Photo by J.THOMPSON and Handout / NATIONAL PARK SERVICE / AFP

Photo by J.THOMPSON and Handout / NATIONAL PARK SERVICE / AFP

അമേരിക്കയിലെ പ്രശസ്തമായ ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്കിൽ കനത്ത മഴയെ തുടർന്ന് ശക്തമായ പ്രളയം. ബ്രൈറ്റ് എയ്ഞ്ചൽ കാനിയൻ (Bright Angel Canyon), ഫാന്‍റം റാഞ്ച് (Phantom Ranch) പ്രദേശങ്ങളിലുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിൽ ഇരുപതിലധികം സഞ്ചാരികളെ കാണാതായതായാണ് റിപ്പോര്‍ട്ട്. പ്രളയത്തിൽപ്പെട്ട് പ്രദേശത്ത് ഒറ്റപ്പെട്ടുപോയ 62-ലധികം ആളുകളെ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് എയർലിഫ്റ്റ് ചെയ്തിട്ടുണ്ട്. മഴയെ തുടർന്നുണ്ടായ കുത്തൊഴുക്കിൽ നടപ്പാലങ്ങളും പ്രധാന പാതകളും ഒലിച്ചുപോയതയാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് കൊളറാഡോ നദിയിലേക്ക് ഒഴുകുന്ന ബ്രൈറ്റ് ഏഞ്ചൽ ക്രീക്കിൽ വെള്ളപ്പൊക്കമുണ്ടായത്. ബ്രൈറ്റ് എയ്ഞ്ചൽ ക്രീക്കിന് കുറുകെയുള്ള മിക്ക കാൽനടപ്പാലങ്ങളും പൂർണ്ണമായും തകർന്നു. കൂറ്റൻ മരങ്ങളും പാറക്കെട്ടുകളും വൻതോതിൽ അവശിഷ്ടങ്ങളും അടിഞ്ഞുകൂടിയതോടെ കൊളറാഡോ നദിയിലെ ബോട്ട്/റാഫ്റ്റിങ് എന്നിവ താൽക്കാലികമായി നിരോധിച്ചിട്ടുണ്ട്. നാഷണൽ പാർക്ക് സർവീസും അരിസോണ പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റും ചേർന്ന് കോട്ടൺവുഡ് ക്യാമ്പ് ഗ്രൗണ്ട്, ഫാന്‍റം റാഞ്ച് എന്നിവിടങ്ങളിൽ നിന്നാണ് സഞ്ചാരികളെ വ്യോമമാർഗ്ഗം രക്ഷപ്പെടുത്തിയത്.

സംഭവത്തെ തുടര്‍ന്ന്, നോർത്ത് കൈബാബ് ട്രെയിൽ (North Kaibab Trail), ഫാന്‍ം റാഞ്ച് കോട്ടേജുകൾ, ബ്രൈറ്റ് എയ്ഞ്ചൽ ക്യാമ്പ് ഗ്രൗണ്ട്, കൊളറാഡോ നദിക്ക് കുറുകെയുള്ള പ്രധാന പാലങ്ങൾ എന്നിവ പൂർണ്ണമായും അടച്ചു. കനത്ത മഴയ്ക്കും പെട്ടെന്നുള്ള ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വീണ്ടും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, കാണാതായ സഞ്ചാരികളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ഉള്ളവർ അടിയന്തരമായി അന്വേഷണ സംഘത്തെ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ഗ്രാൻഡ് കാന്യന്‍

ലോകത്തിലെ ഏഴു പ്രകൃതിദത്ത അദ്ഭുതങ്ങളിൽ ഒന്നാണ് ഗ്രാൻഡ് കാന്യൻ. അമേരിക്കയിലെ അരിസോണയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതോടനുബന്ധിച്ച് സ്ഥിതിചെയ്യുന്ന ഗ്രാൻഡ് കാന്യൻ ദേശീയോദ്യാനവും അഗാധഗർത്തങ്ങളും മലയിടുക്കുകളും കുത്തനെയുള്ള താഴ്​വരകളും കൂടിച്ചേർന്ന പരിസരപ്രദേശങ്ങളും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒട്ടേറെ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും പേരുകേട്ടതാണ് ഇവിടം. 

ENGLISH SUMMARY:

Flash floods triggered by heavy rains at the Grand Canyon National Park in Arizona, USA, have left more than 20 tourists missing and forced emergency rescue operations. Over 62 stranded visitors were airlifted using helicopters from Bright Angel Canyon, Phantom Ranch, and Cottonwood Campground. The flooding severely damaged footbridges and main trails along Bright Angel Creek, leading authorities to close the North Kaibab Trail and ban rafting activities on the Colorado River as search and rescue efforts continue.