Image Credit: x, Wikipedia
അമേരിക്കന്‍ വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനം മോസ്കോയിലെ വ്യൂകോവോയില്‍ ലാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് റഡാര്‍ 24ന്‍റെ ഡേറ്റയിലാണ് ഇക്കാര്യമുള്ളത്. അതേസമയം, വിമാനത്തെ കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നാണ് റഷ്യയുടെ പ്രതികരണം. അമേരിക്കന്‍ റജിസ്ട്രേഷനുള്ള ബോയിങിന്‍റെ ഗ്ലോബ്മാസ്റ്റര്‍ വിമാനം ലാത്വിയയിലെ റീഗയില്‍ നിന്നാണ് മോസ്കോയില്‍ ഇറങ്ങിയതെന്ന് റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, യുഎസ് സര്‍ക്കാര്‍ പ്രതിനിധികളുമായി ഈ ആഴ്ചയില്‍ ഒരു തരത്തിലുമുള്ള ചര്‍ച്ചകള്‍ക്ക് പദ്ധതിയില്ലെന്നായിരുന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെഷ്കോവിന്‍റെ പ്രതികരണം.
ഓഗസ്റ്റ് 23ന് വാഷിങ്ടണ്‍ ഡിസിക്കടുത്തുള്ള യുഎസ് ക്യാംപ് സ്പ്രിങ്സില്‍ നിന്നാണ് റിഗയിലേക്ക് വിമാനമെത്തിയത്. ഉച്ചകഴിഞ്ഞാണ് വിാനം മെരിലാന്‍ഡിലെ ജോയിന്‍റ് ബേസ് ആയ ആന്‍ഡ്രൂസില്‍ നിന്ന് പുറപ്പെട്ടതെന്നും ഡേറ്റ വ്യക്തമാക്കുന്നു. യുഎസ് പ്രസിഡന്‍റും മറ്റ് നയതന്ത്ര ഉന്നതരും ഔദ്യോഗിക യാത്രകള്‍ക്കായി ഉപയോഗിക്കുന്ന താവളമാണിത്. ജനുവരിയിലാണ് ഏറ്റവും ഒടുവിലായി അമേരിക്കന്‍ റജിസ്ട്രേഡ് വിമാനം യൂറോപ്പില്‍ നിന്ന് നേരിട്ട് റഷ്യയിലേക്ക് എത്തിയത്. യുഎസ് പ്രത്യേക പ്രതിനിധികളായ സ്റ്റീവന്‍ വിറ്റ്കോഫും ജാറെഡ് കുഷ്നറുമായിരുന്നു അന്ന് യുക്രെയ്ന്‍ വിഷയം പുട്ടിനുമായി ചര്‍ച്ച ചെയ്യാന്‍ റഷ്യയിലേക്ക് എത്തിയത്.
യുഎസ് വിമാനത്തിന്‍റെ വരവില്‍ ദുരൂഹത? രഹസ്യമെന്ത്?
ദീര്‍ഘദൂര യാത്രയ്ക്ക് പര്യാപ്തമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന C-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം മോസ്കോയില്‍ ലാന്‍ഡ് ചെയ്തെന്ന വാര്‍ത്തയ്ക്ക് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. സുപ്രധാന തടവുകാരന്‍റെ കൈമാറ്റവുമായി ബന്ധപ്പെട്ടാണ് വിമാനമെത്തിയതെന്നാണ് രാജ്യാന്തര മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ മുന്‍ യുഎസ് മറീന്‍ റോബര്‍ ഗില്‍മാന്‍റെ മോചനത്തിന് സമാനമായി എന്തോ നടക്കുന്നുവെന്ന വ്യാഖ്യാനങ്ങളും പ്രചരിക്കുന്നുണ്ട്.