ചൈനയിൽ ഇപ്പോൾ കല്യാണം കഴിക്കാൻ ബാങ്കിലോ നൈറ്റ്‌ക്ലബിലോ പോയാൽ മതി! കേൾക്കുമ്പോൾ തമാശയായി തോന്നാം, പക്ഷേ സംഗതി സത്യമാണ്. ജനനസംഖ്യയും ജനനനിരക്കും കുത്തനെ ഇടിഞ്ഞതോടെ ചെറുപ്പക്കാരെക്കൊണ്ട് എങ്ങനെയെങ്കിലും കല്യാണം കഴിപ്പിക്കാനുള്ള പെടാപ്പാടിലാണ് ചൈനീസ് സര്‍ക്കാര്‍. വിവാഹ റജിസ്ട്രേഷൻ നടപടികൾ പരമാവധി ലളിതമാക്കാൻ ആശുപത്രികളും ബാങ്കുകളും വിമാനത്താവളങ്ങളും വരെ റജിസ്ട്രേഷൻ ഓഫീസുകളായി മാറിക്കഴിഞ്ഞു. ഏറ്റവും ഒടുവിലായി ഷാങ്‌ഡോങ് പ്രവിശ്യയിലെ ഒരു മാതൃ-ശിശു സംരക്ഷണ ആശുപത്രിയിലാണ് പുതിയ കൗണ്ടർ തുറന്നത്. ഒറ്റയടിക്ക് തന്നെ കല്യാണം റജിസ്റ്റർ ചെയ്യാം, പ്രീ-മാരിറ്റൽ ചെക്കപ്പ് നടത്താം, ഭാവിയിലെ കുഞ്ഞുങ്ങളെക്കുറിച്ചുള്ള കൗൺസിലിംഗും ഉറപ്പാക്കാം –  ഒന്നും അങ്ങനെ വച്ച് താമസിപ്പിക്കേണ്ട കാര്യമില്ല എന്ന മനോഭാവത്തിലാണ്  ഭരണകൂടം.

പോസ്റ്റൽ സേവിംഗ്സ് ബാങ്ക് ഓഫ് ചൈനയുടെ ടിയാഞ്ചന്‍ ബ്രാഞ്ചില്‍ പോയാൽ പണം നിക്ഷേപിക്കുക മാത്രമല്ല കല്യാണവും റജിസ്റ്റര്‍ ചെയ്ത് വരാം. ഗ്വാങ്‌ഷൂ എയർപോർട്ടിൽ വിമാനം ലാൻഡ് ചെയ്യുന്നത് നോക്കിനിന്ന് വിവാഹ സർട്ടിഫിക്കറ്റ് വാങ്ങാം. ഇനി അതല്ല, കുറച്ച് ആഘോഷമാക്കണമെങ്കിൽ ഷാങ്ഹായിലെ നൈറ്റ്‌ക്ലബുകളിൽ പോയി ഇലക്ട്രോണിക് മ്യൂസിക്കിന്റെയും വൈദ്യുത വിളക്കുകളുടെയും അകമ്പടിയോടെയും കല്യാണം കഴിക്കാം. മെട്രോ സ്റ്റേഷനുകളും പാർക്കുകളും ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങളും എല്ലാം ഈ പട്ടികയിലുണ്ട്. നടപടിക്രമങ്ങളെല്ലാം എളുപ്പമാക്കിയതോടെ തുടക്കത്തിൽ വിവാഹങ്ങളിൽ ചെറിയൊരു വർധനവുണ്ടാവുകയും ചെയ്തു. എന്നാല്‍ കാര്യങ്ങള്‍ വീണ്ടും പഴയ പടിയായി. ഈ വർഷം ആദ്യ പകുതിയിൽ വീണ്ടും റജിസ്ട്രേഷനുകൾ 7.5 ശതമാനം കുറഞ്ഞു.

സോഷ്യൽ മീഡിയയിലും ചൈനയുടെ ഈ ഇന്‍സ്റ്റന്‍റ് വിവാഹങ്ങള്‍ വന്‍ ചര്‍ച്ചയാണ്. റജിസ്റ്റർ ചെയ്യാൻ സ്ഥലം കിട്ടാത്തതുകൊണ്ടാണോ ആളുകൾ കല്യാണം കഴിക്കാത്തത്? എന്നാണ് ചിലരുടെ ചോദ്യം. അടുത്തതായി  എവറസ്റ്റ് കൊടുമുടിക്ക് മുകളിൽ വിവാഹമോചന കേന്ദ്രം കൂടി തുടങ്ങിക്കൂടെ എന്ന് കളിയാക്കുന്നവരുമുണ്ട്. ഗുരുതരമായ ജനസംഖ്യാ പ്രതിസന്ധി നേരിടുന്നതിനാലാണ് ചൈനീസ് ഭരണകൂടം ഇത്തരം അറ്റകൈപ്രയോഗങ്ങള്‍ നടത്തുന്നത്. ജനനനിരക്കിലെ വലിയ കുറവും തൊഴിൽ ശക്തിയുടെ ചുരുങ്ങലും നേരിടുന്ന ചൈന ചെറുപ്പക്കാരെ കുടുംബജീവിതത്തിലേക്ക് ആകർഷിക്കാൻ ആകുന്നതെല്ലാം ചെയ്യുന്നുണ്ട്.

എന്നാല്‍ യുവാക്കളെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത് യഥാര്‍ഥത്തില്‍ സങ്കീർണമായ കടലാസ് പണികളല്ല മറിച്ച് വരാനിരിക്കുന്ന പതിറ്റാണ്ടുകളിലെ സാമ്പത്തിക-ജീവിത വെല്ലുവിളികളെക്കുറിച്ചുള്ള പേടിയാണെന്നതാണ് യാഥാര്‍ഥ്യം.  എന്തുതന്നെയായാലും ജനസംഖ്യാ വർധനവിനായി ചൈന നടത്തുന്ന ഈ കടന്ന പരീക്ഷണങ്ങള്‍ ഇപ്പോൾ ലോകമെമ്പാടും ചിരിയും കൗതുകവും ഉണർത്തുന്നുണ്ട്.

China's Novel Approach to Marriage Registration:

China is implementing unconventional methods to boost its declining birth rate and encourage marriage. These 'instant marriage' initiatives include registering weddings at banks, nightclubs, airports, and even hospitals to simplify the process and attract young couples