newyork-shooting

ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിനില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ യുവാക്കള്‍ നടത്തിയ വെടിവയ്പ്പില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഉച്ചയ്ക്ക് 1.20നാണ് സംഭവം. ഫുട്പാത്തിനോട് ചേര്‍ന്ന സ്ഥലത്തുനിന്ന ആളുകള്‍ക്കുനേരെയാണ് മോപ്പെഡ് ഓടിച്ചുപോയ രണ്ടുപേര്‍ വെടിയുതിര്‍ത്തത്. എന്നാല്‍ ലക്ഷ്യംതെറ്റി വെടിയുണ്ട സമീപത്ത് ബേബി സ്ട്രോളറില്‍ ഇരുത്തിയിരുന്ന കുഞ്ഞിന്‍റെ ദേഹത്ത് കൊള്ളുകയായിരുന്നു. കുഞ്ഞ് തല്‍ക്ഷണം മരിച്ചു.

ഒട്ടേറെപ്പേര്‍ സൈഡ് വാക്കിലും പരിസരത്തും നടക്കുകയും വിശ്രമിക്കുകയും ചെയ്തിരുന്ന സമയത്താണ് അപ്രതീക്ഷിതമായി വെടിവയ്പ്പുണ്ടായത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണ് വെടിവയ്പ്പെന്നാണ് പൊലീസ് നിഗമനം. വെടിവച്ചശേഷം അതിവേഗത്തില്‍ പാഞ്ഞ മോപ്പെഡ് എതിരെ വന്ന കാറിലിടിച്ച് രണ്ട് യുവാക്കളും തെറിച്ചുവീണു. സാരമായി പരുക്കേറ്റ ഒരു പ്രതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാമനുവേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇതിനായി പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കി പരിശോധിക്കുന്നുണ്ട്. 

കൊല്ലപ്പെട്ട കുഞ്ഞിന്‍റെ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും ദുഖം വിവരണാതീതമാണെന്ന് ന്യൂയോര്‍ക്ക് മേയര്‍ സോറാന്‍ മംദാനി പറഞ്ഞു. അവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ല. തോക്കുപയോഗം കര്‍ശനമായി നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുന്നതാണ് സംഭവമെന്നും മംദാനി പറഞ്ഞു. 

mamdani-briefing

മംദാനി ഭരണകൂടം ന്യൂയോര്‍ക്കില്‍ അധികാരത്തിലെത്തിയശേഷം കൊലപാതകങ്ങളും അക്രമങ്ങളും ഗണ്യമായി കുറ‍ഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ആദ്യത്തെ മൂന്നുമാസം കൊലപാതകങ്ങളുടെ എണ്ണത്തില്‍ 29 ശതമാനം കുറവാണ് ഉണ്ടായത്. ദശകങ്ങള്‍ക്കിടെ കൊലപാതകങ്ങളും വെടിവയ്പ്പും ഏറ്റവും കുറഞ്ഞ ത്രൈമാസം എന്ന നേട്ടത്തിലേക്ക് അടുക്കുമ്പോഴാണ് ബ്രൂക്‌ലിനിലെ കുഞ്ഞിന്‍റെ മരണം. 

Tragic Daylight Shooting in Brooklyn: 7-Month-Old Infant Killed in Stroller:

A seven-month-old infant was tragically killed in Brooklyn, New York, after being caught in the crossfire of a daylight gang-related shooting. Two suspects on a moped opened fire on a crowd at approximately 1:20 PM, but a stray bullet struck the child who was sitting in a baby stroller nearby. Following the shooting, the suspects crashed their moped into a car; one suspect is currently hospitalized under police custody while the second remains at large. New York officials have expressed deep condolences, noting that this tragedy occurs despite a recent 29% decrease in the city's homicide rates.