പരമ്പരാഗത മാധ്യമങ്ങളുമായുള്ള തർക്കം രൂക്ഷമാകുന്നതിനിടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം. ‘TRUMP TV: The Essentials Station’ എന്ന പേരിലുള്ള ചാനൽ സെപ്റ്റംബർ 21-നാണ് വൈറ്റ് ഹൗസ് ആരംഭിച്ചിരിക്കുന്നത്.
ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനലിലൂടെയും സ്ട്രീമിംഗ് ലഭ്യമാണ്. ട്രംപിന്റെ പ്രസംഗങ്ങൾ, ഭരണകൂടത്തിന്റെ പ്രഖ്യാപനങ്ങൾ, മുൻകാല പൊതു പരിപാടികളുടെ ദൃശ്യങ്ങൾ, ഭരണനേട്ടങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ എന്നിവയാണ് ചാനലിൽ ഉൾപ്പെടുത്തുന്നത്. വൈറ്റ് ഹൗസിന്റെ പ്രഖ്യാപനമനുസരിച്ച്, പുതിയതും മുൻകാലത്തേതുമായ പ്രധാന ദൃശ്യങ്ങൾ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തിക്കുകയാണ് ലക്ഷ്യം.
CNN, Politico, MS NOW എന്നീ മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിലേയ്ക്കുള്ള പ്രവേശനം വിലക്കിയതിനു പിന്നാലെയാണ് ട്രംപ് ടിവിയുടെ തുടക്കം. ഈ സ്ഥാപനങ്ങൾ തെറ്റായതും പക്ഷപാതപരവുമായ വാർത്തകൾ നൽകുന്നുവെന്നാണ് ട്രംപിന്റെ ആരോപണം. എന്നാൽ, മാധ്യമ സ്ഥാപനങ്ങൾ തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഫെഡറൽ കോടതിയെ സമീപിച്ചു.
read more:പ്രണയ വിവാഹങ്ങൾക്ക് വിലക്ക്; കുടുംബങ്ങളെയടക്കം ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് ...
വൈറ്റ് ഹൗസിന്റെ തീരുമാനത്തിനെതിരെ പ്രധാന ടെലിവിഷൻ നെറ്റ്‌വർക്കുകൾ സംയുക്ത പ്രസ്സ് പൂൾ കവറേജ് നിർത്തിവെച്ചതും വിവാദത്തിന് ആക്കം കൂട്ടി. ട്രംപ് ടിവി 24 മണിക്കൂറും സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, എല്ലാ സമയത്തും തത്സമയ പരിപാടികളായിരിക്കുമോ എന്നത് വ്യക്തമല്ല. ആദ്യഘട്ടത്തിൽ ട്രംപിന്റെ മുൻകാല പ്രസംഗങ്ങളും ഔദ്യോഗിക ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭരണകൂടത്തിന്റെ സന്ദേശങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കുന്ന പുതിയ പ്ലാറ്റ്‌ഫോമായി ചാനൽ പ്രവർത്തിക്കുമ്പോൾ, സ്വതന്ത്ര മാധ്യമങ്ങളുടെ പങ്ക്, വാർത്തകളുടെ പരിശോധന എന്നിവയെക്കുറിച്ചുള്ള ചർച്ചകളും ശക്തമാകുകയാണ്.