സൊമാലിയന്‍ കടല്‍കൊള്ളക്കാര്‍ ടാങ്കര്‍ തട്ടിയെടുത്തു. ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. സൊമാലിയയിലെ അർദ്ധ സ്വയംഭരണ പ്രദേശമായ പണ്ട്‌ലാൻഡിലെ പണ്ട്‌ലാൻഡ് മാരിടൈം പൊലീസ് ഫോഴ്‌സ് (PMPF) നടത്തിയ പ്രത്യാക്രമണത്തിലാണ് പലാവു പതാകയേന്തിയ എം.ടി ഓണർ 25 (MT Honour 25) എന്ന കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ ജീവനക്കാരൻ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തത്. കെനിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് ബുധനാഴ്ച സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യൻ നാവികന്റെ മരണം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലേക്ക് ഇന്ധനവുമായി പോകുന്നതിനിടയിലാണ് കടൽക്കൊള്ളക്കാർ എം.ടി ഓണർ കപ്പൽ തട്ടിയെടുത്തത്. ചൊവ്വാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിൽ ഒരു ഇന്ത്യക്കാരന് പുറമേ മൂന്ന് പാക്കിസ്ഥാൻ സ്വദേശികളും ഒരു മ്യാൻമർ സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. മൂന്ന് പാക്കിസ്ഥാനികൾക്കും ഒരു ഇന്ത്യക്കാരനും പരുക്കേറ്റിട്ടുമുണ്ട്.
കപ്പലിലെ പാചകക്കാരനായ മുഹമ്മദ് തൻവീറുസ് സമാൻ എന്ന ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടതെന്നാണ് കപ്പൽ ജീവനക്കാരുടെ സംഘടനയായ ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ നൽകുന്ന സൂചന. ബലമായി തടഞ്ഞുവെച്ച ജീവനക്കാരെ കൊള്ളക്കാർ ആക്രമിക്കുകയായിരുന്നുവെന്ന് സൊമാലിയൻ പ്രാദേശിക സേന അറിയിച്ചു.
കൊല്ലപ്പെട്ട നാവികന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും നെയ്‌റോബിയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ വ്യക്തമാക്കി. ഈ കപ്പലിലുണ്ടായിരുന്ന മറ്റു ഇന്ത്യൻ ജീവനക്കാരും, അടുത്തിടെ കൊള്ളക്കാരിൽ നിന്ന് മോചിപ്പിച്ച എം.ടി സിബു 1 (MT Sibu 1), എം.ടി യുറേക്ക (MT Eureka) എന്നീ കപ്പലുകളിലുണ്ടായിരുന്ന യഥാക്രമം 16-ഉം 4-ഉം ഇന്ത്യക്കാരടങ്ങുന്ന സംഘവും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. ഇന്ത്യൻ നാവികരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സൊമാലിയൻ ഭരണകൂടവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു.