ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയെ മാധ്യമങ്ങൾക്ക് പരിചയപ്പെടുത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. പ്രമുഖ ടെക് കമ്പനി മേധാവികളുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം സുന്ദർ പിച്ചൈയെ ട്രംപ് പ്രശംസിക്കുന്നു എന്ന തരത്തിലാണ് വിഡിയോയാണ് ശ്രദ്ധ നേടുന്നത്.
അധികം ആർക്കും അത്ര പരിചയമില്ലാത്ത ടെക് മേഖലയിലെ 'രാക്ഷസൻ' എന്നാണ് ട്രംപ് സുന്ദർ പിച്ചൈയെ വിശേഷിപ്പിച്ചത്. മാധ്യമങ്ങളോട് സംസാരിക്കവേ ‘സുന്ദർ, താങ്കൾക്ക് എന്തെങ്കിലും പറയാനുണ്ടോ?’- എന്ന് ട്രംപ് ചോദിച്ചു. ‘ആദ്യമായി നന്ദി’ എന്നു പറഞ്ഞുകൊണ്ട് പിച്ചൈ സംസാരിക്കാൻ തുടങ്ങി. എന്നാൽ സംസാരം തടസപ്പെടുത്തിക്കൊണ്ട് ട്രംപ് ഇടപെടൽ നടത്തി. 'ഇവർ ആരാണെന്ന് നിങ്ങൾക്ക് യാതൊരു ധാരണയുമില്ല. ലോകത്തിലെ ഏറ്റവും വലിയ ആളുകളാണിവർ. ഈയാൾ (സുന്ദർ പിച്ചൈ) ഒരു രാക്ഷസനാണ്, പക്ഷേ ആർക്കും അദ്ദേഹത്തെ അറിയില്ല. 'എന്തൊരു ജീവിതം! ഒരു രാക്ഷസനായിരിക്കുക, എന്നാൽ വളരെ നിശബ്ദനായിരിക്കുക' -ട്രംപ് പറഞ്ഞു.
തുടർന്ന് ട്രംപ് പിച്ചൈയുടെ അടുത്തേക്ക് വന്ന് മാധ്യമങ്ങളെ അദ്ദേഹത്തിന്റെ പേര് ഓർമ്മിപ്പിച്ചു. 'നിങ്ങൾ അറിയേണ്ടത് സുന്ദർ എന്ന് മാത്രമാണ്. സുന്ദർ എന്നതാണ് അദ്ദേഹത്തിന്റെ പേര്. ട്രംപ് കൂട്ടിച്ചേർത്തു. ട്രംപിന്റെ പരാമർശങ്ങളോട് സുന്ദർ പിച്ചൈ പുഞ്ചിരിയോടെയാണ് പ്രതികരിച്ചത്. ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയേയും ട്രംപ് തമാശ രൂപേണ പരിഹസിച്ചു.
ഡാരിയോ സംസാരിച്ച ശേഷം, അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ ട്രംപ്, 'സൂക്ഷിക്കണം' എന്ന മുന്നറിയിപ്പും നൽകി. എഐ മുന്നേറ്റം വളരെ അപകടകരമായ രീതിയിലാണെന്നും അതിന്റെ വേഗം കുറയ്ക്കണമെന്നും ഡാരിയോ ആവശ്യമുന്നയിച്ചിരുന്നു. ഓപ്പൺ എഐ സിഇഓ സാം ഓൾട്ട്മാനും ഇലോൺ മസ്‌കും അടക്കമുള്ളവർ ആ നിലപാടിനെ പിന്തുണച്ചിരുന്നു. എന്നാൽ എഐയെക്കുറിച്ച് ഉയരുന്ന ആശങ്കകളും എഐ വികസനത്തിന്റെ വേഗം കുറയ്ക്കണമെന്ന ആവശ്യവും ശുദ്ധ തട്ടിപ്പാണെന്നാണ് ട്രംപ് പറയുന്നത്.