അമേരിക്ക തടവിലാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിന്‍ ജയിലിലടച്ചു. ഭൂമിയിലെ നരകം എന്ന വിശേഷണമുള്ള ജയില്‍ ക്രൂര പീഡനങ്ങള്‍ക്ക് കുപ്രസിദ്ധമാണ്.
മന്‍ഹാറ്റിനിലെയും ബ്രൂക്‌ലിനിലെയും ഫെഡറൽ കോടതികളിൽ വിചാരണ കാത്തിരിക്കുന്ന ഗുണ്ടാസംഘാംഗങ്ങളും ലഹരിമരുന്ന് കടത്തുകാരും മുതൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽപ്പെട്ടവർ വരെ ബ്രൂക്‌ലിന്‍ ജയിലുണ്ട്. സഹ തടവുകാരുടെ മര്‍ദനത്തില്‍ തടവുകാര്‍ക്ക് മാരകമായി പരുക്കേല്‍ക്കുന്നതും കൊല്ലപ്പെടുന്നതും ബ്രുക്‌ലിന്‍ ജയലിനെ കുപ്രസിദ്ധമാക്കി.
1990 ല്‍ തുറന്ന ജയില്‍ പരാതികളെ തുടര്‍ന്ന് 2021ല്‍ ജയില്‍ കുറച്ചുകാലം അടച്ചുപൂട്ടിയിരുന്നു. ഇവിടെ തടവുകാരനാകുന്ന രണ്ടാമത്തെ രാഷ്ട്രത്തലവനാണ് മഡൂറോ. യു.എസിലേക്ക് കൊക്കെയ്ന്‍ കടത്തിയ കേസില്‍ ഹോണ്ടുറാസിന്റെ മുൻ പ്രസിഡന്റ് ഹ്വാൻ ഒർലാൻഡോ ഹെർണാണ്ടസും ഇവിടെ തടവില്‍ കഴിഞ്ഞിട്ടുണ്ട്. നിലവില്‍ മുറിയില്‍ ഒറ്റയ്ക്കാണ് മഡൂറോയെ പാര്‍പ്പിച്ചിരിക്കുന്നത്.
മുറിയില്‍ നിന്ന് പുറത്തിറങ്ങിയാല്‍ മഡൂറോയ്ക്ക് പരിചയക്കാരെയും കാണാം. വെനസ്വേലയുടെ മുൻ ചാരത്തലവനായ ഹ്യൂഗോ കാർവഹാല്‍ ഇവിടെ തടവുകാരനാണ്. വെനസ്വേലയിലെ കുപ്രസിദ്ധ 'ട്രെൻ ഡി അരാഗ്വ' ഗുണ്ടാസംഘത്തിലെ അംഗമെന്ന് കരുതുന്ന ആൻഡേഴ്സൺ സംബ്രാനോ-പച്ചേക്കോയും ഇവിടെയുണ്ട്.