Image Credit: x/subain_bluch
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിന്‍റെ ആദ്യ സായുധ വനിതാ സംഘത്തിന്‍റെ ആക്രമണത്തില്‍ ഒന്‍പത് പാക് സൈനികര്‍ കൊല്ലപ്പെട്ടു. കരിമ ആംഡ് അസോള്‍ട്ട് ഡിവിഷന്‍ അംഗങ്ങള്‍ പാക്കിസ്ഥാന്റെ സൈനികവ്യൂഹത്തിന് നേരെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങളും സംഘം പങ്കുവച്ചു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ചൈന–പാക്കിസ്ഥാന്‍ ഇക്കണോമിക് കോറിഡോര്‍ ഹൈവേയിലൂടെ സഞ്ചരിച്ച പാക് ദ്രുത കര്‍മ സേനയുടെ മൂന്ന് വാഹനങ്ങള്‍ക്ക് നേരെയാണ് ചൊവ്വാഴ്ച ആക്രമണം ഉണ്ടായതെന്നാണ് വിവരം.
വനിതാ കമാന്‍ഡര്‍ ദൗത്യത്തെ കുറിച്ച് പറയുന്നതും പിന്നാലെ സൈനിക വാഹനത്തിന് അഞ്ചടി മാത്രം അകലെ നിന്ന് വെടിയുതിര്‍ക്കുന്നതും വിഡിയോയില്‍ കാണാം. പാക്കിസ്ഥാന്‍റെ സൈനിക വാഹനങ്ങള്‍ക്ക് ആക്രമണത്തില്‍ സാരമായ കേടുപാട് സംഭവിച്ചതായി സംഘത്തിന്‍റെ വക്താവ് മേജര്‍ ഗ്വഹ്റം ബലൂച് അറിയിച്ചു. ഖുര്‍ബാന്‍ സംഘമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ആക്രമണത്തില്‍ ഖുര്‍ബാന്‍ യൂണിറ്റിലെ പോരാളി ചകര്‍ മുറാദ് കൊല്ലപ്പെട്ടുവെന്നും ബലൂച് വക്താവ് സ്ഥിരീകരിച്ചു.
ബലൂച് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ ആസാദിന്‍റെ ആദ്യ ചെയര്‍പഴ്സനും ബലൂച് സ്വാതന്ത്ര്യസമര ആക്ടിവിസ്റ്റുമായ കരിമാ ബലൂചിന്‍റെ പേരാണ് വനിതാ സായുധ സംഘത്തിന് നല്‍കിയിരിക്കുന്നത്. 2020 ല്‍ കാനഡയിലെ ടൊറന്‍റോയില്‍ ദുരൂഹ സാഹചര്യത്തില്‍ കരിമ ബലൂചിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വനിതാ സായുധ സംഘത്തിന്‍റെ ആക്രമണത്തിന് പിന്നാലെ ബേ ലോട്ടിയിലെ മാരി എനര്‍ജീസ് ലിമിറ്റഡിന്റെ സ്ഥലത്ത് ബലൂച് റിപ്പബ്ലിക്കന്‍ ആര്‍മി റോക്കറ്റ് ആക്രമണം നടത്തിയെന്നും ആക്രമണത്തില്‍ കമ്പനിയുടെ മൂന്ന് തൊഴിലാളികള്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നും ബലൂച് വക്താവ് അറിയിച്ചു. പാക്കിസ്ഥാന്‍ സൈനികര്‍ ഇവിടെ നിന്നും ആക്രമണം നടത്തിയതിനാണ് തിരിച്ചടി നല്‍കിയതെന്നാണ് ബലൂചുകളുടെ അവകാശവാദം.