ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്‍ മരിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്കിടെ കിമ്മിന്‍റെ പുതിയ ചിത്രങ്ങള്‍ പുറത്ത്. ഔദ്യോഗിക പത്രമായ 'റോഡോങ് സിൻമുൻ' വഴിയാണ് 42കാരനായ ഭരണാധികാരിയുടെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടത്. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കിം കോമയിലാകുകയും മരണപ്പെടുകയും ചെയ്തെന്നായിരുന്നു അഭ്യൂഹങ്ങൾ. തൊട്ടുപിന്നാലെയാണ് ചിത്രങ്ങളെത്തിയിരിക്കുന്നത്.

ഉത്തരകൊറിയ പുറത്തുവിട്ട ചിത്രം (Released by North Korea's official Korean Central News Agency)

പുറത്തുവന്ന ചിത്രങ്ങളിൽ ഒരു വസ്ത്രമേള സന്ദര്‍ശിക്കുന്ന കിം ജോങ് ഉന്നിനെ കാണാം. മകള്‍ മകൾ കിം ജൂ എയ്ക്കൊപ്പം അദ്ദേഹം ഒരു പിങ്ക് ഷൂ പരിശോധിക്കുന്നതും മാന്ക്വിനിൽ പ്രദർശിപ്പിച്ചിരിക്കുന്ന കോട്ടിന്റെ കൈകള്‍ നോക്കുന്നതുമെല്ലാം ചിത്രങ്ങളിലുണ്ട്. ഒരു ഉദ്യോഗസ്ഥനോട് അദ്ദേഹം സംസാരിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. പിന്നിലായി കിമ്മിന്‍റെ സഹായികളെയും കാണാം.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരായ നിലപാടുകളിലൂടെ ശ്രദ്ധേയനായ യു.എസ് ആസ്ഥാനമായ ചൈനീസ് വിമതൻ വാൻജുൻ ഷി തന്‍റെ എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച അവകാശവാദങ്ങളാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. കിമ്മിനെ കടുത്ത മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് ബെയ്ജിങ്ങിലേക്ക് മാറ്റിയെങ്കിലും ഡോക്ടർമാരുടെ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും അദ്ദേഹം മരണമടഞ്ഞെന്നുമായിരുന്നു പോസ്റ്റ്. കിമ്മിന്റെ ഭൗതികശരീരം രഹസ്യമായി ഉത്തരകൊറിയയിലേക്ക് തിരിച്ചയച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ചൈനീസ് ഡെമോക്രാറ്റിക് പാർട്ടിയുമായി ബന്ധമുള്ള വാൻജുൻ ഷിയുടെ ഈ അവകാശവാദങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും ലഭ്യമായിരുന്നില്ല.

ഉത്തരകൊറിയ പുറത്തുവിട്ട ചിത്രം (Released by North Korea's official Korean Central News Agency)

തീര്‍ന്നില്ല, കിമ്മിന്‍റെ പിന്‍ഗാമി ആര്? എന്ന ചോദ്യത്തെ തുടര്‍ന്നുണ്ടായേക്കാവുന്ന പ്രതിസന്ധി ഭയന്ന് ബെയ്ജിങ് പ്യോങ്‌യാങ്ങിലേക്ക് 9,000 സൈനികരെ അയച്ചെന്നും അവകാശവാദം ഉണ്ടായിരുന്നു. കിമ്മിന്റെ സഹോദരി കിം യോ-ജോങ് ഭരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുമോ എന്ന ആശങ്കകളും ഉയര്‍ന്നു. ഈ അഭ്യൂഹങ്ങള്‍ക്കാണ് ഒടുവില്‍ ഉത്തരകൊറിയ വിരാമമിട്ടത്.

നേരത്തെയും കിം മരിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. 2020ല്‍ ഹൃദയശസ്ത്രക്രിയയെ തുടർന്ന് കിം മരിച്ചെന്ന് അവകാശപ്പെട്ട് വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. അന്ന് ഉത്തരകൊറിയൻ ഡെഫക്റ്ററും പിന്നീട് ദക്ഷിണ കൊറിയൻ നിയമസഭാംഗവുമായ ജി സിയോങ്-ഹോ ആണ് അവകാശവാദവുമായി രംഗത്തെത്തിയത്. പിന്നീട് കിം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

ENGLISH SUMMARY:

Speculation regarding the death of North Korean supreme leader Kim Jong Un circulated widely on social media following claims made by a US-based Chinese dissident. The rumors alleged that the 42-year-old leader suffered a severe brain hemorrhage and passed away while undergoing medical treatment in Beijing. In a swift response to debunk these unverified claims, North Korea's official state newspaper 'Rodong Sinmun' published fresh photographs of Kim inspecting a clothing exhibition. This is not the first time such unconfirmed reports about his health have emerged, as similar death rumors were thoroughly debunked back in 2020.