നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 903 ആയി. നാലായിരത്തിൽ അധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. തൃശൂലി നദിയിൽ വീണ്ടും വെള്ളപ്പൊക്കമുണ്ടായത് രക്ഷാദൗത്യത്തെ ബാധിച്ചു. തുരങ്കങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. ടിബറ്റില്‍ 15 മരണവും സ്ഥിരീകരിച്ചു
രക്ഷാപ്രവർത്തനം ആറാം ദിവസവും തുടരുമ്പോൾ കൂടുതൽ പേരെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷ മങ്ങുകയാണ്. കാണാതായ 4247 പേരിൽ 275 ഇന്ത്യക്കാരുമുണ്ട്. ത്രിശൂലി നദിയിലെ പുതിയ വെള്ളപ്പൊക്കം തിരച്ചിലിനെ ബാധിച്ചു. തൂക്കുപാലം അടക്കം ഒലിച്ചു പോയി.
അപ്പർ ത്രിശൂലി 3A ജലവൈദ്യുതി പദ്ധതി തുരങ്കത്തിൻ്റെ മുകൾ ഭാഗത്ത് രക്ഷാപ്രവർത്തകർ എത്തിയെങ്കിലും ഉള്ളിലേക്ക് കടക്കാനായില്ല. ഏഴു മീറ്ററോളം വ്യാസത്തിൽ വെള്ളം നിറഞ്ഞിരിക്കുകയാണ്. ഉള്ളിൽ നിന്ന് പ്രതികരണമൊന്നും ഇല്ലെന്ന് കരസേന അറിയിച്ചു. വലിയ മഞ്ഞുപാളി ഇടിച്ചു നിരത്തി വേണം അകത്തേക്ക് പ്രവേശിക്കാൻ. ഇന്ത്യൻ തൊഴിലാളികളും തുരങ്കത്തിൽ ഉണ്ടെന്നാണ് സൂചന. മനോഹരമായ ചിത്വാൻ ജില്ല ശ്മശാനമായി മാറി. മൃതദേഹങ്ങൾ ഇവിടെ കൂട്ടത്തോടെ സംസ്‌കരിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഫൊറൻസിക് സംഘം ഡിഎൻഎ പരിശോധനയിൽ സഹായിക്കുന്നുണ്ട്. ആശുപതികൾക്കും ദുരിതാശ്വാസ ക്യാമ്പുകൾക്കും മുന്നിൽ കാണാതായവരുടെ ചിത്രങ്ങളുമായി ബന്ധുക്കൾ ഓടി നടക്കുന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണ്. ഇതുവരെ 9,435 പേരെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തി.