ഉത്തര കൊറിയയെയും ചൈനയെയും ബന്ധിപ്പിച്ച് യാലു നദിക്ക് കുറുകെ നിര്‍മ്മിച്ച പുതിയ പാലത്തിലൂടെ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ചൈനയിലെത്തി. രണ്ട് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാലം കടന്ന് ശനിയാഴ്ച ചൈനയിലെ അതിർത്തി നഗരമായ ഡാൻഡോങ്ങില്‍ കിം എത്തിയെന്ന് ദക്ഷിണ കൊറിയയാണ് ലോകത്തെ അറിയിച്ചത്. അമേരിക്കയ്ക്കെതിരെ റഷ്യയ്ക്കു ചൈനയ്ക്കുമൊപ്പം ഒരു സംയുക്ത മുന്നണി രൂപീകരിക്കാനാണ് കിം ജോങ് ഉന്നിന്റെ നീക്കമെന്നും ദക്ഷണ കൊറിയയുടെ യൂണിഫിക്കേഷന് മിനിസ്ട്രി അറിയച്ചു. എന്നാൽ സന്ദർശനത്തെക്കുറിച്ച് ഉത്തര കൊറിയയിലെ ഔദ്യോഗിക മാധ്യമങ്ങളോ ചൈനീസ് വിദേശകാര്യ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല. 2011-ൽ അധികാരം ഏറ്റെടുത്ത ശേഷം കിം ചൈന സന്ദർശിക്കുന്നത് ആറാംതവണയാണ്. സെപ്റ്റംബറിൽ ഉത്തര കൊറിയ റഷ്യയുമായി പുതിയ റോഡ് ബ്രിഡ് തുറന്നതിന് തൊട്ടുപിന്നാലെയാണ് ചൈനയിലേക്കുള്ള പാലവും പ്രവർത്തനസജ്ജമായത്.
ന്യൂ യാലു – അതിര്‍ത്തിയിലെ അത്ഭുതപാലം
'എങ്ങോട്ടുമില്ലാത്ത പാലം' എന്ന് വിളിച്ച് ലോകംമുഴുവന്‍ പരിഹസിച്ച പ്രോജക്ടാണ് ചൈന-ഉത്തര കൊറിയ അതിർത്തിയിലെ ഈ നാലുവരിപ്പാലം. ചൈനയിലെ ലിയോണിങ് പ്രവിശ്യയിലെ ഡാൻഡോങ്ങും ഉത്തര കൊറിയയിലെ സിനുയിജുവുമാണ് ഇപ്പോള്‍ ഒരു പാലത്തിന് അക്കരെയും ഇക്കരെയുമായത്. നിര്‍മാണച്ചെലവ് വഹിച്ചത് ചൈനയാണ്.
മൂന്ന് കിലോമീറ്ററോളം ദൈർഘ്യമുള്ള പാലത്തിനായി ചൈന 350 ദശലക്ഷം ഡോളര്‍ ചെലവഴിച്ചു. 2010-ൽ നിർമാണം തുടങ്ങിയ പാലത്തിന്റെ പ്രധാന ഭാഗങ്ങൾ 2014-ൽ തന്നെ പൂർത്തിയായിരുന്നു. എന്നാൽ ഉത്തര കൊറിയ തങ്ങളുടെ അതിർത്തിയിലെ ജോലികൾ പൂർത്തിയാക്കാതെ നീട്ടിക്കൊണ്ടുപോയി. കസ്റ്റംസ് കോംപ്ലക്സിന്റെ ചെലവിനെച്ചൊല്ലിയുള്ള തര്‍ക്കം, ഉത്തരകൊറിയ ആണവ പരീക്ഷണങ്ങൾക്ക് നല്‍കിയ മുന്‍ഗണന, യുഎൻ ഉപരോധങ്ങൾ, കോവിഡ് കാലത്ത് അതിർത്തി പൂർണമായും അടച്ചത് എന്നിങ്ങനെ പാലത്തിന്റെ നിര്‍മ്മാണം 12 വര്‍ഷം നീളാന്‍ കാരണങ്ങള്‍ നിരവധിയാണ്. ഒടുവില്‍ ഈ മാസം പതിനഞ്ചിന് പാലം തുറന്നു. ഇരുരാജ്യങ്ങളുടെയും പതാകകൾ പാറിച്ചു കൊണ്ട് ട്രക്കുകൾ പാലത്തിലൂടെ കടന്നുപോയി.
ഫ്രണ്ട്ഷിപ്പ പാലത്തിന്റെ പകരക്കാരന്‍
1937-ൽ നിർമിച്ച സിനോ-കൊറിയൻ ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജിന് പകരമാണ് ഈ പുതിയ പാലം. ഏകവരി ഗതാഗത സൗകര്യമുള്ള പഴയ പാലത്തിൽ 20 ടൺ വരെയുള്ള ട്രക്കുകൾക്ക് മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. ചൈനയും ഉത്തര കൊറിയയും തമ്മിലുള്ള വ്യാപാരത്തിന്റെ 70 ശതമാനവും ഈ പഴയ പാലത്തിലൂടെയായിരുന്നു. ഉത്തര കൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2025-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം മുൻവർഷത്തേക്കാൾ 25.5 ശതമാനം വർധിച്ച് 2.74 ബില്യൺ ഡോളറിലെത്തിയിരുന്നു. പുതിയ പാലം വരുന്നതോടെ ഭാരമേറിയ യന്ത്രസാമഗ്രികളും അസംസ്‌കൃത വസ്തുക്കളും ഊർജവും കുറഞ്ഞ ചെലവിൽ വേഗത്തിൽ എത്തിക്കാനാകും.