനത്തിന്റെ സാധ്യതയാണ് ആശങ്ക ഉയർത്തുന്നത്.

ഇത്തവണ രോഗത്തിന് കാരണമാകുന്നത് അപൂർവമായ Bundibugyo ഇനത്തിൽപ്പെട്ട എബോള വൈറസാണ്. ഈ വൈറസിനെതിരെ നിലവിൽ അംഗീകൃത വാക്സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. ചികിത്സ പ്രധാനമായും രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിലും പിന്തുണ നൽകുന്നതിലുമാണ് കേന്ദ്രീകരിക്കുന്നത്.

എബോള ബാധിച്ചാൽ സാധാരണയായി 2 മുതൽ 21 ദിവസത്തിനുള്ളിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. പനി, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾക്കൊപ്പം ഗുരുതരമായ സാഹചര്യങ്ങളിൽ ആന്തരികവും ബാഹ്യവുമായ രക്തസ്രാവവും ഉണ്ടാകാം.

ENGLISH SUMMARY:

Ebola virus is spreading in Africa amid concerns surrounding the death of a 28-year-old Russian researcher and pneumonic plague. The outbreak in the Democratic Republic of Congo (DRC) is particularly worrying, with over 4,000 deaths reported this year alone.