ലോകക്രമത്തെപ്പോലും മാറ്റിമറിച്ച യു.എസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിന് ഇന്ന് 25 ആണ്ട്. യു.എസിന്റെ നെഞ്ചിലേറ്റ മുറിവില്‍ പിടഞ്ഞുവീണത് 2,977 ജീവനുകളായിരുന്നു. ഉസാമ ബിൻ ലാദന്റെ നേതൃത്വത്തിലുള്ള അൽ ഖായിദയിലെ 19 ഭീകരരാണ് വിമാനങ്ങള്‍ റാഞ്ചി ഭീകരാക്രമണം നടത്തിയത്.
സെപ്റ്റംബര്‍ 11, 2001. യുഎസിന്റെ വാണിജ്യ തലസ്ഥാനമായ ന്യൂയോര്‍ക് നഗരത്തിന്റെ മുഖമുദ്രയായ ലോക വ്യാപാരകേന്ദ്രത്തിന്റെ ഇരട്ടഗോപുരങ്ങള്‍. യുഎസ് സൈന്യത്തിന്റേയും രഹസ്യാന്വേഷണ സംഘടനയുടേയും ആസ്ഥാനമായ പെന്റഗണ്‍. ഇവിടേക്ക് റാഞ്ചിയെടുത്ത മൂന്ന് യുഎസ് വാണിജ്യ വിമാനങ്ങള്‍ ഇടിച്ചിറക്കിയപ്പോള്‍ തകര്‍ന്നത് കെട്ടിടങ്ങളും ജീവനുകളും മാത്രമായിരുന്നില്ല. സുരക്ഷിതത്വത്തിന്‍റെ അവസാനവാക്കെന്ന് ലോകം വാഴ്ത്തിയ യുഎസിന്റെ കരുത്തുറ്റ പ്രതീക്ഷകള്‍കൂടിയായിരുന്നു. കൊല്ലപ്പെട്ടത് 2,977പേര്‍. പരുക്കേറ്റത് 6000 ല്‍ അധികംപേര്‍. തൊട്ടുപിന്നാലെ ഭീകരതയോട് യുദ്ധം പ്രഖ്യാപിച്ചു അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്‍ജ് ഡബ്യൂ ബുഷ്.
അഫ്ഗാനില്‍ യുഎസ് സൈന്യമിറങ്ങി. ഇറാഖിലും സിറിയയിലുമടക്കം ഭീകരവേട്ട. ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഉസാമ ബിൻ ലാദനെ ഒരു പതിറ്റാണ്ടു നീണ്ട തിരച്ചിലിനു ശേഷം പാക്കിസ്ഥാനിലെ അബട്ടാബാദിൽ ഒളിവിൽ കഴിയവെ 2011 മേയ് രണ്ടിന് യുഎസ് സൈനിക കമാൻഡോകൾ വധിച്ചു.
ഗൊണ്ടനാമോ ബേയിലെ തടവറയിലുള്ള പ്രധാന പ്രതികളുടെ വിചാരണ 2028 ജൂണില്‍ ആരംഭിക്കാന്‍ ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ യുഎസ് സൈനിക കോടതി ഉത്തരവിട്ടു. യുഎസ് രഹസ്യാന്വേഷണ ഏജൻസികളായ CIA, FBI എന്നിവ തമ്മിൽ കൃത്യമായ വിവരക്കൈമാറ്റമുണ്ടായിരുന്നില്ല എന്നായിരുന്നു അന്വേഷണ റിപ്പോർട്ട് . ഭീകരർ യുഎസില്‍ ഫ്ലയിംഗ് സ്കൂളുകളിൽ പരിശീലനം നേടിയത് തടയാൻ സാധിക്കാതെ പോയത് വലിയ പരാജയമായി ചൂണ്ടിക്കാണിക്കപ്പെട്ടു. തീയും പുകയുമടങ്ങിയെങ്കിലും ലോകക്രമത്തില്‍ തന്നെ മാറ്റം വരുത്തി ആ ഭീകരാക്രമണം. യുദ്ധ, ആഭ്യന്തര, വിദേശനയങ്ങളുടെ അടിത്തറയായി സെപ്റ്റംബര്‍ 11 ആക്രമണത്തിന്റെ പ്രതികാരദാഹം ഇനിയുമടങ്ങിയിട്ടില്ലെന്ന് നിലവിലെ യുഎസ് നയം ലോകത്തെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.