Image: X

Image: X

അമേരിക്കയിൽ വിമാനത്തിനുള്ളിൽ സഹയാത്രികരെയും ജീവനക്കാരെയും അക്രമിക്കുകയും വംശീയധിക്ഷേപം നടത്തുകയും ചെയ്ത യാത്രക്കാരനെ ടേപ്പും സിപ്പ് ടൈകളും ഉപയോഗിച്ച് സീറ്റിൽ കെട്ടിയിട്ടു. അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. ഡാളസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ന്യൂജേഴ്‌സിയിലെ ന്യൂആർക്കിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 618 ലാണ് നാ‍ടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രക്കാരൻ അക്രമാസക്തനായതിനെ തുടർന്ന് വിമാനം ബോൾട്ടിമോറില്‍ അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു.

യാത്രയുടെ പകുതിയിലധികം പിന്നിട്ടപ്പോളാണ് ഫസ്റ്റ് ക്ലാസിലുണ്ടായിരുന്ന യാത്രക്കാരൻ പെട്ടെന്ന് അക്രമാസക്തനായത്. ജീവനക്കാരോടും സഹയാത്രികരോടും മോശമായി പെരുമാറിയ ഇയാൾ, കറുത്തവർഗ്ഗക്കാരിയായ ഫ്ലൈറ്റ് അറ്റൻഡന്റിന് നേരെ വംശീയ അധിക്ഷേപങ്ങൾ ചൊരിഞ്ഞു. തടയാൻ ശ്രമിച്ച തൊട്ടടുത്ത സീറ്റിലെ യാത്രക്കാരന്‍റെ കഴുത്തിന് പിടിക്കുകയും അടിക്കുകയും ചെയ്തു. മറ്റൊരു സ്ത്രീക്കും മർദ്ദനമേറ്റു. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ വിമാനത്തിലുണ്ടായിരുന്ന റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനായ യുവാൻ മെഹിയയും മറ്റൊരു യാത്രക്കാരനായ റിച്ചാർഡ് ഒലെനിക്കും ചേർന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

യുവാവ് ആളുകളെ കടിക്കാനും പ്രതിരോധിക്കാനും ശ്രമിച്ചതോടെ ജീവനക്കാർ സിപ്പ് ടൈകൾ ഉപയോഗിച്ച് കൈകൾ ബന്ധിച്ചു. തുടർന്ന് ഇയാളെ സീറ്റിലിരുത്തി 'ഡക്റ്റ് ടേപ്പ്' ഉപയോഗിച്ച് വിരി‍ഞ്ഞുകെട്ടി. ശ്വാസതടസ്സം ഉണ്ടാകാതിരിക്കാൻ വായ മൂടിയിരുന്നില്ല. അപ്പോളും ഇയാള്‍ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും അലറുകയുമായിരുന്നു. ഇയാള്‍ അനങ്ങാതിരിക്കാന്‍, അടിയന്തര ലാൻഡിംഗിനായി വിമാനം മേരിലാൻഡിൽ ഇറങ്ങുന്നത് വരെ 15 മിനിറ്റോളം സഹയാത്രികനായ റിച്ചാർഡ് ഒലെനിക്ക് ഇയാളുടെ മടിയില്‍ ഇരിക്കേണ്ടിയും വന്നു.

വിമാനം ബോൾട്ടിമോർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ ഉടൻ തന്നെ മേരിലാൻഡ് ട്രാന്സ്പോർട്ടേഷൻ അതോറിറ്റി പൊലീസും എഫ്.ബി.ഐയും ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് വിമാനം ന്യൂആർക്കിലേക്ക് യാത്ര തുടർന്നു. ഇയാൾക്കെതിരെ കേസെടുത്തതായി എഫ്.ബി.ഐ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇയാളുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

അതേസമയം, വിമാനത്തിനുള്ളിലെ അക്രമ സംഭവങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് അമേരിക്കൻ എയർലൈൻസ് പ്രസ്താവനയിലൂടെ അറിയിച്ചു. ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടലിനെയും കമ്പനി പ്രശംസിച്ചു. എഫ്.എ.എ കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ അമേരിക്കയില്‍ 1,160-ലധികം അക്രമ സംഭവങ്ങളാണ് വിമാനങ്ങൾക്കുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിമാന ജീവനക്കാരെ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്ന യാത്രക്കാർക്കെതിരെ ക്രിമിനൽ നടപടികൾക്ക് പുറമെ 43,000 ഡോളറിലധികം (ഏകദേശം 35 ലക്ഷത്തിലധികം രൂപ) പിഴ ചുമത്താനും വിമാനക്കമ്പനികൾക്കും എഫ്.എ.എയ്ക്കും അധികാരമുണ്ട്.

ENGLISH SUMMARY:

A unruly passenger on American Airlines Flight 618 from Dallas/Fort Worth to Newark was restrained using duct tape and zip ties after physically assaulting fellow passengers and hurling racial slurs at a Black flight attendant. The mid-air violent outburst forced the aircraft to make an emergency landing at Baltimore/Washington International Thurgood Marshall Airport in Maryland. The individual was subdued by a retired police officer and another passenger before being handed over to the FBI and Maryland Transportation Authority Police. American Airlines commended the quick response of the crew and reiterated its zero-tolerance policy for unruly behavior.