Image: X, @Raindropsmedia1
ന്യൂയോര്‍ക്ക് നഗരത്തില്‍ പെട്ടെന്നുണ്ടായ അതിശക്തമായ മഴയില്‍ മിന്നല്‍പ്രളയം. അതിവേഗത്തിലുളള വെള്ളപ്പാച്ചിലില്‍പ്പെട്ട യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ബസില്‍ വന്നിറങ്ങുന്ന യുവതിയുടെ 15 സെക്കന്റ് ദൈര്‍ഘ്യമുളള ദൃശ്യങ്ങളാണ് പുറത്തുവരുന്നത്.
റോഡുകളില്‍ വെള്ളം നിറഞ്ഞതിനാല്‍ ഡ്രൈവര്‍ക്ക് ബസ് വശത്തേക്ക് ഒതുക്കി നിര്‍ത്താന്‍ സാധിച്ചിരുന്നില്ല. റോഡിന്റെ നടുവിലാണ് ഡ്രൈവര്‍ ബസ് നിര്‍ത്തിയത്. യുവതിക്കുമുന്‍പേ മറ്റൊരാള്‍ ഇറങ്ങി സുരക്ഷിതമായ സ്ഥലത്തേക്ക് മാറി. എന്നാല്‍ യുവതി ഇറങ്ങിയ ഉടന്‍ വെള്ളത്തിന്റെ അതിശക്തമായ പാച്ചിലില്‍പ്പെട്ട് വീഴുകയായിരുന്നു. അരികില്‍ നിന്ന മറ്റൊരാള്‍ യുവതിയെ പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചില്ല.
വിഡിയോ വൈറലായതോടെ ബസ് ഡ്രൈവര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയുടെ ഭാഗത്തുനിന്നുണ്ടായത്. ബസ് അല്‍പം കൂടി വശത്തേക്ക് മാറ്റിനിര്‍ത്തിയിരുന്നെങ്കില്‍ ആ യുവതിക്ക് സുരക്ഷിതമായി ഇറങ്ങാമായിരുന്നുവെന്നും സൈബറിടം പറയുന്നു. വീഴ്ചയില്‍ യുവതിയുടെ തല കോണ്‍ക്രീറ്റില്‍ ഇടിച്ചതു പോലെ തോന്നുന്നുണ്ടെന്നും സുരക്ഷിതയാണോയെന്നും ചോദിക്കുന്നുണ്ട് പലരും.
ബുധനാഴ്ച രാത്രിയിലുണ്ടായ കൊടുങ്കാറ്റും പേമാരിയും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്നും ഡ്രൈനേജ് സംവിധാനം മുങ്ങിപ്പോയെന്നും ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി പറയുന്നു. നാശനഷ്ടങ്ങള്‍ സംഭവിച്ച മേഖലകള്‍ സന്ദര്‍ശിച്ച മംദാനി മണിക്കൂറില്‍ രണ്ടിഞ്ച് മഴ വരെയേ നഗരം നേരിടാന്‍ പാകമായുള്ളൂവെന്നും ആ രീതിയിലാണ് നിര്‍മാണമെന്നും പറയുന്നു. അതിലും ഉയര്‍ന്ന തോതിലാണ് നഗരത്തില്‍ മഴ ലഭിച്ചതെന്നും മംദാനി പറയുന്നു. വെള്ളപ്പൊക്കം, മലിനജല തടസം തുടങ്ങിയ കാര്യങ്ങളില്‍ സഹായത്തിനായി 311 എന്ന നമ്പറിൽ വിളിച്ചാല്‍ മതിയെന്നും മംദാനി അറിയിച്ചു.